യുകെയിൽ മലയാളി യുവാവിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി: ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം

ലണ്ടൻ: യുകെയിൽ താമസിക്കുന്ന മലയാളി യുവാവിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ഉളിക്കൽ സ്വദേശി ഷിന്റോ പള്ളുരത്തിൽ ദേവസ്യ (42) ആണ് ഐൽ ഓഫ് വൈറ്റിലെ ഹോട്ടലിൽ മരണപ്പെട്ടത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആദ്യ വിവരം. വ്യാഴാഴ്ച ഹോട്ടൽ ജീവനക്കാർ മൃതദേഹം കണ്ടെത്തി പൊലീസിനെ അറിയിക്കുകയായിരുന്നു.
മൂന്ന് വർഷം മുമ്പ് സൗത്താംപ്ടണിലേക്ക് കുടിയേറിയ ഷിന്റോ, ഫോർട്‌വെസ്റ്റ് ഇന്റർനാഷനൽ ട്രെയിനിങ് ആൻഡ് എജ്യൂക്കേഷൻ എന്ന സ്ഥാപനത്തിൽ ഓപ്പറേഷൻസ് മാനേജരായി ജോലി ചെയ്തു വരികയായിരുന്നു. 2018 മുതൽ വിദ്യാഭ്യാസ കൺസൾട്ടൻസി രംഗത്ത് സജീവമായ അദ്ദേഹം, ജോലി ആവശ്യങ്ങൾക്കായാണ് ഐൽ ഓഫ് വൈറ്റിൽ എത്തിയതെന്ന് കുടുംബം പറഞ്ഞു.
സൗത്താംപ്ടണിലെ ബന്ധുക്കളെ പൊലീസ് വിവരമറിയിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന് ശേഷം മാത്രമേ മരണകാരണം സ്ഥിരീകരിക്കാനാകൂ എന്ന് അധികൃതർ വ്യക്തമാക്കി.
ഷിന്റോയുടെ ഭാര്യ റിയ ഷിന്റോ, മക്കൾ അമേയ ഗ്രേസ്, അൽന മറിയ എന്നിവർ സൗത്താംപ്ടണിൽ താമസിക്കുന്നു. മാതാപിതാക്കൾ കണ്ണൂർ ഉളിക്കൽ പുറവയൽ സ്വദേശികളായ പി.എ. ദേവസ്യ, അന്നമ്മ. സഹോദരങ്ങൾ ഷിജോ പള്ളുരത്തിൽ (കോൺവാൾ, യുകെ), ഷെറിൻ. സംസ്കാര ചടങ്ങുകളെക്കുറിച്ചുള്ള വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് കുടുംബം അറിയിച്ചു.
യുകെയിലെ മലയാളി സമൂഹത്തിൽ സജീവമായിരുന്ന ഷിന്റോയുടെ അകാല വിയോഗം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വലിയ ഞെട്ടലും ദുഃഖവും പകർന്നിരിക്കുകയാണ്.