കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ മകരവിളക്ക് മഹോത്സവം ജനുവരി 14-ന്; വിപുലമായ ചടങ്ങുകളോടെ ആഘോഷം
കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ 2026 ജനുവരി 14-ന് മകരവിളക്ക് മഹോത്സവം വിപുലമായ ചടങ്ങുകളോടെയും സാംസ്‌കാരിക പരിപാടികളോടെയും ആഘോഷിക്കുന്നു.
ലണ്ടൻ : ഇംഗ്ലണ്ടിലെ പ്രശസ്തമായ കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ 2026 ജനുവരി 14 ബുധനാഴ്ച മകരവിളക്ക് മഹോത്സവം ഭക്ത്യാദരപൂർവം ആഘോഷിക്കുന്നു. അയ്യപ്പ ഭക്തർക്കായി സമ്പൂർണ്ണമായ പൂജാ ചടങ്ങുകളും സാംസ്‌കാരിക പരിപാടികളുമാണ് അന്നേ ദിവസം ക്ഷേത്രത്തിൽ ഒരുക്കിയിരിക്കുന്നത്. രാവിലെ ഏഴ് മണിക്ക് നട തുറക്കുന്നതോടെ ഉത്സവ ചടങ്ങുകൾക്ക് തുടക്കമാകും. നിർമ്മാല്യ ദർശനം, ഉഷപൂജ, ഗണപതി ഹോമം, ഉച്ചപൂജ എന്നിവയ്ക്ക് ശേഷം 9.30-ന് നട അടയ്ക്കും. പാരമ്പര്യ തനിമയാർന്ന ആചാരങ്ങളോടെ നടക്കുന്ന മകരവിളക്ക് ദർശനത്തിനായി യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വൈകുന്നേരം അഞ്ച് മണിക്ക് നട തുറന്ന ശേഷം വിശേഷാൽ അഭിഷേകം, ദീപാരാധന, സഹസ്രനാമാർച്ചന എന്നിവ നടക്കും. തുടർന്ന് ഭക്തർക്കായി കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. തത്വമസി ഭജൻസ് ഗ്രൂപ്പ് യുകെയുടെ ഭജനയും ശ്രീമതി രമ്യ അരുൺ കൃഷ്ണൻ അവതരിപ്പിക്കുന്ന ഭരതനാട്യവും ഉത്സവത്തിന് മാറ്റുകൂട്ടും. രാത്രി 9 മണിക്ക് അത്താഴ പൂജയും തുടർന്ന് പ്രധാന ചടങ്ങായ പടിപൂജയും നടക്കും. രാത്രി 9.45-ന് ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ ഈ വർഷത്തെ മകരവിളക്ക് മഹോത്സവത്തിന് സമാപ്തിയാകും.
താഴൂർ മന ശ്രീ ഹരിനാരായണൻ നമ്പിടിശ്വരർ, ശ്രീ അഭിജിത്ത് എന്നിവർ പൂജകൾക്ക് മുഖ്യ കർമ്മികത്വം വഹിക്കും. വെള്ളിയോട്ട് ഇല്ലം ശ്രീ അദ്രിത് വാസുദേവ് സഹ കർമ്മികനാകും. റോച്ചസ്റ്ററിലെ നോർത്ത് ഗേറ്റിലുള്ള (Kent Ayyappa Temple, 1 Northgate, Rochester, ME1 1LS) ക്ഷേത്രത്തിലേക്ക് എല്ലാ ഭക്തജനങ്ങളെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി 07838 170203, 07985 245890 തുടങ്ങിയ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
English Summary:
The Kent Ayyappa Temple in Rochester will celebrate the Makaravilakku Festival on January 14, 2026, with traditional rituals, bhajans, and cultural performances.
