യൂറോപ്യൻ യൂണിയനുമായി കൂടുതൽ അടുക്കണം; വിമുഖത കാണിക്കുന്നത് കടമയിൽ നിന്നുള്ള ഒളിച്ചോട്ടമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി
UK Prime Minister Andy Burnham urged MPs to embrace closer ties with the EU to boost economic growth and tackle illegal immigration, warning that failing to pursue a better deal would be a major dereliction of duty. PNG
ലണ്ടൻ : ബ്രെക്‌സിറ്റ് ബ്രിട്ടന് ഉണ്ടാക്കിയ സാമ്പത്തിക ആഘാതങ്ങൾ അംഗീകരിക്കാനും യൂറോപ്യൻ യൂണിയനുമായി (ഇയു) കൂടുതൽ അടുത്ത ബന്ധം സ്ഥാപിക്കാനും പാർലമെന്റ് അംഗങ്ങളോട് ആവശ്യപ്പെട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി ആൻഡി ബേൺഹാം. പാർലമെന്റ് സമ്മേളനം പുനരാരംഭിച്ച ആദ്യദിനം ഹൗസ് ഓഫ് കോമൺസിനെ അഭിസംബോധന ചെയ്ത അദ്ദേഹം, ഇയുവുമായി മികച്ചൊരു ധാരണയുണ്ടാക്കാൻ ശ്രമിക്കാതിരിക്കുന്നത് വലിയ ഉത്തരവാദിത്ത ലംഘനവും കടമയിൽ നിന്നുള്ള ഒളിച്ചോട്ടവുമാകുമെന്ന് മുന്നറിയിപ്പ് നൽകി. യുകെ-ഇയു ഉച്ചകോടി ഉടൻ നടക്കാനിരിക്കെ, സാമ്പത്തിക വളർച്ച തിരിച്ചുപിടിക്കാനും അനധികൃത കുടിയേറ്റം തടയാനും യൂറോപ്പുമായുള്ള സഹകരണം അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ബ്രെക്‌സിറ്റ് വാഗ്ദാനം ചെയ്ത നേട്ടങ്ങൾ ജനങ്ങൾക്ക് ലഭിച്ചില്ലെന്ന യാഥാർഥ്യം പല രാഷ്ട്രീയക്കാരും ഉൾക്കൊള്ളാൻ മടിക്കുകയാണെന്ന് നമ്പർ 10 ഡൗണിങ് സ്ട്രീറ്റ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. യുകെ വീണ്ടും യൂറോപ്യൻ യൂണിയനിൽ അംഗമാകണമെന്ന് ആവശ്യപ്പെട്ട് 1.11 ലക്ഷത്തിലധികം പേർ ഒപ്പിട്ട നിവേദനം വെസ്റ്റ്മിൻസ്റ്റർ ഹാളിൽ ചർച്ചയ്ക്കെടുക്കുന്ന അതേ ദിവസമാണ് പ്രധാനമന്ത്രിയുടെ നിർണായക പ്രസ്താവന. മുൻ പ്രധാനമന്ത്രി കെയർ സ്റ്റാർമറുടെ നിലപാടുകളിൽ നിന്ന് വ്യത്യസ്തമായി, ഇയു സിംഗിൾ മാർക്കറ്റിലേക്കും കസ്റ്റംസ് യൂണിയനിലേക്കും മടങ്ങുന്നതുൾപ്പെടെയുള്ള സാധ്യതകൾ തുറന്നിടുന്ന നയമാണ് ബേൺഹാം മുന്നോട്ടുവെക്കുന്നത്. കൂടാതെ, 2016-ലെ ബ്രെക്‌സിറ്റ് ഹിതപരിശോധനയിൽ റഷ്യ ഇടപെട്ടതായി തനിക്ക് സ്ഥിരീകരണം ലഭിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം വെളിപ്പെടുത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിരുന്നു.
അതേസമയം, ഭക്ഷ്യ-കാർഷിക വ്യാപാരത്തിലെ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതുൾപ്പെടെ യൂറോപ്പുമായി അടുക്കാനുള്ള ലേബർ സർക്കാരിന്റെ നീക്കങ്ങളെ എതിർക്കുമെന്ന് പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ അതിർത്തിയിലെ പരിശോധനകളും രേഖകളുടെ നൂലാമാലകളും ഒഴിവാക്കിയില്ലെങ്കിൽ ചെലവും അനിശ്ചിതത്വവും ഇനിയും വർധിക്കുമെന്ന് വ്യവസായ രംഗത്തെ പ്രമുഖർ മുന്നറിയിപ്പ് നൽകുന്നു. ബ്രെക്‌സിറ്റ് അനുകൂല മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്ന ലേബർ പാർട്ടിയിലെ ചില എംപിമാർക്കിടയിലും പഴയ രാഷ്ട്രീയ ഭിന്നതകൾ വീണ്ടും സജീവമാകുമോ എന്ന ആശങ്ക ഉയരുന്നുണ്ടെങ്കിലും, അടിയന്തര വ്യാപാര തടസ്സങ്ങൾ നീക്കുന്നതിലാണ് സർക്കാർ ഇപ്പോൾ പ്രഥമ പരിഗണന നൽകുന്നത്.
