യുകെയുടെ അടുത്ത പ്രധാനമന്ത്രി പദവിയിലേക്ക് ആൻഡി ബേൺഹാം; ആദ്യദിനം 322 ലേബർ എംപിമാരുടെ പിന്തുണ
ലേബർ നേതൃത്വ നാമനിർദേശത്തിന്റെ ആദ്യദിനം 322 എംപിമാരുടെ പിന്തുണ നേടി ആൻഡി ബേൺഹാം പ്രധാനമന്ത്രി പദവിയിലേക്ക് അടുത്തു.
ലണ്ടൻ : യുകെയുടെ അടുത്ത പ്രധാനമന്ത്രിയാകാനുള്ള സാധ്യത ശക്തമാക്കി ലേബർ നേതൃത്വ സ്ഥാനാർഥി ആൻഡി ബേൺഹാമിന് നാമനിർദേശ നടപടികളുടെ ആദ്യദിനം തന്നെ 322 പാർലമെന്റ് അംഗങ്ങളുടെ പിന്തുണ ലഭിച്ചു. എതിരില്ലാതെ പാർട്ടി നേതാവായി തിരഞ്ഞെടുക്കപ്പെടാൻ ആവശ്യമായ പരിധിയിലെത്താൻ ഒരു എംപിയുടെ പിന്തുണ കൂടി മാത്രമാണ് വേണ്ടത്. മറ്റൊരു സ്ഥാനാർഥിയും നിലവിൽ മത്സരരംഗത്ത് എത്തിയിട്ടില്ലാത്തതിനാൽ ബേൺഹാമിന്റെ വിജയം ഏറെക്കുറെ ഉറപ്പായെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
പാർട്ടിക്കുള്ളിലെ പ്രവർത്തനരീതിയിൽ മാറ്റം കൊണ്ടുവരുമെന്നും ലേബർ എംപിമാരുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്നും ബേൺഹാം വ്യക്തമാക്കിയിട്ടുണ്ട്. എംപിമാരുടെ പ്രതിവാര യോഗങ്ങളിൽ പങ്കെടുക്കുമെന്നും പാർലമെന്റിലെ പ്രധാന വിഷയങ്ങളിൽ അവർക്കൊപ്പം പ്രവർത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.
നാമനിർദേശ നടപടികൾ പൂർത്തിയാകുന്നതുവരെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കേണ്ടിവരും. മറ്റൊരു സ്ഥാനാർഥി ആവശ്യമായ പിന്തുണ നേടി രംഗത്തെത്താത്ത പക്ഷം ബേൺഹാം എതിരില്ലാതെ ലേബർ നേതാവായി പ്രഖ്യാപിക്കപ്പെടും. ഭരണകക്ഷിയുടെ നേതാവാകുന്നതോടെ അദ്ദേഹം യുകെയുടെ അടുത്ത പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്നതിനുള്ള നടപടികളും ആരംഭിക്കും.
English Summary: Andy Burnham is one nomination away from securing the Labour leadership after receiving support from 322 MPs.
