ഇംഗ്ലീഷ് പരിജ്ഞാനക്കുറവ് രോഗികൾക്ക് അപകടമായെന്ന് കണ്ടെത്തൽ; യുകെയിൽ മലയാളി നഴ്‌സിന് വിലക്ക്
ഇംഗ്ലീഷ് പരിജ്ഞാനക്കുറവും രോഗീപരിചരണത്തിലെ വീഴ്ചകളും ചൂണ്ടിക്കാട്ടി യുകെയിൽ മലയാളി നഴ്‌സിനെ എൻഎംസി രജിസ്റ്ററിൽ നിന്ന് നീക്കി.
ലണ്ടൻ : ഇംഗ്ലീഷ് ഭാഷ ശരിയായി കൈകാര്യം ചെയ്യാൻ സാധിക്കാത്തത് രോഗികളുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയായെന്ന് കണ്ടെത്തിയതിനെ തുടർന്ന് യുകെയിൽ മലയാളി നഴ്‌സിനെ നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ രജിസ്റ്ററിൽ നിന്ന് നീക്കം ചെയ്തു. ചെംസ്‌ഫോർഡിന് സമീപമുള്ള ബ്രൂംഫീൽഡ് ആശുപത്രിയിൽ 2021 ഓഗസ്റ്റ് മുതൽ 2022 മേയ് വരെയുള്ള കാലയളവിൽ സൂപ്പർന്യൂമററി നഴ്‌സായി ജോലി ചെയ്തിരുന്ന മലയാളി യുവതിക്കെതിരെയാണ് അധികൃതർ കടുത്ത നടപടി സ്വീകരിച്ചത്. ജോലി ചെയ്യുന്ന സമയത്ത് ഇവർക്ക് ഭാഷാപരമായ വലിയ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നതായും ഇത് പല ചികിത്സാ പിഴവുകളിലേക്ക് നയിച്ചതായും എൻഎംസിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
രോഗീപരിചരണത്തിൽ ഗുരുതരമായ വീഴ്ചകൾ സംഭവിച്ചതായി പാനലിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. 2022 ഫെബ്രുവരിയിൽ ഒരു രോഗിയെ ശുചീകരിക്കുന്നതിനിടെ ആ വ്യക്തിക്ക് സീസർ അഥവാ അപസ്മാരാഘാതം ഉണ്ടായത് തിരിച്ചറിയാനോ അടിയന്തര സഹായത്തിനായുള്ള അലാറം മുഴക്കാനോ ഈ നഴ്‌സിന് സാധിച്ചില്ല. മറ്റൊരു സംഭവത്തിൽ രോഗിയുടെ വായിലേക്ക് ഗുളികകൾ ബലംപ്രയോഗിച്ച് ഇടുകയും വെള്ളം ഒഴിക്കുകയും ചെയ്തതായും റിപ്പോർട്ടിലുണ്ട്. ഇതോടൊപ്പം മറ്റൊരു രോഗിക്ക് നൽകേണ്ട ഇൻസുലിന്റെ അളവ് തെറ്റായ രീതിയിൽ തയ്യാറാക്കിയതായും കണ്ടെത്തിയതോടെ, ഈ പിഴവുകൾ രോഗികളുടെ സുരക്ഷയെ ഗുരുതരമായി ബാധിച്ചതായി എൻഎംസി വിലയിരുത്തി.
ഇംഗ്ലീഷ് ഉച്ചാരണം മനസ്സിലാക്കുന്നതിൽ തനിക്ക് പ്രയാസമുണ്ടായിരുന്നതായി നഴ്‌സ് മുൻപ് രേഖാമൂലം സമ്മതിച്ചിരുന്നു എങ്കിലും പിന്നീട് ഇവർ അന്വേഷണ നടപടികളോട് സഹകരിക്കുകയോ എൻഎംസിയുമായി ബന്ധപ്പെടുകയോ ചെയ്തിട്ടില്ല. രോഗികളുമായി നേരിട്ട് ഇടപെടുന്ന ആരോഗ്യപ്രവർത്തകർക്ക് ആവശ്യമായ ഭാഷാ പരിജ്ഞാനം ഇല്ലെങ്കിൽ കർശന നടപടി സ്വീകരിക്കാൻ യുകെ ആരോഗ്യനിയന്ത്രകർക്ക് നിയമപരമായ അധികാരമുണ്ട്. ഭാഷാപരമായ പരിമിതി നിലവിലുള്ള മോശം പ്രവൃത്തിശൈലിയെ കൂടുതൽ അപകടകരമായ അവസ്ഥയിലേക്ക് എത്തിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് അധികൃതർ ഇപ്പോൾ മലയാളി നഴ്‌സിന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
English Summary: A Malayali NHS nurse has been struck off after regulators found poor English and unsafe practice put patients at risk.
