യുകെയിൽ മലയാളി കെയർ വർക്കറുടെ പോരാട്ടത്തിന് ചരിത്ര വിജയം; കമ്പനി 30,000 പൗണ്ട് നഷ്ടപരിഹാരം നൽകണം
ലണ്ടൻ : യുകെയിൽ കെയർ വിസയിലെത്തിയിട്ടും ഒരു വർഷത്തോളം ജോലി നൽകാതെ വഞ്ചിച്ച തൊഴിലുടമയ്‌ക്കെതിരെ മലയാളി യുവാവിന് എംപ്ലോയ്‌മെന്റ് ട്രൈബ്യൂണലിൽ ചരിത്ര വിജയം. Swan Care Solutions Ltd എന്ന കമ്പനിക്കെതിരെ നിയമപോരാട്ടം നടത്തിയ കേരളത്തിൽ നിന്നുള്ള 33 വയസ്സുകാരനായ ഷാബിൻ ഷാജിക്കാണ് അനുകൂല വിധി ഉണ്ടായത്. ജോലി നൽകാൻ തയ്യാറാകാതിരുന്ന കമ്പനി ഷാബിന് വേതനവും ഹോളിഡേ പേയും ഉൾപ്പെടെ 28,843.54 പൗണ്ട് ഏകദേശം 30 ലക്ഷത്തിലധികം രൂപ നഷ്ടപരിഹാരമായി നൽകാൻ ബർമിംഗ്ഹാമിൽ നടന്ന വിചാരണയിൽ ജഡ്ജി കേറ്റ് എഡ്മണ്ട്സ് ഉത്തരവിട്ടു. കൂടാതെ കേസിന്റെ നിയമ ചെലവുകൾക്കായി 8,700 പൗണ്ട് വേറെയും കമ്പനി കോടതിയിൽ കെട്ടിവയ്ക്കണം.
യുകെയിൽ ഹെൽത്ത് കെയർ മേഖലയിൽ വലിയ തൊഴിലവസരങ്ങൾ ഉണ്ടെന്ന പരസ്യങ്ങൾ വിശ്വസിച്ചാണ് കമ്പ്യൂട്ടർ സയൻസ് ബിരുദധാരിയും ഇന്ത്യയിൽ പ്രവൃത്തിപരിചയവുമുള്ള ഷാബിൻ ഇംഗ്ലണ്ടിലെ സ്റ്റാഫോർഡിൽ എത്തിയത്. യുകെയിലെത്താൻ ഏജന്റുമാർക്ക് 17,000 പൗണ്ടോളം നൽകേണ്ടി വന്നിരുന്നു. വിസ ലഭിച്ചതിനെ തുടർന്ന് ജോലി ആവശ്യങ്ങൾക്കായി കാർ വാങ്ങുകയും ഓൺലൈൻ പരിശീലനങ്ങൾ പൂർത്തിയാക്കുകയും ചെയ്‌തു. എന്നാൽ യുകെയിൽ എത്തിയ ശേഷം സ്പോൺസർ ചെയ്ത സ്ഥാപനം ഒരു ദിവസത്തെ ഷിഫ്റ്റ് പോലും നൽകാൻ തയ്യാറായില്ല. സ്പോൺസർ വിസയുടെ നിയമപരമായ നിയന്ത്രണങ്ങൾ കാരണം ആഴ്ചയിൽ 20 മണിക്കൂറിൽ കൂടുതൽ മറ്റൊരിടത്ത് ജോലി ചെയ്യാനും ഷാബിന് സാധിക്കുമായിരുന്നില്ല.
ജോലി ലഭിക്കാതായതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ഷാബിന് ഭക്ഷണത്തിനും താമസത്തിനുമായി മറ്റുള്ളവരുടെ സഹായം തേടേണ്ടി വന്നു. കയ്യിൽ പണം ലഭിക്കുന്ന താൽക്കാലിക ജോലികൾ നോക്കാനും ഫുഡ് ബാങ്കുകളെ ആശ്രയിക്കാനുമായിരുന്നു കമ്പനി ജീവനക്കാരുടെ നിർദ്ദേശം. ഷാബിൻ ജോലി ചെയ്യാൻ പൂർണ്ണ സന്നദ്ധനായിരുന്നുവെന്ന് കണ്ടെത്തിയ ട്രൈബ്യൂണൽ കമ്പനി ഗുരുതരമായ വീഴ്ച വരുത്തിയതായി നിരീക്ഷിച്ചു. എഴുത്തുപരമായ കരാർ നൽകാതിരുന്നതും പരാതി പരിഹാര നടപടികൾ പാലിക്കാതിരുന്നതും കമ്പനിക്ക് തിരിച്ചടിയായി. ഈ കമ്പനിയുടെ സ്പോൺസർഷിപ്പ് ലൈസൻസ് 2024-ൽ തന്നെ റദ്ദാക്കിയിരുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
A UK employment tribunal has ordered a care company to pay nearly £30,000 in compensation to a 33-year-old Malayalam care worker, Shabin Shaji, after failing to provide him with any shifts for an entire year.
