പോർട്സ്മൗത് മലയാളി അസോസിയേഷൻ 79-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു

പോർട്സ്മൗത് ∙ യുകെയിലെ പോർട്സ്മൗത് മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനം ഗംഭീരമായി ആഘോഷിച്ചു. രാജ്യത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രവും അസമത്വങ്ങളെ മറികടന്ന് ഇന്നത്തെ ജനാധിപത്യ ഭാരതത്തെ രൂപപ്പെടുത്തിയ ധീരനേതാക്കന്മാരുടെ ഓർമകളും പുതുക്കിക്കൊണ്ട് നടന്ന പരിപാടി ദേശഭക്തിയുടെ ആവേശം നിറഞ്ഞതായിരുന്നു. പോർട്സ്മൗത് മലയാളി സമൂഹത്തിന്റെ ഒത്തുചേരലിന് വേദിയായ ചടങ്ങിൽ ദേശീയ പതാക ഉയർത്തലോടെ ആഘോഷങ്ങൾ ആരംഭിച്ചു.
ദേശീയ പതാക ഉയർത്തൽ ചടങ്ങ് സീനിയർ സിറ്റിസണും അസോസിയേഷൻ മെമ്പറിന്റെ പിതാവുമായ കമറുദീൻ നിർവഹിച്ചു. അസോസിയേഷൻ ഭാരവാഹികളായ ഡെന്നിസ് വറീത്, പ്രജുൻ കല്ലിടിയിൽ, സുഷാദ്, അജോ സി ജെറാൾഡ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. മലയാളി കുടുംബങ്ങൾ, കുട്ടികൾ, പ്രവാസി പ്രതിനിധികൾ എന്നിവർ പങ്കെടുത്ത ചടങ്ങിൽ ദേശഭക്തി ഗാനങ്ങൾ അരങ്ങേറി. രുചികരമായ പായസം വിതരണം ചെയ്തത് ആഘോഷത്തിന് മധുരം പകർന്നു.
സ്വാതന്ത്ര്യദിനാഘോഷം പ്രവാസി മലയാളികളുടെ ഐക്യവും ദേശസ്നേഹവും വിളിച്ചോതുന്നതായിരുന്നു. ഇന്ത്യയുടെ സാംസ്കാരിക പൈതൃകവും വൈവിധ്യവും ഉയർത്തിക്കാട്ടിയ പരിപാടി, പോർട്സ്മൗത് മലയാളി സമൂഹത്തിന്റെ ഒരുമയും പ്രതിബദ്ധതയും പ്രകടമാക്കി. മധുരപലഹാര വിതരണത്തോടെയും സൗഹൃദ സംഭാഷണങ്ങളോടെയും ചടങ്ങ് സമാപിച്ചു.
English Summary: The Portsmouth Malayali Association celebrated India’s 79th Independence Day with flag hoisting, patriotic songs, and payasam distribution, honoring the nation’s history and unity.