ആൻഡ്രൂ മൗണ്ട്‌ബാറ്റൻ-വിൻഡ്‌സറിന്റെ ‘ഫ്രീഡം ഓഫ് ദ സിറ്റി ഓഫ് ലണ്ടൻ’ ബഹുമതി റദ്ദാക്കാൻ നിയമനീക്കം
The City of London is preparing a new legal process that could allow Andrew Mountbatten-Windsor’s civic honour to be revoked.
ലണ്ടൻ : മുൻ രാജകുമാരൻ ആൻഡ്രൂ മൗണ്ട്‌ബാറ്റൻ-വിൻഡ്‌സറിന് നൽകിയ ‘ഫ്രീഡം ഓഫ് ദ സിറ്റി ഓഫ് ലണ്ടൻ’ ബഹുമതി റദ്ദാക്കുന്നതിനായി പുതിയ നിയമനടപടി ഒരുക്കുന്നു. നിലവിൽ ഈ ബഹുമതി പിൻവലിക്കാൻ ഫലപ്രദമായ നിയമസംവിധാനം ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന്, പാർലമെന്റിന്റെ അനുമതി തേടാതെ തന്നെ സിറ്റി ഓഫ് ലണ്ടൻ കോർപ്പറേഷന് നടപടി സ്വീകരിക്കാനാകുന്ന കരട് ബിൽ തയ്യാറാക്കുകയാണ് നിയമവിദഗ്ധർ. മുമ്പ് ബഹുമതി റദ്ദാക്കാനാകില്ലെന്ന് കോർപ്പറേഷൻ വ്യക്തമാക്കിയിരുന്ന നിലപാടിൽ നിന്നുള്ള മാറ്റമാണിത്.
പിതാവായ പ്രിൻസ് ഫിലിപ്പ് ഫ്രീമാൻ ആയിരുന്നതിനാലാണ് 2012ൽ പാരമ്പര്യാവകാശത്തിലൂടെ ആൻഡ്രൂവിന് ഈ ബഹുമതി ലഭിച്ചത്. ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നതിനെ തുടർന്ന് രാജാവ് ചാൾസ് അദ്ദേഹത്തിന്റെ രാജകീയ പദവികളും ബഹുമതികളും നീക്കം ചെയ്തിരുന്നു. യുകെയുടെ വ്യാപാര പ്രതിനിധിയായിരിക്കെ എപ്സ്റ്റീനുമായി രഹസ്യവിവരങ്ങൾ പങ്കുവെച്ചെന്ന ആരോപണത്തിൽ പൊതുപദവി ദുരുപയോഗം ചെയ്തതായി സംശയിച്ച് ഫെബ്രുവരിയിൽ ആൻഡ്രൂവിനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ആരോപണങ്ങൾ അദ്ദേഹം നിഷേധിച്ചിട്ടുണ്ട്.
പുതിയ നിയമാഭിപ്രായവും കരട് ബില്ലും സെപ്റ്റംബറിൽ പോളിസി ആൻഡ് റിസോഴ്സസ് കമ്മിറ്റിക്കും ഒക്ടോബറിൽ കോർട്ട് ഓഫ് കോമൺ കൗൺസിലിനും മുന്നിൽ അവതരിപ്പിക്കാനാണ് പദ്ധതി. അംഗീകാരം ലഭിച്ചാൽ ബഹുമതി റദ്ദാക്കാനുള്ള അധികാരം കോർപ്പറേഷൻ സ്വയം ഏറ്റെടുക്കുകയും തുടർന്ന് ആൻഡ്രൂവിന്റെ ബഹുമതി നീക്കണമോയെന്ന് തീരുമാനിക്കുകയും ചെയ്യും. ഭരണഘടനാപരമായ പ്രത്യാഘാതങ്ങളുള്ള വിഷയമായതിനാൽ നടപടിക്രമം നിയമപരവും പ്രായോഗികവുമാണെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് കോർപ്പറേഷൻ വ്യക്തമാക്കി.
