ബ്രിട്ടീഷ് എംപി ടുലിപ് സിദ്ദിഖിനെതിരെ അറസ്റ്റ് വാറന്റ്

ധാക്ക: ബംഗ്ലാദേശ് ആന്റി-കറപ്ഷൻ കമ്മീഷൻ (എസിസി) ബ്രിട്ടീഷ് എംപിയും മുൻ ലേബർ മന്ത്രിയുമായ ടുലിപ് സിദ്ദിഖിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ടുലിപിന്റെ അമ്മായി ഷെയ്ഖ് ഹസീനയുടെ ഭരണകാലത്ത് അധികാര ദുരുപയോഗത്തിലൂടെ ധാക്കയിൽ 7,200 ചതുരശ്ര അടി ഭൂമി സിദ്ദിഖ് നിയമവിരുദ്ധമായി സ്വന്തമാക്കിയെന്നാണ് ആരോപണം. ഷെയ്ഖ് ഹസീന 2024 ഓഗസ്റ്റിൽ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടിരുന്നു.
എസിസി ഉന്നയിച്ച ആരോപണങ്ങൾ "രാഷ്ട്രീയ പ്രേരിതം" ആണെന്ന് ടുലിപ് സിദ്ദിഖിന്റെ അഭിഭാഷകർ വ്യക്തമാക്കി. തനിക്കെതിരെ ഒരു തെളിവും എസിസി ഹാജരാക്കിയിട്ടില്ലെന്നും, അറസ്റ്റ് വാറന്റിനെ കുറിച്ച് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും അവർ പറഞ്ഞു. "എനിക്ക് ബംഗ്ലാദേശിൽ ഒരു ഭൂമിയും ഇല്ല, ഭൂമി അനുവദിക്കുന്നതിൽ ഞാൻ ഒരു സ്വാധീനവും ചെലുത്തിയിട്ടില്ല," ടുലിപ് സിദ്ദിഖിന്റെ അഭിഭാഷകർ വ്യക്തമാക്കി.
ഷെയ്ഖ് ഹസീനയുടെ ഭരണകാലത്ത് 3.9 ബില്യൺ പൗണ്ടിന്റെ അഴിമതി ആരോപണങ്ങളും എസിസി അന്വേഷിക്കുന്നുണ്ട്. 2013-ൽ റഷ്യയുമായി ഉണ്ടാക്കിയ ഒരു ആണവനിലയ കരാറിൽ ടുലിപ് സിദ്ദിഖ് ഇടനിലക്കാരിയായി പ്രവർത്തിച്ചുവെന്നും ആരോപണമുണ്ട്. എന്നാൽ, ഈ ആരോപണങ്ങളെല്ലാം തള്ളിക്കളഞ്ഞ ടുലിപ്, തനിക്കെതിരായ നീക്കങ്ങൾ ബംഗ്ലാദേശ് രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് ആവർത്തിച്ചു.
ഏപ്രിൽ 10-ന് ടുലിപിനെ ഹാജരാകാൻ ആവശ്യപ്പെട്ട് എസിസി നോട്ടീസ് നൽകിയിരുന്നെങ്കിലും, അവർ ഹാജരായില്ല. തുടർന്നാണ് ധാക്ക മെട്രോപൊളിറ്റൻ സീനിയർ സ്പെഷ്യൽ ജഡ്ജി സാകിർ ഹൊസൈൻ ഞായറാഴ്ച അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഷെയ്ഖ് ഹസീനയുടെ സഹോദരി ഷെയ്ഖ് റിഹാന, മകൻ റദ്വാൻ മുജീബ് സിദ്ദിഖ് എന്നിവർ ഉൾപ്പെടെ 50 പേർക്കെതിരെയും വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.