യുകെയിൽ കടുത്ത ഉഷ്ണതരംഗത്തിനിടെ ജലാശയങ്ങളിൽ അപകടങ്ങൾ വർദ്ധിക്കുന്നു: 13 വയസ്സുകാരി ഉൾപ്പെടെ 17 പേർക്ക് ദാരുണാന്ത്യം
ലണ്ടൻ : ബ്രിട്ടനിൽ റെക്കോർഡ് ചൂട് രേഖപ്പെടുത്തിയ മെയ് മാസത്തിലെ ഉഷ്ണതരംഗത്തിന് പിന്നാലെ വിവിധ ജലാശയങ്ങളിൽ ഉണ്ടായ അപകടങ്ങളിൽ എട്ടു ദിവസത്തിനിടെ 13 വയസ്സുകാരി ഉൾപ്പെടെ 17 പേർ മുങ്ങിമരിച്ചു. വടക്കൻ യോർക്ഷെയറിലെ ബേൺസാലിൽ വാർഫ് നദിയിൽ ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ഏറ്റവും ഒടുവിലത്തെ ദരുണ സംഭവം റിപ്പോർട്ട് ചെയ്തത്. നദിയിൽ കാണാതായ പെൺകുട്ടിയെ എയർ ആംബുലൻസ് മാർഗ്ഗം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യുകെയിലെ കടുത്ത ചൂടിനെ തുടർന്ന് നിരവധി ആളുകളാണ് നദികളിലും കടലിലും നീന്താനിറങ്ങുന്നത്. ഇതാണ് അപകടങ്ങളുടെ എണ്ണം കുത്തനെ ഉയരാൻ കാരണമായതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
മറ്റൊരു സംഭവത്തിൽ, കടലിൽ അകപ്പെട്ട വളർത്തുനായയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ദമ്പതികൾ അപകടത്തിൽപ്പെട്ടു. ലങ്കാഷെയറിലെ റോസൽ ബീച്ചിൽ ശനിയാഴ്ച രാത്രിയായിരുന്നു ഈ സംഭവം. അറുപത് വയസ്സിനു മുകളിൽ പ്രായമുള്ള ദമ്പതികളാണ് വളർത്തുനായയെ രക്ഷിക്കാൻ കടലിലേക്ക് ഇറങ്ങിയത്. തുടർന്ന് ഇരുവരും ശക്തമായ തിരമാലകളിൽപ്പെടുകയായിരുന്നു. കോസ്റ്റ്ഗാർഡ് ഇവരെ കരയ്ക്കെത്തിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും സ്ത്രീ മരണപ്പെടുകയും ഒപ്പമുണ്ടായിരുന്ന പുരുഷൻ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയുമാണ്. എന്നാൽ ഇവരുടെ വളർത്തുനായയെ സുരക്ഷിതമായി കരയ്ക്ക് എത്തിക്കാൻ സാധിച്ചിട്ടുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ച ലണ്ടനിലെ ക്യൂ ഗാർഡൻസിൽ 35.1 ഡിഗ്രി സെൽഷ്യസും കാർഡിഫ് ബ്യൂട്ട് പാർക്കിൽ 32.9 ഡിഗ്രി സെൽഷ്യസും ചൂടാണ് രേഖപ്പെടുത്തിയത്. മെയ് മാസത്തിൽ ഇംഗ്ലണ്ടിലും വെയിൽസിലും രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന താപനിലയാണിത്. ചൂട് ആസ്വദിക്കാൻ ആളുകൾ കൂട്ടത്തോടെ ജലാശയങ്ങളിലേക്ക് എത്തിയതാണ് വലിയ ദുരന്തങ്ങൾക്ക് വഴിവെച്ചത്. എന്നാൽ ജൂൺ മാസത്തിന്റെ തുടക്കത്തോടെ ഉഷ്ണതരംഗത്തിന് ആശ്വാസമായി ഇടിയോടുകൂടിയ മഴയ്ക്കും തണുത്ത കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
English Summary:
A total of 17 people have tragically drowned in the UK over the past eight days following a record-breaking May heatwave.
