പ്രമുഖ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്ക് യുകെയിൽ ഏറ്റവും കുറഞ്ഞ വില ടെസ്‌കോയിലെന്ന് പഠനം
A study by consumer group Which? revealed that Tesco with a Clubcard was the cheapest UK supermarket for branded groceries in September, while shopping without loyalty cards cost consumers hundreds of pounds extra.
ലണ്ടൻ : യുകെയിലെ ഉപഭോക്താക്കൾക്കിടയിൽ ജനപ്രിയമായ ബ്രാൻഡഡ് ഭക്ഷ്യോത്പന്നങ്ങൾ ഏറ്റവും കുറഞ്ഞ നിരക്കിൽ വാങ്ങാൻ സാധിക്കുന്നത് ടെസ്‌കോയിലാണെന്ന് (Tesco) കൺസ്യൂമർ ഗ്രൂപ്പായ ‘വിച്ച്?’ (Which?) നടത്തിയ ഏറ്റവും പുതിയ വിലയിരുത്തലിൽ വ്യക്തമായി. സെപ്റ്റംബർ മാസത്തിൽ പ്രമുഖ ബ്രാൻഡുകളുടെ 219 നിത്യോപയോഗ സാധനങ്ങൾ പരിശോധിച്ചതിലാണ് ടെസ്‌കോ ക്ലബ്കാർഡ് (Clubcard) ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് ഏറ്റവും കുറഞ്ഞ നിരക്ക് (£757.71) ലഭിക്കുന്നതായി കണ്ടെത്തിയത്. ഈ വർഷം ആദ്യമായാണ് ഈ പട്ടികയിൽ ആസ്ഡയെ (Asda - £760.36) പിന്തള്ളി ടെസ്‌കോ ഒന്നാമതെത്തുന്നത്. ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ കുറവായതിനാൽ അൽഡി, ലിഡിൽ തുടങ്ങിയ ഡിസ്കൗണ്ട് സൂപ്പർമാർക്കറ്റുകളെ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.
സൂപ്പർമാർക്കറ്റുകളിൽ ഷോപ്പിങ് നടത്തുമ്പോൾ സൗജന്യ ലോയൽറ്റി കാർഡുകൾ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യവും ഈ പഠനം അടിവരയിടുന്നു. ക്ലബ്കാർഡ് ഉപയോഗിക്കാതെ ഇതേ 219 ഉൽപ്പന്നങ്ങൾ ടെസ്‌കോയിൽ നിന്ന് വാങ്ങിയാൽ ഉപഭോക്താക്കൾക്ക് £861.50 ചെലവാകും; അതായത് ലോയൽറ്റി കാർഡ് വഴി ലഭിക്കുന്നതിനേക്കാൾ 100 പൗണ്ടിലധികം (£103.79) കൂടുതൽ. യുകെയിലെ ഏറ്റവും ചെലവേറിയ സൂപ്പർമാർക്കറ്റായി കണക്കാക്കുന്ന വെയ്‌ട്രോസിനേക്കാൾ (£829.04) ഉയർന്ന തുകയാണിത്. ലോയൽറ്റി കാർഡില്ലാതെ വാങ്ങുന്നവർ ഒരേ സാധനങ്ങൾക്ക് തന്നെ 14 ശതമാനത്തിലധികം തുക അധികമായി നൽകേണ്ടി വരുന്നുണ്ട്.
ജീവിതച്ചെലവ് കുതിച്ചുയരുന്ന സാഹചര്യത്തിൽ പ്രതിവാര പലചരക്ക് സാധനങ്ങൾ വാങ്ങുമ്പോൾ വില താരതമ്യം ചെയ്യുന്നത് കുടുംബ ബജറ്റിനെ വലിയ തോതിൽ സഹായിക്കുമെന്ന് ‘വിച്ച്?’ റീട്ടെയിൽ എഡിറ്റർ റീന സെവ്രസ് വ്യക്തമാക്കി. സ്റ്റോറുകൾ തമ്മിൽ വലിയ വിലവ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ടെന്നും, സൗജന്യ ലോയൽറ്റി സ്കീമുകളിൽ ചേരുന്നതിലൂടെയും സ്വന്തം ബ്രാൻഡ് ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുന്നതിലൂടെയും ഉപഭോക്താക്കൾക്ക് പണം ലാഭിക്കാൻ സാധിക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
