യുകെ വീസ അപേക്ഷകളിൽ വൻ ഇടിവ്: വിദ്യാർഥികളും കെയറർമാരും മറ്റു രാജ്യങ്ങളിലേക്ക്

Apr 11, 2025 - 11:27
 0
യുകെ വീസ അപേക്ഷകളിൽ വൻ ഇടിവ്: വിദ്യാർഥികളും കെയറർമാരും മറ്റു രാജ്യങ്ങളിലേക്ക്

ലണ്ടൻ ∙ യുകെയിലേക്കുള്ള പ്രധാന വീസകളുടെ അപേക്ഷകളിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ വലിയ കുറവാണ് രേഖപ്പെടുത്തിയത്. 2023-ൽ 12.4 ലക്ഷം പേർ വിവിധ വീസകൾക്കായി അപേക്ഷിച്ചിരുന്നു. എന്നാൽ, 2024-ൽ പുതിയ നിയമങ്ങൾ നിലവിൽ വന്നതോടെ ഈ എണ്ണം 7.72 ലക്ഷമായി ചുരുങ്ങി. അതായത്, 37 ശതമാനത്തിന്റെ കുറവ്. ഇത്രയും വലിയ തോതിൽ അപേക്ഷകൾ കുറയുന്നത് യുകെ ചരിത്രത്തിൽ ആദ്യമാണ്.

പുതിയ വീസ നിയന്ത്രണങ്ങൾ, പ്രത്യേകിച്ച് വിദ്യാർഥി വീസയിലും ഹെൽത്ത് ആൻഡ് കെയർ വർക്കർ വീസയിലും കർശനമായ മാറ്റങ്ങൾ കൊണ്ടുവന്നതാണ് ഈ ഇടിവിന് പ്രധാന കാരണം. കഴിഞ്ഞ ഏപ്രിൽ മുതൽ ഈ നിയമങ്ങൾ പ്രാബല്യത്തിൽ വന്നതോടെ, യുകെയെ ലക്ഷ്യമിട്ടിരുന്നവർ മറ്റു രാജ്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കാൻ തുടങ്ങി.

വിദ്യാർഥികൾക്ക് പഠനശേഷം ജോലി അനുവദിക്കുന്ന പോസ്റ്റ്-സ്റ്റഡി വർക്ക് വീസ, ഗവേഷണ കോഴ്സുകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയത് അപേക്ഷകരുടെ എണ്ണം വെട്ടിക്കുറച്ചു. അതോടൊപ്പം, വിദ്യാർഥികൾക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരാനുള്ള ഫാമിലി വീസയും കർശനമാക്കി. ഇതിന്റെ ഫലമായി, ഫാമിലി വീസ അപേക്ഷകളിൽ 83 ശതമാനം ഇടിവുണ്ടായി.

ഏറ്റവും വലിയ തിരിച്ചടി ഹെൽത്ത് ആൻഡ് കെയർ വർക്കർ വീസയ്ക്കാണ്. 2023-24ൽ 3.59 ലക്ഷം പേർ ഈ വീസയ്ക്ക് അപേക്ഷിച്ചിരുന്നു. എന്നാൽ, 2024-25ൽ ഇത് 80,700 ആയി കുത്തനെ കുറഞ്ഞു. 78 ശതമാനത്തിന്റെ ഞെട്ടിക്കുന്ന ഇടിവ്! സ്കിൽഡ് വർക്കർ വീസയ്ക്കുള്ള ഏറ്റവും കുറഞ്ഞ ശമ്പളം 38,700 പൗണ്ടായി ഉയർത്തിയതും കെയറർമാർക്ക് തടസ്സമായി.

ഈ മാറ്റങ്ങൾ യുകെയിലേക്കുള്ള പ്രവാസികളുടെ ഒഴുക്കിനെ തടസ്സപ്പെടുത്തിയിട്ടുണ്ട്. വിദ്യാർഥികളും തൊഴിലാളികളും ഇപ്പോൾ കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യുകെ സർക്കാർ കുടിയേറ്റം കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നിയന്ത്രണങ്ങൾ കൊണ്ടുവന്നതെങ്കിലും, ഇത് രാജ്യത്തിന്റെ സാമ്പത്തിക, വിദ്യാഭ്യാസ മേഖലകളെ ബാധിക്കുമോ എന്ന ചോദ്യം ഉയർന്നിട്ടുണ്ട്.

ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.