യുകെ ഉൾപ്പെടെ 60 രാജ്യങ്ങൾക്ക് പുതിയ യുഎസ് തീരുവ; ഇറക്കുമതി സാധനങ്ങൾക്ക് 10 മുതൽ 12.5 ശതമാനം വരെ നികുതി
The US has imposed new 10% to 12.5% tariffs on imports from 60 major trading partners, including the UK.
ലണ്ടൻ : യുകെ, ചൈന, യൂറോപ്യൻ യൂണിയൻ ഉൾപ്പെടെ 60 പ്രധാന വ്യാപാര പങ്കാളികളിൽ നിന്നുള്ള ഇറക്കുമതി സാധനങ്ങൾക്ക് അമേരിക്ക 10 മുതൽ 12.5 ശതമാനം വരെ പുതിയ തീരുവ ഏർപ്പെടുത്തി. യുഎസിലേക്കുള്ള മൊത്തം ഇറക്കുമതിയുടെ 99.4 ശതമാനത്തെയും ബാധിക്കുന്ന നടപടിയാണിത്. നിർബന്ധിത തൊഴിൽ തടയുന്നതിൽ വ്യാപാര പങ്കാളികൾ പര്യാപ്തമായ നടപടി സ്വീകരിച്ചില്ലെന്ന കാരണമാണ് ട്രംപ് ഭരണകൂടം ചൂണ്ടിക്കാട്ടുന്നത്.
നിലവിലുണ്ടായിരുന്ന താൽക്കാലിക 10 ശതമാനം ഇറക്കുമതി തീരുവയ്ക്ക് പകരമായാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്. എന്നാൽ നിർബന്ധിത തൊഴിൽ വിഷയമല്ല യഥാർത്ഥ ലക്ഷ്യമെന്നും അമേരിക്കയുടെ വ്യാപാരക്കുറവ് കുറയ്ക്കുകയും ആഭ്യന്തര ഉൽപാദനം ശക്തിപ്പെടുത്തുകയും ചെയ്യാനാണ് നിയമപരമായ പുതിയ വഴി തേടിയതെന്നും വ്യാപാര വിദഗ്ധർ വിലയിരുത്തി. പുതിയ തീരുവ വ്യാപാര സ്ഥാപനങ്ങളുടെ ചെലവും ഉപഭോക്തൃവിലയും ഉയർത്താൻ സാധ്യതയുണ്ടെന്നും നിരവധി രാജ്യങ്ങൾ അമേരിക്കയിലുള്ള ആശ്രയം കുറയ്ക്കാൻ മറ്റു രാജ്യങ്ങളുമായി വ്യാപാര കരാറുകൾ ശക്തിപ്പെടുത്തിയേക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.
യൂറോപ്യൻ യൂണിയന് ലഭിച്ച 10 ശതമാനം സമഗ്ര തീരുവ കരാറിനെ അപേക്ഷിച്ച് യുകെ പിന്നാക്കാവസ്ഥയിലായതായി ബ്രിട്ടീഷ് ചേംബേഴ്സ് ഓഫ് കൊമേഴ്സ് അഭിപ്രായപ്പെട്ടു. യുകെ ഉൽപന്നങ്ങൾക്ക് പൊതുവായ 10 ശതമാനം തീരുവയ്ക്കൊപ്പം ചില പ്രത്യേക ഉൽപന്നങ്ങളുടെ നിലവിലെ തീരുവയും ബാധകമാകുമെന്നാണ് ആശങ്ക. എന്നാൽ നിലവിലെ നിരക്കിൽ ബ്രിട്ടീഷ് സ്ഥാപനങ്ങൾക്ക് മാറ്റമില്ലെന്നും നിർബന്ധിത തൊഴിലിനെ ഗൗരവമായി കാണുന്നുവെന്നും യുകെ സർക്കാർ വ്യക്തമാക്കി. ബ്രസീൽ, ജപ്പാൻ, ഓസ്ട്രേലിയ, ചൈന തുടങ്ങിയ രാജ്യങ്ങളും പുതിയ നടപടിയെ വിമർശിച്ചു.
