കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച വിദേശ കുറ്റവാളികളെ നാടുകടത്താൻ നിയമഭേദഗതി വേണം; യുകെയിൽ ആവശ്യം ശക്തമാകുന്നു
കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച വിദേശജന്മ കുറ്റവാളികളെ യുകെയിൽ നിന്ന് നാടുകടത്താൻ നിയമഭേദഗതി വേണമെന്ന ആവശ്യം ശക്തമാകുന്നു.
ലണ്ടൻ : കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച വിദേശജന്മ കുറ്റവാളികളെ യുകെയിൽ നിന്ന് നാടുകടത്താൻ നിലവിലെ ഇമിഗ്രേഷൻ നിയമത്തിൽ അടിയന്തര മാറ്റം വരുത്തണമെന്ന ആവശ്യം ശക്തമാകുന്നു. റോച്ച്‌ഡെയ്ൽ ഗ്രൂമിംഗ് ഗ്യാങ് കേസിലെ പ്രധാന പ്രതിയായ പാകിസ്ഥാൻ സ്വദേശി ഷബീർ അഹമ്മദിന്റെ ജയിൽ മോചനവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഭരണകക്ഷിയായ ലേബർ പാർട്ടി എംപിമാർ ഈ ആവശ്യവുമായി രംഗത്തെത്തിയത്. 2012-ൽ കുട്ടികൾക്കെതിരായ മുപ്പതോളം ലൈംഗിക പീഡനക്കേസുകളിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഇയാൾക്ക് 22 വർഷത്തെ തടവുശിക്ഷയാണ് കോടതി വിധിച്ചിരുന്നത്. ശിക്ഷാ കാലാവധി പൂർത്തിയാക്കി അഹമ്മദ് ഉടൻ പുറത്തിറങ്ങാനിരിക്കെ, ഇയാളെ നാടുകടത്താൻ നിയമപരമായ തടസ്സങ്ങളുണ്ടെന്ന വിവരം യുകെ രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക് വഴിതുറന്നിരിക്കുകയാണ്.
ബ്രിട്ടീഷ് പൗരത്വം റദ്ദാക്കപ്പെട്ടിട്ടും 1971-ലെ ഇമിഗ്രേഷൻ ആക്ടിലെ ചില പ്രത്യേക വ്യവസ്ഥകൾ മൂലം പ്രതിക്ക് യുകെയിൽ തുടരാൻ സാധിക്കുന്നത് അനുവദിക്കാനാകില്ലെന്ന് എംപിമാർ വ്യക്തമാക്കി. 1973-ന് മുമ്പ് യുകെയിലെത്തിയ ചില കോമൺവെൽത്ത് പൗരന്മാർക്ക് ലഭിക്കുന്ന നിയമപരിരക്ഷയാണ് അഹമ്മദിന് തുണയാകുന്നത്. പ്രതി ഇപ്പോഴും കുട്ടികൾക്ക് വലിയ ഭീഷണിയാണെന്നും മൂന്ന് തവണ ഇയാളുടെ പരോൾ അപേക്ഷ നിരസിക്കപ്പെട്ടിരുന്നുവെന്നും ഓൾഡ്ഹാം എംപി ജിം മക്‌മഹോൺ ചൂണ്ടിക്കാട്ടി. നിയമത്തിലെ ഇത്തരം പോരായ്മകൾ അടിയന്തരമായി പരിഹരിക്കണമെന്നും ആവശ്യമെങ്കിൽ പുതിയ ഭേദഗതി കൊണ്ടുവരണമെന്നും റോച്ച്‌ഡെയ്ൽ എംപി പോൾ വോയും സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
യുകെയിൽ കിയർ സ്റ്റാർമറിന് ശേഷം പ്രധാനമന്ത്രി പദത്തിലേക്ക് പരിഗണിക്കപ്പെടുന്ന പ്രമുഖ നേതാവ് ആൻഡി ബേൺഹാമും വിഷയത്തിൽ കർശന നിലപാടുമായി രംഗത്തെത്തി. ഇരകളുടെ സുരക്ഷിതത്വത്തിനാണ് മുൻഗണന നൽകേണ്ടതെന്നും പ്രതിയെ രാജ്യത്തുനിന്ന് പുറത്താക്കാൻ ഹോം സെക്രട്ടറിയും വിദേശകാര്യ സെക്രട്ടറിയും എല്ലാ നിയമസാധ്യതകളും പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയമത്തിലെ പോരായ്മകൾ പരിഹരിക്കാൻ ഹോം ഓഫീസ് ആലോചിക്കുന്നുണ്ടെങ്കിലും, പാകിസ്ഥാൻ ഇയാളെ തിരികെ സ്വീകരിക്കുമോ എന്നത് വലിയ വെല്ലുവിളിയാണ്. അതേസമയം, മോചിതനായാൽ അഹമ്മദിനെ ആജീവനാന്ത ലൈംഗിക കുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെടുത്തുമെന്നും, ഇലക്ട്രോണിക് ടാഗ് ധരിപ്പിച്ച് കർശന നിരീക്ഷണത്തിലാക്കുമെന്നും അധികൃതർ അറിയിച്ചു.
English Summary: Labour MPs are calling for UK immigration law changes to allow foreign-born child sex offenders to be deported.
