ഗർഭിണികൾക്കായി പ്രത്യേക എമർജൻസി വിഭാഗം വേണം; യുകെ മാതൃപരിചരണ സംവിധാനത്തിൽ വൻ മാറ്റം ശുപാർശ ചെയ്ത് റിപ്പോർട്ട്
യുകെയിലെ മാതൃപരിചരണ സംവിധാനത്തിൽ സമഗ്രമായ മാറ്റം വേണമെന്നും ഗർഭിണികൾക്കായി പ്രത്യേക മാറ്റേണിറ്റി എമർജൻസി വിഭാഗങ്ങൾ ആരംഭിക്കണമെന്നും ദേശീയ അവലോകന റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.
ലണ്ടൻ : യുകെയിലെ മാതൃപരിചരണ സംവിധാനത്തിൽ സമഗ്രമായ മാറ്റം വരുത്തണമെന്നും ഗർഭിണികൾക്കായി പ്രത്യേക മാറ്റേണിറ്റി എമർജൻസി വിഭാഗങ്ങൾ ആരംഭിക്കണമെന്നും ദേശീയ അവലോകന റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. കുഞ്ഞുങ്ങൾ അപകടത്തിലാകുന്ന ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയാൻ ആശുപത്രികളിൽ പ്രത്യേക ട്രിയാജ് സംവിധാനം വേണമെന്നാണ് ബറോണസ് അമോസ് അധ്യക്ഷയായ സമിതിയുടെ പ്രധാന നിർദേശം. മുതിർന്ന മിഡ്‌വൈഫുമാരും പ്രസവവിദഗ്ധരും 24 മണിക്കൂറും ലഭ്യമാക്കണമെന്നും ഗർഭിണികളുടെ ആശങ്കകൾ പലപ്പോഴും അധികൃതർ ഗൗരവമായി എടുത്തില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഇംഗ്ലണ്ടിലെ വിവിധ ആശുപത്രികളിലുണ്ടായ വിവാദങ്ങളുടെയും ഒഴിവാക്കാമായിരുന്ന മരണങ്ങളുടെയും പശ്ചാത്തലത്തിലാണ് റിപ്പോർട്ട്. നോട്ടിംഗ്ഹാം എൻഎച്ച്എസ് ട്രസ്റ്റിൽ മാത്രം 2012 മുതൽ 520 കേസുകളിൽ മരണമോ ഗുരുതര വീഴ്ചയോ സംഭവിച്ചതായി കണ്ടെത്തിയിരുന്നു. മതിയായ മുതിർന്ന ഡോക്ടർമാർ ഇല്ലാത്ത ചെറിയ മാതൃവിഭാഗങ്ങൾ അടച്ചുപൂട്ടാനും ബാധിക്കപ്പെട്ട കുടുംബങ്ങൾക്ക് സ്വതന്ത്ര അന്വേഷണം ഉറപ്പാക്കാനും നിർദേശമുണ്ട്. സ്വന്തം വീഴ്ചകൾ ആശുപത്രികൾ തന്നെ സ്വയം പരിശോധിക്കുന്ന രീതിക്കെതിരെയും റിപ്പോർട്ടിൽ വിമർശനമുണ്ട്.
മാതൃപരിചരണ രംഗത്ത് വംശീയതയും വിവേചനവും നിലനിൽക്കുന്നുണ്ടെന്നും കറുത്ത വർഗക്കാരായ സ്ത്രീകളിലെ മാതൃമരണ നിരക്ക് വെള്ളക്കാരെ അപേക്ഷിച്ച് മൂന്നിരട്ടിയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മറ്റ് ന്യൂനപക്ഷ വിഭാഗങ്ങൾക്കും മോശം അനുഭവം ഉണ്ടായതായി പരാതിയുണ്ട്. വലിയ ജനകീയ പങ്കാളിത്തത്തോടെ തയ്യാറാക്കിയ ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ യുകെയിലെ ആദ്യ മാറ്റേണിറ്റി ആൻഡ് നിയോണേറ്റൽ കമ്മീഷണറെ നിയമിക്കുമെന്ന് സർക്കാർ അറിയിച്ചെങ്കിലും, പൂർണ്ണമായ പൊതു അന്വേഷണം വേണമെന്ന ആവശ്യത്തിൽ ചില കുടുംബങ്ങൾ ഉറച്ചുനിൽക്കുകയാണ്.
