ലണ്ടനിൽ ഗംഭീര ഓണാഘോഷം; ഹിന്ദു ഐക്യവേദി–മോഹൻജി ഫൗണ്ടേഷൻ സംഘടിപ്പിച്ച പരിപാടിയിൽ ക്രോയ്ഡൻ മേയർ ജയ്സൺ പെറി മുഖ്യാതിഥിയായി

ലണ്ടൻ: ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിമായി പ്രവർത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയും മോഹൻജി ഫൗണ്ടേഷനും ചേർന്ന് ആഭിമുഖ്യത്തിൽ ഗംഭീരമായി ഓണാഘോഷം സംഘടിപ്പിച്ചു. 2025 സെപ്റ്റംബർ 27 ശനിയാഴ്ച വൈകിട്ട് 5:30 മുതൽ തൊണ്ടോൻ ഹീത്തിലെ വെസ്റ്റ് തൊണ്ടോൻ കമ്മ്യൂണിറ്റി സെന്ററിൽ നടന്ന പരിപാടിയിൽ ബഹുമാനപ്പെട്ട ക്രോയ്ഡൺ മേയർ ജയ്സൺ പെറി വിശിഷ്ടാതിഥിയായി പങ്കെടുത്തു. ലണ്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി ആളുകൾ ഈ വർണ്ണശബളമായ ആഘോഷത്തിൽ പങ്കുചേർന്നു.
മാവേലി എഴുന്നള്ളത്തോടെ ആരംഭിച്ച പരിപാടിയിൽ ദീപം തെളിയിക്കലും തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി. ലണ്ടൻ ഹിന്ദു ഐക്യവേദി (LHA) ടീമിന്റെ ഓണപ്പാട്ടുകൾ, നിവേദിതയുടെ ഓണപ്പാട്ട്, LHA കുട്ടികളുടെ നൃത്തം, പെൺകുട്ടികളുടെ കൈകൊട്ടിക്കളി, റാഗി സ്വിന്റന്റെ ഓണപ്പാട്ട്, സംഗീത ഓക്സ്ഫോർഡിന്റെ നൃത്തം എന്നിവ ആഘോഷത്തിന് മിഴിവേകി. തിരുവാതിര, ആശാ ഉണ്ണിത്താന്റെ നൃത്തശിൽപ്പം, വിനീത് പിള്ളയുടെ കഥകളി, വിനോദ് നവധാരയുടെ ഇലഞ്ഞിത്തറ മേളം എന്നിവ പ്രേക്ഷകരെ ആകർഷിച്ചു.
പരമ്പരാഗത ശൈലിയിൽ ദീപാരാധനയോടെ പരിപാടികൾ സമാപിച്ചു. തുടർന്ന് ഓണസദ്യയും പ്രസാദവിതരണവും നടന്നു. കേരളത്തിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന ഈ ആഘോഷം പ്രവാസി മലയാളികൾക്ക് നാടിന്റെ ഓർമ്മകൾ പുതുക്കാനുള്ള അവസരമായി. വിവിധ സാംസ്കാരിക പരിപാടികളിലൂടെ ഓണത്തിന്റെ ആത്മാവ് ലണ്ടനിൽ പുനരാവിഷ്കരിക്കപ്പെട്ടു.
ലണ്ടൻ ഹിന്ദു ഐക്യവേദിയുടെയും മോഹൻജി ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന ഈ ഓണാഘോഷം, പ്രവാസി സമൂഹത്തിനിടയിൽ ഐക്യവും സാംസ്കാരിക അവബോധവും ഉണർത്തുന്നതിന് വലിയ പങ്കുവഹിച്ചു. പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവരെയും സംഘാടകർ നന്ദി അറിയിച്ചു. ഓണത്തിന്റെ സന്ദേശമായ സമൃദ്ധിയും സമാധാനവും ഈ ആഘോഷത്തിലൂടെ ലണ്ടനിലെ മലയാളി സമൂഹം ഒരിക്കൽക്കൂടി ഉയർത്തിക്കാട്ടി.
English Summary: The London Hindu Aikyavedi and Mohanji Foundation celebrated Onam grandly at West Thornton Community Centre on September 27, 2025.