ബ്രിട്ടനെ ‘അഴിച്ചുപണിയു’മെന്ന ബേൺഹാമിന്റെ പദ്ധതി ചെലവേറിയതാകുമോ? സാമ്പത്തിക വ്യക്തതയില്ലെന്ന് വിമർശനം
ബ്രിട്ടന്റെ ഭരണരീതി തന്നെ മാറ്റിമറിക്കുമെന്ന ആൻഡി ബേൺഹാമിന്റെ പുതിയ വാഗ്ദാനം വലിയ രാഷ്ട്രീയ ചർച്ചയായി മാറുന്നു.
ലണ്ടൻ : ബ്രിട്ടന്റെ ഭരണരീതി തന്നെ മാറ്റിമറിക്കുമെന്ന ആൻഡി ബേൺഹാമിന്റെ പുതിയ വാഗ്ദാനം വലിയ രാഷ്ട്രീയ ചർച്ചയായി മാറുന്നു. അധികാരം ലണ്ടനിലെ വൈറ്റ്‌ഹാളിൽ നിന്ന് വിവിധ പ്രദേശങ്ങളിലേക്ക് മാറ്റി, എല്ലാ പോസ്റ്റ്‌കോഡിലും മികച്ച വളർച്ച ഉറപ്പാക്കുമെന്നാണ് ബേൺഹാമിന്റെ നിലപാട്. എന്നാൽ ഈ വൻ ഭരണപരിഷ്കാരത്തിന് എത്ര ചെലവ് വരും, അതിന് പണം കണ്ടെത്തുന്നത് എങ്ങനെ, നികുതി ഉയരുമോ, കടമെടുപ്പ് കൂടുമോ, മറ്റ് മേഖലകളിൽ ചെലവ് കുറയ്ക്കുമോ തുടങ്ങിയ നിർണായക ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകിയിട്ടില്ലെന്നാണ് വിമർശനം.
പത്ത് വർഷം നീളുന്ന വലിയ മാറ്റത്തിനാണ് ബേൺഹാം ജനങ്ങളുടെ പിന്തുണ തേടുന്നത്. യുദ്ധാനന്തര കാലത്തിന് ശേഷമുള്ള ഏറ്റവും വലിയ കൗൺസിൽ ഹൗസ് നിർമാണ പദ്ധതി, വിലകുറഞ്ഞ വൈദ്യുതി, വ്യവസായവൽക്കരണം, പിന്നാക്ക പ്രദേശങ്ങളുടെ നവീകരണം തുടങ്ങിയ വാഗ്ദാനങ്ങളാണ് അദ്ദേഹം മുന്നോട്ടുവയ്ക്കുന്നത്. എന്നാൽ വലിയ പദ്ധതികൾ പ്രഖ്യാപിക്കുമ്പോൾ അതിന്റെ സാമ്പത്തിക ബാധ്യതയും പ്രായോഗികതയും വ്യക്തമാക്കേണ്ടതുണ്ടെന്നാണ് വിമർശകരുടെ വാദം. മൂലധന ലാഭ നികുതി ഉയർത്തൽ, ഭൂമിവില അടിസ്ഥാനമാക്കിയുള്ള നികുതി, പെൻഷൻ ട്രിപ്പിൾ ലോക്കിൽ മാറ്റം തുടങ്ങിയ സാധ്യതകൾ ചർച്ചയിലുണ്ടെങ്കിലും ഇവയെക്കുറിച്ച് പ്രസംഗത്തിൽ ബേൺഹാം വ്യക്തമായി പരാമർശിച്ചില്ലെന്നും വിമർശനമുണ്ട്.
ഗ്രേറ്റർ മാഞ്ചസ്റ്റർ മേയറായിരുന്ന കാലത്തെ മാഞ്ചസ്റ്റർ മാതൃക രാജ്യവ്യാപകമായി നടപ്പാക്കാനാണ് ബേൺഹാം ശ്രമിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചില പ്രവർത്തനങ്ങൾ മാഞ്ചസ്റ്ററിലേക്ക് മാറ്റുന്ന നമ്പർ 10 നോർത്ത് ആശയവും ഇതിന്റെ ഭാഗമാണ്. എന്നാൽ മാഞ്ചസ്റ്ററിലെ വളർച്ചാ ഫണ്ട് ആഡംബര കെട്ടിട വികസനങ്ങൾക്ക് ഉപയോഗിച്ചതായും സാമൂഹിക ഭവന നിർമാണത്തിൽ പ്രതീക്ഷിച്ച പുരോഗതി ഉണ്ടായില്ലെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. കുറഞ്ഞ സാമ്പത്തിക വളർച്ച, ഉയരുന്ന തൊഴിലില്ലായ്മ, വൻ ദേശീയ കടം തുടങ്ങിയ വെല്ലുവിളികളുള്ള സമയത്ത് ഭരണകേന്ദ്രം മാറ്റുന്നത് മാത്രം സാമ്പത്തിക പ്രതിസന്ധികൾക്ക് പരിഹാരമാകുമോയെന്ന ചോദ്യവും ഉയരുന്നു.
