വിനോദയാത്രയ്ക്കായി ബാങ്കോക്കിലെത്തിയ യുകെ മലയാളി ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ
UK-based Malayali teacher Prajith Pushpangadan was found dead in a Bangkok hotel room while on holiday.
ലണ്ടൻ : വിനോദയാത്രയ്ക്കായി തായ്‌ലൻഡിലെ ബാങ്കോക്കിലെത്തിയ യുകെ മലയാളിയെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ തലവടി ഗ്രാമപഞ്ചായത്തിലെ ആനപ്രമ്പാൽ തെക്ക് പുന്നശ്ശേരി സ്വദേശിയായ പ്രജിത് പുഷ്പാംഗദൻ (49) ആണ് മരിച്ചത്. യുകെയിൽ അധ്യാപകനായി ജോലി ചെയ്തുവരികയായിരുന്നു പ്രജിത്.
അവധി ആഘോഷിക്കുന്നതിനായാണ് അദ്ദേഹം തായ്‌ലൻഡിലേക്ക് പോയത്. പ്രജിത് ഒറ്റയ്ക്കായിരുന്നു യാത്ര ചെയ്തതെന്നാണ് ലഭ്യമായ വിവരം. ബാങ്കോക്കിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് തായ്‌ലൻഡ് അധികൃതർ എടത്വ പൊലീസിനെ വിവരം അറിയിച്ചു.
മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. തുടർനടപടികൾക്കും മൃതദേഹം നാട്ടിലെത്തിക്കുന്നതിനുമുള്ള നടപടികൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് വ്യക്തമാകുമെന്നാണ് പ്രതീക്ഷ.
