ബിട്ടൻ പ്രധാനമന്ത്രി പദവി ലക്ഷ്യമിട്ട് ആൻഡി ബേൺഹാം: ഭൂനികുതിയിലൂടെ 35000 കോടി പൗണ്ട് സമാഹരിക്കാൻ നീക്കം

May 23, 2026 - 12:39
 0
ബിട്ടൻ പ്രധാനമന്ത്രി പദവി ലക്ഷ്യമിട്ട് ആൻഡി ബേൺഹാം: ഭൂനികുതിയിലൂടെ 35000 കോടി പൗണ്ട് സമാഹരിക്കാൻ നീക്കം

ലണ്ടൻ: ബ്രിട്ടനിലെ അടുത്ത പ്രധാനമന്ത്രിയാകാൻ ലക്ഷ്യമിടുന്ന ഗ്രേറ്റർ മാഞ്ചസ്റ്റർ മേയർ ആൻഡി ബേൺഹാം രാജ്യത്ത് പുതിയ ഭൂനികുതി ഏർപ്പെടുത്താൻ ഒരുങ്ങുന്നു. നിലവിലെ പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർക്കെതിരെ ലേബർ പാർട്ടിയിൽ നേതൃത്വ വെല്ലുവിളി ഉയർത്താൻ തയ്യാറെടുക്കുന്ന ബേൺഹാം, യുകെയിൽ ഭൂമിക്ക് മേലുള്ള നികുതി വളരെ കുറവാണെന്നും പുതിയ ലെവി നടപ്പിലാക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും വ്യക്തമാക്കി. മേക്കർഫീൽഡിൽ നടന്ന ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് അദ്ദേഹം തന്റെ പുതിയ സാമ്പത്തിക നയം വെളിപ്പെടുത്തിയത്. ഉപയോഗിക്കാതെ കിടക്കുന്ന ഭൂമിക്ക് നിലവിൽ ചാർജ് ഈടാക്കുന്നില്ലെന്നും അതിനാൽ ലാൻഡ് വാല്യൂ ടാക്സ് അഥവാ ഭൂനികുതി കൊണ്ടുവരേണ്ടത് അനിവാര്യമാണെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം.

ലേബർ പാർട്ടിയുടെ 2024 ലെ പ്രകടനപത്രികയെ താൻ മാനിക്കുമെന്നും എന്നാൽ അടുത്ത പൊതുതെരഞ്ഞെടുപ്പിൽ ഈ നികുതി നയം പ്രചാരണ വിഷയമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലുള്ള കെട്ടിടങ്ങളുടെയോ അടിസ്ഥാന സൗകര്യങ്ങളുടെയോ മൂല്യം പരിഗണിക്കാതെ, ഭൂമിയുടെ മാത്രം യഥാർത്ഥ മൂല്യം കണക്കാക്കിയായിരിക്കും ഈ നികുതി ചുമത്തുക. യുകെയുടെ ആകെ ഭൂമൂല്യം 7.1 ട്രില്യൺ പൗണ്ടായിട്ടാണ് കണക്കാക്കുന്നത്. ഇതിൽ 0.5 ശതമാനം നികുതി ചുമത്തിയാൽ പോലും പ്രതിവർഷം 35.5 ബില്യൺ പൗണ്ട് ഖജനാവിലേക്ക് അധികമായി ലഭിക്കുമെന്നാണ് വിലയിരുത്തൽ. ഭൂമി വെറുതെയിടാതെ വികസിപ്പിക്കാനോ അല്ലെങ്കിൽ ആവശ്യമുള്ളവർക്ക് വിൽക്കാനോ ഉടമകളെ പ്രേരിപ്പിക്കാൻ ഈ നികുതി സഹായിക്കുമെന്നാണ് അനുകൂലിക്കുന്നവരുടെ വാദം.

ഭൂനികുതിക്ക് പുറമെ നിലവിലെ കൗൺസിൽ ടാക്സ് പരിഷ്കരിക്കാനും ടൂറിസ്റ്റ് ലെവി വിപുലീകരിച്ച് ഹോസ്പിറ്റാലിറ്റി മേഖലയിലെ ബിസിനസ്സ് നിരക്കുകൾ കുറയ്ക്കാനും ബേൺഹാമിന് പദ്ധതിയുണ്ട്. കൂടാതെ പാരമ്പര്യമായി ലഭിക്കുന്ന സ്വത്തുക്കൾക്ക് മേലുള്ള ഇൻഹെറിറ്റൻസ് ടാക്സ് ഒഴിവാക്കി പകരം സോഷ്യൽ കെയർ ലെവി കൊണ്ടുവരാനും അദ്ദേഹം ആലോചിക്കുന്നു. എന്നാൽ ഈ പുതിയ നികുതി നിർദ്ദേശങ്ങൾക്കെതിരെ സാമ്പത്തിക വിദഗ്ധരിൽ നിന്നും രാഷ്ട്രീയ എതിരാളികളിൽ നിന്നും വിമർശനങ്ങൾ ഉയർന്നു കഴിഞ്ഞു. വാർഷികാടിസ്ഥാനത്തിൽ ഭൂമിയുടെ മൂല്യം നിർണ്ണയിക്കുന്നത് വലിയ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്നും സാധാരണക്കാരായ ജനങ്ങളെയായിരിക്കും ഇത് കൂടുതൽ ബാധിക്കുകയെന്നുമാണ് നികുതി വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.

Webadmin UK Malayali News editorial team brings the latest UK news, immigration updates, community stories and important information for Malayali readers in the United Kingdom.
ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.