എം.ജെ.എസ്.എസ്.എ. സൗത്ത് ഈസ്റ്റ് സൺ‌ഡേ സ്കൂൾ കലോത്സവം 2025: സെന്റ് മേരീസ് ഹാംപ്ഷയർ നാലാം തവണയും ചാമ്പ്യന്മാർ

Jul 1, 2025 - 09:12
 0
എം.ജെ.എസ്.എസ്.എ. സൗത്ത് ഈസ്റ്റ് സൺ‌ഡേ സ്കൂൾ കലോത്സവം 2025: സെന്റ് മേരീസ് ഹാംപ്ഷയർ നാലാം തവണയും ചാമ്പ്യന്മാർ

ലണ്ടൻ: എം.ജെ.എസ്.എസ്.എ. (മലങ്കര യാക്കോബായ സുറിയാനി സൺ‌ഡേ സ്കൂൾ അസോസിയേഷൻ) സൗത്ത് ഈസ്റ്റ് മേഖലയുടെ 2025-ലെ സൺ‌ഡേ സ്കൂൾ കലോത്സവത്തിൽ സെന്റ് മേരീസ് ജെ.എസ്.ഒ.സി. ഹാംപ്ഷയർ നാലാം തവണയും ചാമ്പ്യൻ കിരീടം നേടി. സോണൽ ഡയറക്ടർ ഫാ. ഫിലിപ്പ് തോമസിന്റെ അധ്യക്ഷതയിൽ നടന്ന കലോത്സവം റവ. ഫാ. എൽദോസ് വെങ്കടത്ത് ഔപചാരികമായി ഉദ്ഘാടനം ചെയ്തു.

ജൂൺ 29-ന് ഹാംപ്ഷെയറിലെ വാട്ടർലൂവില്ലെയിലെ സെന്റ് പീറ്റേഴ്സ് കത്തോലിക്കാ പ്രൈമറി സ്കൂളിൽ നടന്ന കലോത്സവത്തിന് സെന്റ് മേരീസ് ഹാംപ്ഷയർ സൺ‌ഡേ സ്കൂൾ ആതിഥേയത്വം വഹിച്ചു. പ്രൈമറി സോളോ മലയാളം, സോളോ മലയാളം, സോളോ ഇംഗ്ലീഷ്, ഗ്രൂപ്പ് സോംഗ് മലയാളം, ഗ്രൂപ്പ് സോംഗ് സിറിയക്, സ്പീച്ച് മലയാളം, സ്പീച്ച് ഇംഗ്ലീഷ്, ഗോൾഡൻ വെർസസ്, ബൈബിൾ ടെസ്റ്റ് എന്നിവ ഉൾപ്പെടെയുള്ള വിവിധ മത്സരങ്ങൾ ഉണ്ടായിരുന്നു.

വിവിധ കലാപരിപാടികളിലെ മികവുറ്റ പ്രകടനങ്ങളാണ് ഹാംപ്ഷയറിനെ ചാമ്പ്യന്മാരാക്കിയത്. സെന്റ് മേരീസ് സൗത്ത് ലണ്ടൻ ഒന്നാം റണ്ണർഅപ്പും, സെന്റ് ഗ്രിഗോറിയോസ് ഈസ്റ്റ്ബോൺ രണ്ടാം റണ്ണർഅപ്പും നേടി.

കലാതിലക പദവികൾ സെന്റ് മേരീസ് ഹാംപ്ഷയർ വിദ്യാർഥികൾ സ്വന്തമാക്കി. പ്രൈമറി വിഭാഗത്തിൽ എലീന മരിയ ജിതിൻ, സബ്-ജൂനിയർ വിഭാഗത്തിൽ ആൻ മാണി, ജൂനിയർ വിഭാഗത്തിൽ ലിയ മേരി ബെന്നി, സീനിയർ വിഭാഗത്തിൽ അന്ന ജോർജ് എന്നിവർ കലാതിലക പട്ടം നേടി.

സോണൽ സെക്രട്ടറി ശ്രീമതി ഡാർലിമോൾ ജോർജ്, ജോയിന്റ് സെക്രട്ടറി ജിനി ചെറിയാൻ, ട്രസ്റ്റി ജോജി ജേക്കബ്, സോണൽ കമ്മിറ്റി അംഗങ്ങളായ ജോയൽ ഉലഹന്നാൻ, ജിഷ അനീഷ്, ജൂബി ബിജോ, സില്ലാ സ്കറിയ, അന്ന രഞ്ജു എന്നിവർ ചേർന്ന് നടത്തിയ മികച്ച സംഘാടനം പരിപാടിയുടെ വിജയത്തിന് കരുത്തായി.

നൂറുകണക്കിന് കുട്ടികൾ പങ്കെടുത്ത ഈ കലോത്സവം യു.കെയിലെ മലയാളി സമൂഹത്തിന്റെ സാംസ്കാരിക പൈതൃകത്തെ ഉയർത്തിക്കാട്ടി. എം.ജെ.എസ്.എസ്.എ. യുകെയിലെ സൺ‌ഡേ സ്കൂൾ ക്ലാസുകൾ, ക്വിസ് മത്സരങ്ങൾ, വി.ബി.എസ്. തുടങ്ങിയവയിലൂടെ വിദ്യാർഥികളെ യേശുക്രിസ്തുവിന്റെയും പരിശുദ്ധ ബൈബിളിന്റെയും അറിവിലേക്ക് നയിക്കുന്നു.

ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.