നോട്ടിംഗ്ഹാമിലെ ആശുപത്രികളിൽ സമ്മർദ്ദം രൂക്ഷം; ക്രിട്ടിക്കൽ ഇൻസിഡന്റ് പ്രഖ്യാപിച്ച് എൻഎച്ച്എസ് ട്രസ്റ്റ്
അടിയന്തര ചികിത്സാ ആവശ്യകത വർധിച്ചതിനെ തുടർന്ന് നോട്ടിംഗ്ഹാം എൻഎച്ച്എസ് ട്രസ്റ്റ് ക്രിട്ടിക്കൽ ഇൻസിഡന്റ് പ്രഖ്യാപിച്ചു.
ലണ്ടൻ : അടിയന്തര ചികിത്സ തേടുന്നവരുടെ എണ്ണം കുത്തനെ വർധിച്ചതിനെ തുടർന്ന് നോട്ടിംഗ്ഹാമിലെ രണ്ട് പ്രധാന ആശുപത്രികൾ നിയന്ത്രിക്കുന്ന എൻഎച്ച്എസ് ട്രസ്റ്റ് ക്രിട്ടിക്കൽ ഇൻസിഡന്റ് പ്രഖ്യാപിച്ചു. ക്വീൻസ് മെഡിക്കൽ സെന്ററും നോട്ടിംഗ്ഹാം സിറ്റി ആശുപത്രിയും നിയന്ത്രിക്കുന്ന നോട്ടിംഗ്ഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് എൻഎച്ച്എസ് ട്രസ്റ്റാണ് തിങ്കളാഴ്ച ഈ തീരുമാനം അറിയിച്ചത്. അടുത്തിടെ ഉണ്ടായ കടുത്ത ചൂടിനെ തുടർന്ന് നിർജലീകരണം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളുമായി ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണം കൂടിയതാണ് സമ്മർദ്ദം വർധിക്കാൻ പ്രധാന കാരണമായി പറയുന്നത്.
ക്രിട്ടിക്കൽ ഇൻസിഡന്റ് എന്നത് ആശുപത്രികളുടെയോ ആരോഗ്യസംവിധാനങ്ങളുടെയോ നിലവിലെ ശേഷിക്ക് മുകളിൽ രോഗികളുടെ ആവശ്യകത ഉയർന്നുവെന്ന മുന്നറിയിപ്പാണ്. രോഗികൾ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യാൻ തയ്യാറായിട്ടും വിവിധ കാരണങ്ങളാൽ കൂടുതൽ സമയം ആശുപത്രിയിൽ തന്നെ തുടരുന്നതും കിടക്ക ലഭ്യതയെ ബാധിച്ചതായി ട്രസ്റ്റ് അറിയിച്ചു. അടിയന്തര വിഭാഗത്തിൽ ഏറ്റവും ഗുരുതരാവസ്ഥയിലുള്ള രോഗികൾക്കായിരിക്കും മുൻഗണന നൽകുക. ജീവന് ഭീഷണിയുള്ളതോ അതീവ ഗുരുതരമായതോ ആയ സാഹചര്യങ്ങളിൽ മാത്രമേ 999 വിളിക്കുകയോ എ ആൻഡ് ഇ വിഭാഗത്തിലേക്ക് നേരിട്ട് പോകുകയോ ചെയ്യാവൂ എന്നും, ചെറിയ ആരോഗ്യപ്രശ്നങ്ങൾക്ക് 111, അർജന്റ് ട്രീറ്റ്‌മെന്റ് സെന്ററുകൾ, ഫാർമസികൾ എന്നിവ ഉപയോഗിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
സമ്മർദ്ദം കുറയ്ക്കുന്നതിനായി ചില മുൻകൂട്ടി നിശ്ചയിച്ച ചികിത്സകളും ശസ്ത്രക്രിയകളും മാറ്റിവയ്ക്കാനും, ലഭ്യമായ എല്ലാ കിടക്കകളും ഇടങ്ങളും തുറക്കാനും, ജീവനക്കാരെ ആവശ്യമായ മേഖലകളിലേക്ക് പുനർനിയോഗിക്കാനും ട്രസ്റ്റ് തീരുമാനിച്ചിട്ടുണ്ട്. മുൻകൂട്ടി നിശ്ചയിച്ച അപ്പോയിന്റ്മെന്റുകളുള്ളവർ വേറെ അറിയിപ്പ് ലഭിക്കാത്ത പക്ഷം ആശുപത്രിയിലെത്തണം. ഡിസ്ചാർജ് ചെയ്യാവുന്ന രോഗികളെ കുടുംബാംഗങ്ങൾ വേഗത്തിൽ വീട്ടിലേക്ക് കൊണ്ടുപോകണമെന്നും, പനി അല്ലെങ്കിൽ ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങൾ ഉള്ളവർ ആശുപത്രി സന്ദർശനം ഒഴിവാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. മുമ്പ് ശൈത്യകാലത്താണ് ഇത്തരം പ്രഖ്യാപനങ്ങൾ കൂടുതലായി ഉണ്ടായിരുന്നതെങ്കിലും, ഇപ്പോൾ കടുത്ത ചൂട് കാലങ്ങളിലും ആശുപത്രികൾ സമാന സമ്മർദ്ദം നേരിടുന്നതായി ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
English Summary: Nottingham hospitals have declared a critical incident after rising emergency demand linked partly to recent extreme heat.
