ലോകയാത്രാ സ്വപ്നം തകർത്ത്‌ യുകെയിൽ ഇന്ത്യൻ ബൈക്കറുടെ ബൈക്ക് മോഷണം പോയി

Sep 4, 2025 - 09:24
 0
ലോകയാത്രാ സ്വപ്നം തകർത്ത്‌ യുകെയിൽ ഇന്ത്യൻ ബൈക്കറുടെ ബൈക്ക് മോഷണം പോയി
Image Credit : Facebook Lokesh Alekari

ലണ്ടൻ : ലോകം ചുറ്റാനുള്ള സ്വപ്നയാത്രയ്ക്കിടെ യുകെയിൽ വച്ച് ഇന്ത്യൻ ബൈക്കറിന്റെ മോട്ടോർസൈക്കിൾ മോഷ്ടിക്കപ്പെട്ടു. മുംബൈയിൽ നിന്ന് മെയ് 1-ന് യാത്ര തുടങ്ങിയ 33-കാരനായ യോഗേഷ് അലെകാരി 17 രാജ്യങ്ങൾ കടന്ന് 15,000 മൈലുകൾ (24,140 കിലോമീറ്റർ) സഞ്ചരിച്ച ശേഷമാണ് നോട്ടിംഗ്ഹാമിലെ വോളട്ടൺ പാർക്കിൽ വച്ച് ബൈക്ക് നഷ്ടപ്പെട്ടത്. കെടിഎം 390 അഡ്വഞ്ചർ മോട്ടോർബൈക്കിനൊപ്പം പാസ്പോർട്ട്, ലാപ്ടോപ്പ്, ക്യാമറകൾ, പണം, വസ്ത്രങ്ങൾ തുടങ്ങിയവയും മോഷ്ടിക്കപ്പെട്ടു.

നേപ്പാൾ, ചൈന, കസാഖ്സ്താൻ, ഉസ്ബെക്കിസ്ഥാൻ, റഷ്യ, ഫിൻലൻഡ്, നോർവെ, നെതർലൻഡ്സ്, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ കടന്നാണ് യോഗേഷ് യുകെയിലെത്തിയത്. ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും ആയിരക്കണക്കിന് ഫോളോവേഴ്സിനൊപ്പം യാത്രാ അനുഭവങ്ങൾ പങ്കുവെക്കുന്ന ഫുൾടൈം കണ്ടന്റ് ക്രിയേറ്ററാണ് അദ്ദേഹം. ഏപ്രിലിൽ വാങ്ങിയ ബൈക്കിനായി 20,000 പൗണ്ടും മറ്റ് സാധനങ്ങൾക്കായി 15,000 പൗണ്ടും ചെലവഴിച്ചിരുന്നു. ക്യാമ്പിങ് ടെന്റ് ഉൾപ്പെടെയുള്ള സാധനങ്ങൾ ബൈക്കിന്റെ സ്റ്റോറേജ് ബോക്സുകളിലായിരുന്നു.

നോട്ടിംഗ്ഹാമിലെ ബൈക്കർ ഇവന്റിന് പങ്കെടുക്കാനെത്തിയ യോഗേഷ്, പാർക്കിൽ ബൈക്ക് പാർക്ക് ചെയ്ത ശേഷം ഭക്ഷണം കഴിക്കാൻ പോയപ്പോഴാണ് മോഷണം നടന്നത്. ഒരു മണിക്കൂറിനുള്ളിൽ തിരിച്ചെത്തിയപ്പോൾ ബൈക്കും സാധനങ്ങളും നഷ്ടപ്പെട്ടിരുന്നു. പാർക്കിലെ സന്ദർശകന്റെ വീഡിയോയിൽ രണ്ട് മോപ്പഡ് സ്കൂട്ടറുകൾക്കൊപ്പം ബൈക്ക് കൊണ്ടുപോകുന്നത് കാണാം. മോഷണം മനസിലാക്കിയ യോഗേഷ് മാനസികമായും സാമ്പത്തികമായും വൈകാരികമായും തകർന്നുപോയെന്ന് പറഞ്ഞു. “ഇത് വെറും ബൈക്കല്ല, എന്റെ വീടും സ്വപ്നവുമാണ്,” അദ്ദേഹം പ്രതികരിച്ചു.

പൊലീസിനെ വിളിച്ചെങ്കിലും സ്ഥലത്തെത്തിയില്ലെന്നും ക്രൈം നമ്പർ മാത്രം നൽകിയെന്നും യോഗേഷ് ആരോപിച്ചു. നോട്ടിംഗ്ഹാംഷെയർ പൊലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും ബൈക്ക് കണ്ടെത്തിയിട്ടില്ല. ഇറാൻ, തുർക്കി തുടങ്ങിയ രാജ്യങ്ങളിൽ സുരക്ഷിതമായി യാത്ര ചെയ്ത യോഗേഷ്, യുകെയിലെ സുരക്ഷയെ ചോദ്യം ചെയ്തു. ആഫ്രിക്കയിലൂടെ മൊറോക്കോ മുതൽ കെനിയ വരെ തുടരാൻ പദ്ധതിയിട്ടിരുന്ന യാത്ര ഇപ്പോൾ നിലച്ചു. ഇന്ത്യൻ പൊലീസിനെ പ്രശംസിച്ച അദ്ദേഹം യുകെ പൊലീസിനെ വിമർശിച്ചു.

English summary: Indian motorcyclist Yogesh Alekari, on a round-the-world trip covering 17 countries, had his KTM bike and belongings stolen in the UK, leaving him stranded and heartbroken.

ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.