മുംബൈയിലെ പ്രമുഖ വ്യവസായി ജോയ് വർഗീസ് സ്കോട്ട്‌ലൻഡിൽ അന്തരിച്ചു

സ്കോട്ട്‌ലൻഡ് : മുംബൈയിൽ സ്ഥിരതാമസമാക്കിയ പ്രമുഖ വ്യവസായിയും ഓർത്തഡോക്സ് സഭയുടെ ദാദർ സീനിയർ അംഗവുമായ ശ്രീ ജോയ് വർഗീസ് സ്കോട്ട്‌ലൻഡിലെ അബർഡീനിൽ അന്തരിച്ചു. ഇന്നലെ ഉച്ചയ്ക്ക് മക്കളോടൊപ്പം നടക്കാനിറങ്ങിയപ്പോൾ കുഴഞ്ഞുവീണാണ് അദ്ദേഹം മരണപ്പെട്ടത്. മുംബൈയിൽ താമസിക്കുന്ന മകളോടൊപ്പം സ്കോട്ട്‌ലൻഡിലെ വിവിധ സ്ഥലങ്ങൾ സന്ദർശിക്കാനെത്തിയതായിരുന്നു ജോയ് വർഗീസ്.
അമേരിക്കയിൽ സ്ഥിരതാമസമാക്കിയ മകൻ സ്കോട്ട്‌ലൻഡിൽ എത്തിയിരുന്ന സമയത്താണ് ജോയ് വർഗീസും മകളും അബർഡീനിൽ എത്തിയത്. കുടുംബത്തോടൊപ്പം അബർഡീനിലെ പ്രദേശങ്ങൾ കാണാനിറങ്ങിയതിനിടെ ഉണ്ടായ ഈ ദാരുണ സംഭവം ബന്ധുക്കളെയും സുഹൃത്തുക്കളെയും ഞെട്ടലിലാഴ്ത്തി. സംഭവം നടന്ന ഉടനെ പോലീസും പാരാമെഡിക്കുകളും സ്ഥലത്തെത്തി, മൃതദേഹം മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു.
മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ സ്കോട്ട്‌ലൻഡിലെ സാമൂഹിക പ്രവർത്തകൻ സുനിൽ പായിപ്പാടിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഈ അപ്രതീക്ഷിത വേർപാട് താങ്ങാനാവാത്ത ദുഃഖമാണ് സമ്മാനിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് അപ്‌ഡേറ്റ് ചെയ്യുന്നതാണ്.