നാട്ടിലേക്കുള്ള യാത്രയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കി; യുകെയിൽ ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വദേശി ഡോ. റാഷിം അന്തരിച്ചു
യുകെയിൽ യൂറോളജിസ്റ്റായിരുന്ന കോഴിക്കോട് സ്വദേശി ഡോ. റാഷിം നാട്ടിലേക്കുള്ള യാത്രയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.
ലണ്ടൻ : നാട്ടിലേക്കുള്ള അവധിയാത്രയ്ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ കോഴിക്കോട് സ്വദേശിയും യുകെയിൽ യൂറോളജിസ്റ്റുമായിരുന്ന ഡോ. റാഷിം ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. യുകെയിലെ വസതിയിൽ വച്ചാണ് അപ്രതീക്ഷിത മരണം സംഭവിച്ചത്. രാത്രി വെള്ളം കുടിക്കാനായി എഴുന്നേറ്റ അദ്ദേഹം തിരിച്ചെത്താത്തതിനെ തുടർന്ന് ഭാര്യ അന്വേഷിച്ചപ്പോൾ സോഫയിൽ അനക്കമില്ലാതെ കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും നേരത്തെ തന്നെ ഹൃദയസ്തംഭനം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
കോഴിക്കോട് ലോ കോളേജിന് സമീപം താമസിക്കുന്ന ഡോ. ബഷീറിന്റെ മകനാണ് ഡോ. റാഷിം. കുടുംബസമേതം നാട്ടിലെത്തുന്നതിനായി ടിക്കറ്റ് എടുത്ത് മറ്റു ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയിരിക്കെയാണ് ദുരന്തം സംഭവിച്ചത്. കാസർകോട് കോട്ടിക്കുളം പള്ളിക്കുന്നിലെ ജമീല-ഉബൈദ് ദമ്പതികളുടെ മകളുടെ ഭർത്താവായ റാഷിമിന് പത്തും പന്ത്രണ്ടും വയസ്സുള്ള രണ്ട് മക്കളുണ്ട്. കുടുംബത്തിന്റെ നാട്ടിലേക്കുള്ള വരവിനായി കോഴിക്കോട്ടെ വീട്ടിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് വിയോഗവാർത്ത ബന്ധുക്കളെ തേടിയെത്തിയത്.
വൈദ്യസേവനത്തിനൊപ്പം സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്ന ഡോ. റാഷിം ഹവ്വാ കോളജ് മാനേജിങ് ഡയറക്ടർ, പ്യുർഹാർട്സ് ട്രസ്റ്റി, പീസ് വാപ്പോളിത്താഴം ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഐഎസ്എം മുൻ മണ്ഡലം പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തിൽ സുഹൃത്തുക്കളും സഹപ്രവർത്തകരും വിവിധ സംഘടനകളും അനുശോചനം രേഖപ്പെടുത്തി. മൃതദേഹം നിലവിൽ യുകെയിലാണുള്ളത്. ജനാസ നിസ്കാരവും സംസ്കാര ചടങ്ങുകളും സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
English Summary: UK-based Kozhikode urologist Dr Rashim died following a sudden cardiac arrest just days before his planned journey to Kerala.
