1975-ലെ നികുതി വർദ്ധനയുടെ ചരിത്രം റീവ്സ് ആവർത്തിക്കുമോ? യുകെ സാമ്പത്തിക രംഗത്തെ സമാനതകൾ ചർച്ചയാകുന്നു!
"യുകെ ചാൻസലർ റേച്ചൽ റീവ്‌സിൻ്റെ വരാനിരിക്കുന്ന നികുതി വർദ്ധനവ് നിർദ്ദേശങ്ങളെ 1975-ലെ ലേബർ ചാൻസലർ ഡെനിസ് ഹീലിയുടെ വിവാദ ബജറ്റുമായി താരതമ്യം ചെയ്യുന്നു. അന്നത്തെ രാഷ്ട്രീയ-സാമ്പത്തിക സമാനതകളും, ഉയർന്ന നികുതിയുടെ ഭവിഷ്യത്തുകളും, 'സ്റ്റാഗ്ഫ്ലേഷൻ' ഒഴിവായാലും ചരിത്രം ആവർത്തിക്കുമോ എന്ന ആശങ്കയും ഈ റിപ്പോർട്ടിൽ വായിക്കാം."
ലണ്ടൻ : യുകെ ചാൻസലർ റേച്ചൽ റീവ്‌സ് ഈ മാസം 26-ന് അവതരിപ്പിക്കാനിരിക്കുന്ന ബജറ്റിൽ അടിസ്ഥാന വരുമാന നികുതി (Income Tax) 2p വർദ്ധിപ്പിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ, 50 വർഷം മുൻപ് 1975-ലെ ലേബർ സർക്കാർ കൈക്കൊണ്ട സമാന നടപടികളുമായി ഇന്നത്തെ സാഹചര്യത്തിന് അവിശ്വസനീയമായ സാമ്യങ്ങൾ. നാഷണൽ ഇൻഷുറൻസ്, വരുമാന നികുതി, വാറ്റ് എന്നിവ വർദ്ധിപ്പിക്കില്ലെന്ന ലേബറിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം റീവ്‌സ് ഉപേക്ഷിച്ചതായി തോന്നുന്നു. 1975-ൽ ലേബർ ചാൻസലർ ഡെനിസ് ഹീലി വരുമാന നികുതിയുടെ അടിസ്ഥാന നിരക്ക് 33 ശതമാനത്തിൽ നിന്ന് 35 ശതമാനമായി ഉയർത്തിയത് വലിയ വാർത്തയായിരുന്നു. അന്നത്തെ സാമ്പത്തിക രാഷ്ട്രീയ സാഹചര്യങ്ങളും ഇന്നത്തെ സാഹചര്യങ്ങളും തമ്മിൽ ഞെട്ടിക്കുന്ന സമാനതകളാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്.
ലേബർ പാർട്ടിക്ക് ഭരണത്തുടർച്ച ലഭിച്ചതിന് പിന്നാലെ മുൻ കൺസർവേറ്റീവ് സർക്കാരിന്റെ പിടിപ്പുകേടാണ് സമ്പദ്‌വ്യവസ്ഥയുടെ തകർച്ചയ്ക്ക് കാരണമെന്ന് ഹീലി ആരോപിച്ചതുപോലെ, ഇപ്പോഴത്തെ പ്രധാനമന്ത്രി കീർ സ്റ്റാർമറും മുൻ ടോറി ഭരണകൂടത്തിന്റെ "ചെലവുചുരുക്കൽ, ബ്രെക്സിറ്റ്, പകർച്ചവ്യാധി" എന്നിവയാണ് ഇപ്പോഴത്തെ 20 ബില്യൺ (അതോ 30 ബില്യണോ?) പൗണ്ടിന്റെ "കരിങ്കുഴിക്ക്" കാരണമായതെന്ന് പറയുന്നു. 1975-ൽ പുതിയ കൺസർവേറ്റീവ് നേതാവായി മാർഗരറ്റ് താച്ചർ തിരഞ്ഞെടുക്കപ്പെട്ടതും, തുടക്കത്തിൽ അവർക്ക് കാര്യങ്ങൾ എളുപ്പമായിരുന്നില്ല എന്നതും ഇന്നത്തെ കൺസർവേറ്റീവ് നേതാവിന്റെ നിലയുമായി താരതമ്യം ചെയ്യപ്പെടുന്നു. ഹീലിയുടെ ചിലവുചുരുക്കൽ നടപടികൾ അന്നത്തെ ഇടതുപക്ഷ എംപിമാരിൽ നിന്ന് കടുത്ത വിമർശനത്തിന് ഇടയാക്കിയതുപോലെ, റീവ്‌സിന്റെ നികുതി വർദ്ധനവും പാർട്ടിയിൽ ഒരു അസംതൃപ്തിക്ക് വഴിവെച്ചേക്കാം എന്ന സമാനതയുമുണ്ട്.
സമ്പന്നരെ "ഞെക്കിപ്പിഴിയണം" എന്ന ഹീലിയുടെ പ്രശസ്തമായ പ്രസ്താവന പോലെ, റീവ്‌സിനോടും "വെൽത്ത് ടാക്സിനായി" മുൻ ലേബർ നേതാവ് നീൽ കിന്നോക്കും യൂണിയൻ നേതാക്കളും ആവശ്യപ്പെടുന്നതും ശ്രദ്ധേയമാണ്. മാത്രമല്ല, ഉയർന്ന നികുതികൾ 2025-ൽ "ബുദ്ധി ചോർച്ചക്ക്" (brain drain) കാരണമാകുമെന്ന ടോറികളുടെ വാദങ്ങൾ, 70-കളിൽ റോളിംഗ് സ്റ്റോൺസ്, ഡേവിഡ് ബോവി തുടങ്ങിയ പ്രമുഖർ യുകെ വിട്ട് മറ്റ് രാജ്യങ്ങളിലേക്ക് പോയ ചരിത്രത്തെ ഓർമ്മിപ്പിക്കുന്നു. എന്നിരുന്നാലും, 1970-കളിൽ പണപ്പെരുപ്പം 25% ആയി കുതിച്ചുയരുകയും തൊഴിലില്ലായ്മ വർദ്ധിക്കുകയും ചെയ്ത "സ്റ്റാഗ്ഫ്ലേഷൻ" പ്രതിസന്ധിയെ അപേക്ഷിച്ച് ഇന്നത്തെ 3.8% പണപ്പെരുപ്പം മെച്ചപ്പെട്ടതാണ്. പക്ഷെ, ഇത് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ലക്ഷ്യമായ 2%ന്റെ ഇരട്ടിയാണെന്ന് ഷാഡോ ചാൻസലർ സർ മെൽ സ്ട്രൈഡ് ചൂണ്ടിക്കാട്ടുന്നു.
ഹീലിയുടെ നികുതി വർദ്ധനവുണ്ടായ ബജറ്റുകൾ ലേബറിന് ഗുണകരമായിരുന്നില്ല; 1976-ൽ IMF-ൽ നിന്ന് ജാമ്യം തേടേണ്ടി വന്ന അവർ 1979-ലെ തിരഞ്ഞെടുപ്പിൽ താച്ചറിനോട് തോൽക്കുകയും ചെയ്തു. അന്നത്തെ പ്രധാനമന്ത്രി ജെയിംസ് കാലഹാൻ, ലിബ്-ലേബർ സഖ്യമുണ്ടാക്കിയാണ് കാലാവധി പൂർത്തിയാക്കിയത്. ഇന്ന്, സ്റ്റാർമർ സർക്കാർ വെറും രണ്ട് വർഷമേ ഭരിക്കൂ എന്നും, 2027-ൽ സാമ്പത്തിക തകർച്ച കാരണം തിരഞ്ഞെടുപ്പ് വേണ്ടിവരുമെന്നും നൈജൽ ഫറാജ് പ്രവചിക്കുന്നു. ഈ സമാനതകൾക്കിടയിൽ, റേച്ചൽ റീവ്‌സിന്റെ ബജറ്റ് 1975-ലെ ചരിത്രം ആവർത്തിക്കുമോ, അതോ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുമോ എന്നാണ് ബ്രിട്ടൻ ആകാംഷയോടെ ഉറ്റുനോക്കുന്നത്.
English Summary: UK Chancellor Rachel Reeves' impending budget is drawing strong parallels to Denis Healey's 1975 income tax hike amidst a similar political and economic climate, though current inflation is significantly lower than the 1970s "stagflation" crisis.
