പോർട്സ്മൗത്തിൽ മലയാളി അസോസിയേഷൻ ഓണാഘോഷം വിപുലമായി നടത്തി

ലണ്ടൻ: പോർട്സ്മൗത്ത് മലയാളി അസോസിയേഷൻ ഈ വർഷത്തെ ഓണാഘോഷം വികാം കമ്യൂണിറ്റി സെന്ററിൽ വെച്ച് വിപുലമായി ആഘോഷിച്ചു. പോർട്സ്മൗത്തിന്റെ പ്രിയങ്കരനായ മേയർ ജെറാൾഡ് വെർനോൺ ജാക്സൺ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ലേഡി മേയറസ് ഹെലൻ കോൾ മുഖ്യാതിഥിയായിരുന്നു. തൂശനിലയിൽ വിളമ്പിയ രുചികരമായ ഓണസദ്യ മനസും വയറും നിറച്ച് ആഘോഷത്തിന്റെ മാറ്റ് കൂട്ടി. പരമ്പരാഗതവും ആധുനികവുമായ കലാപരിപാടികൾ ഓണാഘോഷത്തെ അവിസ്മരണീയമാക്കി.
മാവേലി വരവേൽപ്പ്, പുലികളി, തെയ്യം, തിരുവാതിര തുടങ്ങിയ പരമ്പരാഗത കലാരൂപങ്ങൾ പുതുതലമുറയ്ക്ക് വ്യത്യസ്തമായ അനുഭവം പകർന്നു. വിവിധ കലാപരിപാടികൾ ആഘോഷത്തിന്റെ ഉത്സവപ്രതീതി വർധിപ്പിച്ചു. മലയാളി സമൂഹത്തിന്റെ ഐക്യവും സാംസ്കാരിക പൈതൃകവും പ്രകടമായ ഈ ചടങ്ങിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. അസോസിയേഷന്റെ ഭാരവാഹികളുടെ കഠിനാധ്വാനവും സമർപ്പണവും ആഘോഷത്തിന്റെ വിജയത്തിന് കാരണമായി.
അസോസിയേഷൻ ഭാരവാഹികളായ പ്രെജുൻ കല്ലിടിയിൽ, ഡെന്നിസ് വറീഡ്, സുഷാദ് എസ്, അനിഷ് പി. പാപ്പച്ചൻ, അജോ സി. ജെറാർഡ്, പീറ്റർ വർഗീസ്, ലീനാ അനീസ്, മേബിൾ ബൈജു, സജിത്ത് വള്ളൂരാൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. കമ്യൂണിറ്റിയുടെ ഒത്തൊരുമയും സാംസ്കാരിക അഭിമാനവും പ്രതിഫലിപ്പിക്കുന്ന ഈ ഓണാഘോഷം പോർട്സ്മൗത്തിലെ മലയാളി സമൂഹത്തിന് മറക്കാനാവാത്ത ഒരു അനുഭവമായി.
English Summary: The Portsmouth Malayali Association celebrated Onam extravagantly at the Wickham Community Centre, inaugurated by Mayor Gerald Vernon Jackson, with vibrant cultural performances and a traditional Onam feast.