ബെൽഫാസ്റ്റിൽ ക്രൂരമായ കത്തിയാക്രമണം: വധശ്രമത്തിന് മുപ്പതുകാരൻ അറസ്റ്റിൽ
ലണ്ടൻ : വടക്കൻ അയർലൻഡിലെ ബെൽഫാസ്റ്റിൽ തിങ്കളാഴ്ച രാത്രിയുണ്ടായ ക്രൂരമായ കത്തിയാക്രമണത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും മുപ്പതുകളിൽ പ്രായമുള്ള ഒരാളെ വധശ്രമക്കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. നോർത്ത് ബെൽഫാസ്റ്റിലെ കിന്നെയർഡ് സ്ട്രീറ്റിൽ രാത്രി 10.30ഓടെയായിരുന്നു ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. ആക്രമണത്തിൽ മുഖത്തും കഴുത്തിലും പുറകിലും മാരകമായി പരിക്കേറ്റ നാല്പതുകാരനെ റോയൽ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്ന് പൊലീസ് സർവീസ് ഓഫ് നോർതേൺ അയർലൻഡ് അറിയിച്ചു.
സംഭവത്തിന്റെ ഭീതിജനകമായ ദൃശ്യങ്ങൾ സാമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ പ്രദേശവാസികൾ വലിയ ആശങ്കയിലാണ്. അക്രമിയിൽ നിന്ന് ഇരയെ രക്ഷിക്കാൻ നാട്ടുകാർ ധീരമായി ശ്രമിക്കുന്നതും ഒരാൾ ഹർലിങ് സ്റ്റിക്ക് ഉപയോഗിച്ച് പ്രതിയെ ചെറുക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. വിവരമറിഞ്ഞ് മിനിറ്റുകൾക്കകം പൊലീസ് സ്ഥലത്തെത്തിയെന്നും ആക്രമണത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ ഊർജിതമായ അന്വേഷണം ആരംഭിച്ചതായും അസിസ്റ്റന്റ് ചീഫ് കോൺസ്റ്റബിൾ റയാൻ ഹെൻഡേഴ്‌സൺ വ്യക്തമാക്കി. ക്രമസമാധാനപാലനത്തെ ബാധിക്കുന്നതിനാൽ ഈ ദൃശ്യങ്ങൾ വീണ്ടും പങ്കുവെക്കരുതെന്ന് പൊലീസ് പൊതുജനങ്ങളോട് കർശനമായി അഭ്യർത്ഥിച്ചിട്ടുണ്ട്.
ബെൽഫാസ്റ്റിലെ ആക്രമണത്തെ കടുത്ത ഭാഷയിലാണ് രാഷ്ട്രീയ നേതൃത്വം അപലപിച്ചത്. സംഭവം അസഹ്യവും ഞെട്ടിക്കുന്നതുമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമർ പ്രതികരിച്ചു. ഇത്തരം അക്രമങ്ങൾക്ക് രാജ്യത്തിന്റെ തെരുവുകളിൽ സ്ഥാനമുണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നോർതേൺ അയർലൻഡ് ഫസ്റ്റ് മിനിസ്റ്റർ മിഷെൽ ഒനീൽ, ജസ്റ്റിസ് മന്ത്രി നയോമി ലോങ് എന്നിവരും സംഭവത്തെ ശക്തമായി അപലപിച്ചു. അതേസമയം ആക്രമണത്തെ കുടിയേറ്റവുമായി ബന്ധിപ്പിച്ച് തെറ്റായ പ്രചാരണങ്ങൾ നടത്തരുതെന്നും പൂർണ്ണമായ വസ്തുതകൾ പുറത്തുവരുന്നത് വരെ ജനങ്ങൾ സമാധാനം പാലിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
English Summary: A man in his 30s has been arrested for attempted murder following a brutal knife attack in Belfast that left a 40-year-old man critically injured.
