കുട്ടികളുടെ നഗ്നചിത്രങ്ങൾ തടയാൻ ടെക് കമ്പനികൾക്ക് സ്റ്റാർമറിന്റെ മുന്നറിയിപ്പ്; വഴങ്ങിയില്ലെങ്കിൽ പുതിയ നിയമം
ലണ്ടൻ : കുട്ടികൾ മൊബൈൽ ഫോണുകളിലൂടെയും ടാബ്‌ലറ്റുകളിലൂടെയും നഗ്നചിത്രങ്ങൾ അയക്കുന്നതും സ്വീകരിക്കുന്നതും തടയാൻ കർശന നടപടികളുമായി ബ്രിട്ടീഷ് സർക്കാർ രംഗത്ത്. ലണ്ടൻ ടെക് വീക്കിന്റെ ഉദ്ഘാടന പ്രസംഗത്തിൽ പ്രധാനമന്ത്രി കിയർ സ്റ്റാർമറാണ് സാങ്കേതികവിദ്യാ കമ്പനികൾക്ക് കടുത്ത മുന്നറിയിപ്പ് നൽകിയത്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ സ്മാർട്ട്‌ഫോണുകളിലും മറ്റ് ഡിജിറ്റൽ ഉപകരണങ്ങളിലും പ്രത്യേക നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് ആപ്പിൾ, ഗൂഗിൾ തുടങ്ങിയ ആഗോള ടെക് കമ്പനികളോട് അദ്ദേഹം ആവശ്യപ്പെട്ടു.
കുട്ടികൾക്കിടയിൽ ഇത്തരം നഗ്നചിത്രങ്ങൾ പ്രചരിക്കുന്നത് ആധുനിക സാങ്കേതികവിദ്യയുടെ അനിവാര്യമായ ഒരു വിലയാണെന്ന് കരുതി മാതാപിതാക്കൾക്ക് കൈകെട്ടി നോക്കിനിൽക്കാൻ കഴിയില്ലെന്ന് കിയർ സ്റ്റാർമർ വ്യക്തമാക്കി. സാങ്കേതികവിദ്യ സമൂഹത്തിന്റെ ആവശ്യങ്ങൾക്ക് അനുസരിച്ചാണ് മാറേണ്ടത്, മറിച്ച് സമൂഹം സാങ്കേതികവിദ്യയുടെ പ്രശ്നങ്ങൾ സഹിക്കേണ്ട സാഹചര്യം ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. വരും മാസങ്ങളിൽ കമ്പനികൾ സ്വമേധയാ ആവശ്യമായ മാറ്റങ്ങൾ നടപ്പിലാക്കാൻ തയ്യാറായില്ലെങ്കിൽ നിയമനിർമ്മാണത്തിലൂടെ ഇത് നിർബന്ധമാക്കുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകി.
നിലവിൽ ഉപയോഗത്തിലിരിക്കുന്നതും പുതുതായി വിപണിയിൽ എത്തുന്നതുമായ എല്ലാ ഫോണുകൾക്കും ടാബ്‌ലറ്റുകൾക്കും നിർദേശിക്കപ്പെടുന്ന സുരക്ഷാ നിയന്ത്രണങ്ങൾ ബാധകമാക്കാനാണ് ഹോം ഓഫീസ് ആലോചിക്കുന്നത്. തേർഡ് പാർട്ടി ആപ്പുകളിൽ ഉൾപ്പെടെ നഗ്നത തിരിച്ചറിഞ്ഞ് തടയാൻ കഴിയുന്ന സംവിധാനങ്ങൾ നടപ്പാക്കുന്നതിലൂടെ കുട്ടികൾ ഇത്തരം ചിത്രങ്ങൾ എടുക്കുന്നതും പങ്കുവെക്കുന്നതും തടയുകയാണ് ലക്ഷ്യം. അതേസമയം, ഇത്തരം നിയന്ത്രണങ്ങൾ സ്വകാര്യതയെയും ഇന്റർനെറ്റ് സ്വാതന്ത്ര്യത്തെയും ബാധിക്കുമെന്ന വിമർശനവുമായി ചില സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
English Summary: The UK government has warned tech companies to block children from sending or receiving explicit images or face new legislation.
