യുകെയുടെ വിവിധ ഭാഗങ്ങളിൽ ചൂട് മുന്നറിയിപ്പ്; വാരാന്ത്യത്തിൽ ചിലയിടങ്ങളിൽ മഴയ്ക്ക് സാധ്യത
Heat alerts are in force across parts of England as limited weekend rain offers little relief from prolonged dry weather.
ലണ്ടൻ : മധ്യ, തെക്കൻ ഇംഗ്ലണ്ടിലെ വിവിധ പ്രദേശങ്ങളിൽ താപനില 30 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന പ്രവചനത്തെ തുടർന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി മഞ്ഞനിറത്തിലുള്ള ചൂട്-ആരോഗ്യ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഈസ്റ്റ്, വെസ്റ്റ് മിഡ്‌ലാൻഡ്സ്, കിഴക്കൻ ഇംഗ്ലണ്ട്, ലണ്ടൻ, തെക്കുകിഴക്കൻ ഇംഗ്ലണ്ട്, തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ട് എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ് ബാധകം. വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ ഞായറാഴ്ച രാവിലെ ഒമ്പത് വരെയാണ് മുന്നറിയിപ്പ് തുടരുക. പ്രായമായവർ, ദീർഘകാല രോഗികൾ ഉൾപ്പെടെയുള്ള ദുർബല വിഭാഗങ്ങൾക്ക് കൂടുതൽ ആരോഗ്യഭീഷണി ഉണ്ടാകാമെന്നും ആരോഗ്യ-സാമൂഹിക പരിചരണ സേവനങ്ങൾക്ക് നേരിയ സമ്മർദം നേരിടേണ്ടിവരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
വെള്ളിയാഴ്ച മധ്യ, തെക്കൻ, കിഴക്കൻ ഇംഗ്ലണ്ടിൽ പൊതുവെ 25 മുതൽ 28 ഡിഗ്രി സെൽഷ്യസ് വരെയും ചിലയിടങ്ങളിൽ 30 ഡിഗ്രി വരെയും ചൂട് ഉയരും. വെയിൽസിന്റെ കിഴക്കൻ ഭാഗങ്ങളിലും താപനില ഉയർന്ന ഇരുപതുകളിൽ എത്താനിടയുണ്ട്. അതേസമയം, വാരാന്ത്യത്തിൽ വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്നുള്ള തണുത്ത കാറ്റ് തിരിച്ചെത്തുന്നതോടെ ചൂട് ക്രമേണ കുറയും. ഞായറാഴ്ച വടക്കൻ സ്കോട്ട്ലൻഡിൽ 16 ഡിഗ്രി മുതൽ തെക്കുകിഴക്കൻ ഇംഗ്ലണ്ടിൽ 25 ഡിഗ്രി വരെ താപനില പ്രതീക്ഷിക്കുന്നു.
യുകെയുടെ വടക്കും പടിഞ്ഞാറും ഭാഗങ്ങളിൽ വാരാന്ത്യത്തിൽ മഴ ലഭിക്കുമെങ്കിലും തെക്കൻ, കിഴക്കൻ ഇംഗ്ലണ്ടിലും വെയിൽസിലും മഴ വളരെ കുറവായിരിക്കുമെന്നാണ് പ്രവചനം. വടക്കുപടിഞ്ഞാറൻ സ്കോട്ട്ലൻഡിലെ ഉയർന്ന പ്രദേശങ്ങളിൽ 20 മില്ലിമീറ്റർ വരെ മഴ ലഭിക്കാം. എന്നാൽ കടുത്ത വരൾച്ച നേരിടുന്ന ഇംഗ്ലണ്ടിന്റെയും വെയിൽസിന്റെയും പല മേഖലകളിലും ഈ മഴ കാര്യമായ ആശ്വാസമാകില്ല. അടുത്ത ആഴ്ച വീണ്ടും ഉയർന്ന മർദ്ദം രൂപപ്പെട്ടാൽ ഇംഗ്ലണ്ടിന്റെയും വെയിൽസിന്റെയും ചില ഭാഗങ്ങളിൽ താപനില വീണ്ടും 30 ഡിഗ്രിയിലേക്ക് ഉയർന്ന് ചൂട് തരംഗം മടങ്ങിയെത്താനും സാധ്യതയുണ്ട്.
