യുകെയിൽ വാഹനാപകടത്തിൽ മലയാളി യുവതിയുടെ ഗർഭസ്ഥ ശിശു മരിച്ച കേസിൽ പ്രതിക്ക് 13 വർഷം തടവ്

Aug 16, 2025 - 19:53
 0
യുകെയിൽ വാഹനാപകടത്തിൽ മലയാളി യുവതിയുടെ ഗർഭസ്ഥ ശിശു മരിച്ച കേസിൽ പ്രതിക്ക് 13 വർഷം തടവ്

ലണ്ടൻ ∙ യുകെയിലെ ലങ്കാഷെയറിലെ ബാംബർ ബ്രിഡ്ജിൽ കഴിഞ്ഞ വർഷം സെപ്റ്റംബർ 29-ന് നടന്ന വാഹനാപകടത്തിൽ വയനാട് സ്വദേശിനിയായ രഞ്ജു ജോസഫിന്റെ (31) ഗർഭസ്ഥ ശിശു മരണപ്പെട്ട സംഭവത്തിൽ പ്രതിയായ ആഷിർ ഷാഹിദ് (20)ന് പ്രസ്റ്റൺ ക്രൗൺ കോടതി 13 വർഷം തടവ് ശിക്ഷ വിധിച്ചു. സ്റ്റേഷൻ റോഡിലെ കാൽനട ക്രോസിംഗിലൂടെ നടന്നു കൊണ്ടിരിക്കെ 30 മൈൽ വേഗപരിധിയുള്ള റോഡിൽ 58-71 മൈൽ വേഗത്തിൽ ഓടിച്ച ടൊയോട്ട പ്രിയസ് കാർ രഞ്ജുവിനെ ഇടിച്ചിടുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അവർ രണ്ടാഴ്ച കോമയിൽ കഴിയേണ്ടി വന്നു.

അടിയന്തര ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത കുഞ്ഞ്, ഒലിവ് എന്ന് പേരിട്ട ആൺകുഞ്ഞ്, അഞ്ച് മണിക്കൂറും 38 മിനിറ്റും മാത്രം ജീവിച്ച ശേഷമാണ് മരിച്ചത്. അപകടത്തിന് ശേഷം ആഷിർ വാഹനം ഉപേക്ഷിച്ച് ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ഫാർൺവർത്തിൽ ഒളിവിൽ പോയെങ്കിലും സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പോലീസ് പ്രതിയെ പിടികൂടി. അപകടത്തിന് മുമ്പും ശേഷവും പ്രതി കാണിച്ച അശ്രദ്ധയുടെയും പശ്ചാത്താപമില്ലാത്ത പെരുമാറ്റത്തിന്റെയും തെളിവുകൾ കോടതിയിൽ ഹാജരാക്കി.

2025 ഓഗസ്റ്റ് 14-ന് കോടതി ഗർഭസ്ഥ ശിശുവിന്റെ മരണത്തിന് 13 വർഷവും, രഞ്ജുവിന് ഗുരുതര പരുക്കേൽപ്പിച്ചതിന് 3 വർഷവും (ഒരുമിച്ച് അനുഭവിക്കേണ്ട) തടവ് ശിക്ഷ വിധിച്ചു. കൂടാതെ ആഷിറിന്റെ ഡ്രൈവിംഗ് ലൈസൻസ് 15 വർഷവും ഒരു മാസവും സസ്പെൻഡ് ചെയ്തു. സഹോദരൻ സാം ഷാഹിദ് (17) പ്രതിയെ സഹായിച്ചതിന് 3 വർഷം തടവ് ശിക്ഷ ലഭിച്ചു.

“ആ ഒരു രാത്രി എന്റെ ജീവിതം തകർത്തു, എന്റെ കുഞ്ഞിനെ ഞാൻ ഒരിക്കലും കാണില്ല,” രഞ്ജു ജോസഫ് കോടതിയിൽ പറഞ്ഞു. ശാരീരികവും മാനസികവുമായ മുറിവുകളോടെ ജീവിക്കുന്ന രഞ്ജുവിന്റെ ധൈര്യത്തെ ലങ്കാഷർ പോലീസ് പ്രശംസിക്കുകയും, ഈ കേസ് ഒഴിവാക്കാമായിരുന്ന ദാരുണ സംഭവമാണെന്നും വിലയിരുത്തുകയും ചെയ്തു.

English summary:

Wayanad woman’s unborn baby dies in UK crash; driver jailed for 13 years.

ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.