യുകെയിൽ മൂത്രാശയ കാൻസർ കണ്ടെത്താൻ അത്യാധുനിക പരിശോധന; ലളിതവും കൃത്യവുമെന്ന് റിപ്പോർട്ട്
ലണ്ടൻ : മൂത്രാശയ കാൻസർ (ബ്ലാഡർ കാൻസർ) കൂടുതൽ വേഗത്തിലും കൃത്യതയോടും കൂടി വീട്ടിലിരുന്ന് തന്നെ കണ്ടെത്താൻ സഹായിക്കുന്ന പുതിയ പരിശോധനാ രീതിയുമായി ബ്രിട്ടനിലെ നാഷണൽ ഹെൽത്ത് സർവീസ് (എൻഎച്ച്എസ്) ആശുപത്രികൾ. നിലവിലുള്ള വേദനാജനകവും സങ്കീർണ്ണവുമായ പരിശോധനകൾക്ക് പകരമായി 'ഗാലിയാസ് ബ്ലാഡർ ടെസ്റ്റ്' എന്ന പുതിയ മൂത്രപരിശോധനയാണ് ഇപ്പോൾ നടപ്പിലാക്കി വരുന്നത്. ഇംഗ്ലണ്ടിലെയും വെയ്ൽസിലെയും അഞ്ച് പ്രമുഖ ആശുപത്രികൾ ഈ രീതി ഇതിനകം തന്നെ വിജയകരമായി സ്വീകരിച്ചുകഴിഞ്ഞു. ഈ വർഷം അവസാനത്തോടെ മറ്റ് പതിനാറോളം ആശുപത്രികളിലേക്ക് കൂടി ഈ സൗകര്യം വ്യാപിപ്പിക്കുമെന്നാണ് ആരോഗ്യരംഗത്തുനിന്നുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
നിലവിൽ മൂത്രാശയ കാൻസർ നിർണ്ണയിക്കുന്നതിനായി എൻഡോസ്കോപ്പിക്ക് സമാനമായ 'സിസ്റ്റോസ്കോപ്പി' എന്ന ക്യാമറ ഘടിപ്പിച്ച ട്യൂബ് ശരീരത്തിനുള്ളിലേക്ക് കടത്തിയുള്ള ബുദ്ധിമുട്ടേറിയ പരിശോധനയാണ് നടത്തിവരുന്നത്. ഇതിലെ ശാരീരിക അസ്വസ്ഥതകൾ കാരണം പല രോഗികളും പരിശോധനകളിൽ നിന്ന് പിന്മാറാറുണ്ട്. എന്നാൽ പുതിയ ഗാലിയാസ് പരിശോധന തികച്ചും ലളിതമാണ്. രോഗികൾക്ക് വീട്ടിൽ വച്ച് തന്നെ മൂത്രത്തിന്റെ സാമ്പിൾ ശേഖരിച്ച് ലാബുകളിലേക്ക് അയക്കാൻ സാധിക്കും. കാൻസറുമായി ബന്ധപ്പെട്ട 23 ജീനുകളുടെ സാന്നിധ്യം തിരിച്ചറിയുന്ന ഡിഎൻഎ അധിഷ്ഠിത സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിക്കുന്നത്.
മുൻപ് നടന്ന ക്ലിനിക്കൽ ട്രയലുകളിൽ സിസ്റ്റോസ്കോപ്പി പരിശോധനയ്ക്ക് 81 ശതമാനം കൃത്യത മാത്രമുണ്ടായിരുന്ന സ്ഥാനത്ത് പുതിയ രീതിക്ക് 92 ശതമാനം കൃത്യതയുണ്ടെന്ന് കണ്ടെത്തിയിരുന്നു. രോഗനിർണ്ണയത്തിനുള്ള സമയം പകുതിയായി കുറയ്ക്കാൻ ഈ പുതിയ മാർഗ്ഗത്തിലൂടെ സാധിക്കുമെന്ന് ലെയ്‌സെസ്റ്റർ എൻഎച്ച്എസ് ട്രസ്റ്റിലെ വിദഗ്ധർ വ്യക്തമാക്കുന്നു. രോഗികൾക്ക് കാൻസർ പരിശോധന കൂടുതൽ എളുപ്പമാക്കുന്നതോടൊപ്പം ആശുപത്രികളിലെ തിരക്ക് കുറയ്ക്കാനും ഇത് ഏറെ സഹായകരമാകും. യൂണിവേഴ്സിറ്റി ഓഫ് ബർമിംഗ്ഹാമിലെ ഗവേഷകരും കാൻസർ റിസർച്ച് യുകെയും സംയുക്തമായാണ് ഈ വിപ്ലവാത്മകമായ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്.
English Summary:
NHS hospitals are adopting a faster, non-invasive, and more accurate at-home DNA urine test called the Galeas bladder test to replace painful cystoscopy procedures for detecting bladder cancer.
