ഇംഗ്ലണ്ടിലെ എൻഎച്ച്എസ് എമർജൻസി വിഭാഗങ്ങളിൽ കാത്തിരിപ്പ് നീളുന്നു; മാസം 1,300ലേറെ മരണങ്ങളെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്
ലണ്ടൻ : ഇംഗ്ലണ്ടിലെ എൻഎച്ച്എസ് എമർജൻസി വിഭാഗങ്ങളിൽ ചികിത്സ തേടിയെത്തുന്ന രോഗികൾക്ക് കിടക്ക ലഭിക്കാൻ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്നത് ഗുരുതര പ്രതിസന്ധിയാകുന്നു. റോയൽ കോളേജ് ഓഫ് എമർജൻസി മെഡിസിൻ പുറത്തുവിട്ട വിശകലനപ്രകാരം 2025ൽ മാത്രം നീണ്ട എ ആൻഡ് ഇ കാത്തിരിപ്പുമായി ബന്ധപ്പെട്ട് 15,860 അധിക മരണങ്ങൾ ഉണ്ടായതായാണ് കണക്ക്. ഇതനുസരിച്ച് മാസം 1,300ലേറെ രോഗികളും ആഴ്ചയിൽ 300ലേറെ രോഗികളും അനാവശ്യമായി മരിക്കുന്നുവെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. 2015ൽ ആഴ്ചയിൽ ശരാശരി 30 മരണങ്ങളായിരുന്നു രേഖപ്പെടുത്തിയിരുന്നത്.
അഞ്ച് മില്യണിലേറെ എൻഎച്ച്എസ് രോഗികളെ ഉൾപ്പെടുത്തി 2021ൽ പ്രസിദ്ധീകരിച്ച പഠനത്തെ അടിസ്ഥാനമാക്കിയായിരുന്നു ആർസിഇഎം ഈ കണക്കുകൾ തയ്യാറാക്കിയത്. എ ആൻഡ് ഇ വിഭാഗത്തിൽ എത്തിയ ശേഷം ആശുപത്രി കിടക്ക ലഭിക്കാൻ എട്ട് മുതൽ പന്ത്രണ്ട് മണിക്കൂർ വരെ കാത്തിരിക്കേണ്ടി വന്ന ഓരോ 72 രോഗികളിലും ഒരാൾക്ക് വീതം അധിക മരണസാധ്യത ഉണ്ടാകുന്നുവെന്നാണ് പഠനം കണ്ടെത്തിയത്. അഞ്ചു മണിക്കൂർ പിന്നിടുന്നതോടെ തന്നെ മരണസാധ്യത ഉയരാൻ തുടങ്ങുകയും കാത്തിരിപ്പ് നീളുന്നതിനനുസരിച്ച് അപകടസാധ്യത വർദ്ധിക്കുകയും ചെയ്യുന്നതായും കണക്കുകൾ വ്യക്തമാക്കുന്നു. 2024ലെ 16,644 മരണങ്ങളേക്കാൾ 2025ലെ കണക്കിൽ നേരിയ കുറവുണ്ടെങ്കിലും 2015നേക്കാൾ ഏകദേശം പത്തു മടങ്ങ് കൂടുതലാണിത്.
രോഗികൾ ചികിത്സ തേടി എമർജൻസി വിഭാഗങ്ങളിൽ എത്തുമ്പോൾ ആശുപത്രികൾ നിറഞ്ഞുകവിഞ്ഞതിനാൽ ശരിയായ പരിചരണം നൽകാൻ കഴിയാത്ത സാഹചര്യമാണെന്ന് ആർസിഇഎം പ്രസിഡന്റ് ഡോ. ഇയാൻ ഹിഗിൻസൺ പറഞ്ഞു. ആശുപത്രി കിടക്കകളിലും നഴ്സിങ് ജീവനക്കാരിലും അടിയന്തര നിക്ഷേപം വേണമെന്നും പ്രൈമറി കെയർ, കമ്മ്യൂണിറ്റി നഴ്സിങ്, സോഷ്യൽ കെയർ മേഖലകളിലെ ശേഷി വർദ്ധിപ്പിക്കണമെന്നും റോയൽ കോളേജ് ഓഫ് നഴ്സിങ് ആവശ്യപ്പെട്ടു. അതേസമയം, എ ആൻഡ് ഇ വിഭാഗങ്ങളിലെ നീണ്ട കാത്തിരിപ്പ് രോഗികൾക്ക് ഒട്ടും സ്വീകാര്യമല്ലെന്ന് ആരോഗ്യവകുപ്പ് പ്രതികരിച്ചു. എമർജൻസി വിഭാഗങ്ങളിലെ സമ്മർദ്ദം കുറയ്ക്കാൻ ഇംഗ്ലണ്ടിൽ 40 പുതിയതോ വിപുലീകരിച്ചതോ ആയ എമർജൻസി കെയർ, അർജന്റ് ട്രീറ്റ്‌മെന്റ് സെന്ററുകൾക്കായി 215 മില്യൺ പൗണ്ടിലേറെ നിക്ഷേപിക്കുന്നുണ്ടെന്നും കോറിഡോർ കെയർ ഇല്ലാതാക്കാൻ മോശം പ്രകടനമുള്ള എൻഎച്ച്എസ് ട്രസ്റ്റുകളിൽ പ്രത്യേക വിദഗ്ദ്ധ സംഘങ്ങളെ വിന്യസിക്കുമെന്നും സർക്കാർ അറിയിച്ചു.
English summary: RCEM analysis suggests long A&E waits in England are linked to more than 1,300 avoidable patient deaths every month.
