യുകെയിൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ കാറുകൾ കൂട്ടിയിടിച്ച് രണ്ട് മരണം; അഞ്ച് പേർക്ക് ഗുരുതര പരുക്ക്

ലണ്ടൻ : യുകെയിൽ പഠനത്തിനെത്തിയ ഇന്ത്യൻ വിദ്യാർത്ഥികൾ സഞ്ചരിച്ച രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. എസക്സിലെ റെയ്‌ലി സ്പർ റൗണ്ട്എബൗട്ടിൽ തിങ്കളാഴ്ച പുലർച്ചെ 4.15-നാണ് ദാരുണമായ അപകടമുണ്ടായത്. ഹൈദരാബാദ് സ്വദേശികളായ ഒൻപത് വിദ്യാർത്ഥികൾ രണ്ട് സംഘങ്ങളായി കാറുകളിലാണ് സഞ്ചരിച്ചിരുന്നത്. ഗണേശ വിഗ്രഹ നിമജ്ജന ചടങ്ങിന് ശേഷം വീടുകളിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
അപകടത്തിൽ ഹൈദരാബാദ് സ്വദേശികളായ ചൈതന്യ താരെ (23) സംഭവസ്ഥലത്ത് വച്ചും ഋഷിതേജ റാപോളു (21) ആശുപത്രിയിൽ വച്ചും മരിച്ചു. കാറുകൾ ഓടിച്ചിരുന്ന ഗോപിചന്ദ് ബട്ടമേക്കാല (23), മനോഹർ സബ്ബാനി (24) എന്നിവരെ എസക്സ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്ക് ഡ്രൈവിങ് ലൈസൻസ് ഇല്ലായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടത്തെ തുടർന്ന് മണിക്കൂറുകളോളം ഗതാഗത കുരുക്കുണ്ടായി.
പരുക്കേറ്റ അഞ്ച് പേരെ റോയൽ ലണ്ടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സായി ഗൗതം റവുള്ള (30), നൂതൻ തടികായല (20-23), യുവ തേജ റെഡ്ഡി ഗുറം, വംശി ഗൊല്ല, വെങ്കട സുമന്ത് പെന്ത്യാല എന്നിവരാണ് ചികിത്സയിലുള്ളത്. ഇതിൽ സായി ഗൗതം, നൂതൻ തടികായല എന്നിവരുടെ നില അതീവ ഗുരുതരമാണ്. അപകടത്തിന്റെ കാരണത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.
മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ സഹായം വേണമെന്ന് കുടുംബാംഗങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് അഭ്യർഥിച്ചു. ഈ വർഷം ആദ്യം യുകെയിലെത്തിയ വിദ്യാർത്ഥികൾക്ക് സംഭവിച്ച ദാരുണാന്ത്യം പ്രവാസി സമൂഹത്തെ ഞെട്ടിച്ചു.
English summary: Two Indian students from Hyderabad died and five others were seriously injured in a car crash in Essex, UK, while returning from a Ganesh immersion ceremony.