യുകെയിൽ വിമാന സർവീസുകൾ ഏറ്റവുമധികം വൈകുന്നത് മാഞ്ചസ്റ്റർ എയർപോർട്ടിൽ; രണ്ടാമത് ബിർമിങ്ഹാം

May 5, 2026 - 19:13
 0
യുകെയിൽ വിമാന സർവീസുകൾ ഏറ്റവുമധികം വൈകുന്നത് മാഞ്ചസ്റ്റർ എയർപോർട്ടിൽ; രണ്ടാമത് ബിർമിങ്ഹാം

യുകെയില്‍ വിമാന സര്‍വീസുകള്‍ക്ക് ഏറ്റവുമധികം താമസം നേരിടുന്ന എയര്‍പോര്‍ട്ടുകളുടെ പട്ടിക പുറത്ത്. ശരാശരി 19 മിനിറ്റ് 30 സെക്കന്റ് സമയം സര്‍വീസുകള്‍ വൈകുന്ന മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടാണ് പട്ടികയില്‍ ഒന്നാമത്. കഴിഞ്ഞ വര്‍ഷത്തെ ഫ്‌ളൈറ്റ് ഡിലേകളുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന സിവില്‍ ഏവിയേഷന്‍ അതോറിറ്റി (സിഎഎ) റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി പ്രസ്സ് അസോസിയേഷനാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

രാജ്യത്തെ ഏറ്റവും തിരക്കേറിയ മൂന്നാമത്തെ എയര്‍പോര്‍ട്ടും, ലണ്ടനിലെ ഹീത്രൂ അല്ലാതെ രണ്ട് റണ്‍വേകളുള്ള ഏക എയര്‍പോര്‍ട്ടുമാണ് മാഞ്ചസ്റ്റര്‍. അതേസമയം 2024-നെ അപേക്ഷിച്ച് 2025-ല്‍ മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടിലെ ഫ്‌ളൈറ്റ് ഡിലേ സമയത്തില്‍ 30 സെക്കന്റ് കുറവ് സംഭവിച്ചിട്ടുണ്ട്. 32 ദശലക്ഷം യാത്രക്കാരാണ് കഴിഞ്ഞ വര്‍ഷം ഈ എയര്‍പോര്‍ട്ടിലൂടെ കടന്നുപോയത്.

എയര്‍പോര്‍ട്ടില്‍ വിമാന സര്‍വീസുകള്‍ വൈകുന്നത് തങ്ങളുടെ നിയന്ത്രണത്തിന് അപ്പുറത്തുള്ള കാര്യങ്ങള്‍ കൊണ്ടാണെന്നാണ് മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ട് അധികൃതര്‍ റിപ്പോര്‍ട്ടിനോട് പ്രതികരിച്ചിരിക്കുന്നത്. പ്രശ്‌നത്തിന് പ്രധാന കാരണമായി അവര്‍ പറയുന്നത് കഴിഞ്ഞ വര്‍ഷം യൂറോപ്പില്‍ നടന്ന ജീവനക്കാരുടെ സമരവും, പ്രതികൂല കാലാവസ്ഥയുമാണ്.

ഫ്‌ളൈറ്റ് ഡിലേകളുടെ കാര്യത്തില്‍ പട്ടികയില്‍ രണ്ടാമതെത്തിയിരിക്കുന്നത് ബിര്‍മ്മിങ്ഹാം എയര്‍പോര്‍ട്ടാണ്. ശരാശരി 18 മിനിറ്റ് 42 സെക്കന്റാണ് ഇവിടെ സര്‍വീസുകള്‍ വൈകുന്നത്. 17 മിനിറ്റ് 18 സെക്കന്റ് സര്‍വീസ് വൈകുന്ന ബോണ്‍മൗത്ത് എയര്‍പോര്‍ട്ടാണ് മൂന്നാമത്. സതാംപ്റ്റണ്‍ (16 മിനിറ്റ് 36 സെക്കന്റ്), ഗാറ്റ്വിക്ക് (16 മിനിറ്റ് 24 സെക്കന്റ്) എന്നിവയാണ് യഥാക്രമം നാല്, അഞ്ച് സ്ഥാനങ്ങളില്‍.

ഒമ്പത് മിനിറ്റും 24 സെക്കന്റും ഫ്‌ളൈറ്റ് ഡിലേ വരുന്ന ലിവര്‍പൂള്‍ ജോണ്‍ ലെനന്‍ എയര്‍പോര്‍ട്ടാണ് പട്ടികയില്‍ ഏറ്റവും താഴെ.

രാജ്യത്തെ 23 കൊമേഴ്ഷ്യല്‍ എയര്‍പോര്‍ട്ടുകളില്‍ നിന്നും കഴിഞ്ഞ വര്‍ഷം ഷെഡ്യൂള്‍ഡ് ആയും, ചാര്‍ട്ടേര്‍ഡ് ആയും സര്‍വീസ് നടത്തിയ 1,000 വിമാനങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. രാജ്യത്തെ എയര്‍പോര്‍ട്ടുകളിലെ ശരാശരി ഫ്‌ളൈറ്റ് ഡിലേ സമയം 14 മിനിറ്റ് 54 സെക്കന്റ് ആണെന്നും ഇതുവഴി കണ്ടെത്തിയിട്ടുണ്ട്. 2024-ല്‍ ഇത് 18 മിനിറ്റ് 24 സെക്കന്റ് ആയിരുന്നു.

Webadmin UK Malayali News editorial team brings the latest UK news, immigration updates, community stories and important information for Malayali readers in the United Kingdom.
ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.