ഗ്ലാസ്‌ഗോ മേളയിൽ ചരിത്രമായി ഓട്ടൻതുള്ളൽ; സ്‌കോട്ട്‌ലൻഡിൽ ആദ്യം
ഗ്ലാസ്‌ഗോ മേളയിൽ മണലൂർ ഗോപിനാഥന്റെ നേതൃത്വത്തിൽ ഓട്ടൻതുള്ളൽ ആദ്യമായി സ്‌കോട്ട്‌ലൻഡിൽ തത്സമയം അരങ്ങേറി.
ലണ്ടൻ : കേരളത്തിന്റെ പാരമ്പര്യ കലാരൂപമായ ഓട്ടൻതുള്ളൽ ആദ്യമായി സ്‌കോട്ട്‌ലൻഡിൽ തത്സമയം അരങ്ങേറി. ഗ്ലാസ്‌ഗോ മേളയുടെ വേദിയിൽ പ്രശസ്ത ഓട്ടൻതുള്ളൽ കലാകാരൻ മണലൂർ ഗോപിനാഥനാണ് വിവിധ രാജ്യങ്ങളിൽനിന്നും വ്യത്യസ്ത സാംസ്‌കാരിക പശ്ചാത്തലങ്ങളിലുള്ള നൂറുകണക്കിന് കാണികൾക്ക് മുന്നിൽ ഓട്ടൻതുള്ളൽ അവതരിപ്പിച്ചത്.
കഥയും സംഗീതവും താളവും ഭാവാഭിനയവും ഒന്നിച്ചുചേർന്ന അവതരണം സദസ്സിന് വേറിട്ട സാംസ്‌കാരിക അനുഭവമായി. പ്രകടനത്തിന് മൃദംഗത്തിൽ നാടകപ്രവർത്തകനും നിർമാതാവും താളവാദ്യ കലാകാരനുമായ മനോജ് ശിവയും, ഇടയ്ക്കയിൽ സൗത്ത് ഏഷ്യൻ നെറ്റ്‌വർക്ക് (SAN TV) സ്ഥാപകനും എഡിറ്ററും താളവാദ്യ കലാകാരനുമായ രഞ്ജിത്ത് ശങ്കരനാരായണനും അകമ്പടി നൽകി. മണലൂർ ഗോപിനാഥന്റെ മകളും കേരള സ്കൂൾ കലോത്സവത്തിലെ മുൻ കലാതിലകവുമായ ബബിത ബിമൽ പിന്നണിഗായികയായി. ഭാഷയുടെയും ദേശത്തിന്റെയും അതിരുകൾ മറികടന്ന അവതരണം തുടക്കം മുതൽ അവസാനം വരെ കാണികളെ ആകർഷിച്ചു.
ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി നിരവധി വേദികളിൽ ഓട്ടൻതുള്ളൽ അവതരിപ്പിച്ചിട്ടുള്ള മണലൂർ ഗോപിനാഥൻ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനാണ്. ഓട്ടൻതുള്ളലിന്റെ സംരക്ഷണത്തിനും പ്രചാരണത്തിനും അദ്ദേഹം നൽകിവരുന്ന സംഭാവന ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ ‘പകർന്നാട്ടം’ പദ്ധതിക്ക് 2024-ൽ വേൾഡ് അലയൻസ് ഓഫ് ആർട്സിൽ പ്രത്യേക പരാമർശവും ലഭിച്ചിരുന്നു. കേരളത്തിന്റെ പാരമ്പര്യ കലാപൈതൃകത്തെ അന്താരാഷ്ട്ര വേദിയിലെത്തിച്ച ഈ അവതരണം ഗ്ലാസ്‌ഗോ മേളയിലെ ശ്രദ്ധേയ സാംസ്‌കാരിക മുഹൂർത്തങ്ങളിലൊന്നായി മാറിയതായും, യുകെയിൽ കേരള കലകളും സാംസ്‌കാരിക പരിപാടികളും കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ Openfolk CICയും South Asian Network (SAN TV)യും നിർണായക പങ്കുവഹിച്ചുവരുന്നതായും സംഘാടകർ അറിയിച്ചു.
Ottan Thullal was performed live in Scotland for the first time at the Glasgow Mela.
