വിമാനയാത്രകളിൽ പവർ ബാങ്കുകൾ വില്ലനാകുന്നു; കർശന മുന്നറിയിപ്പുമായി വ്യുകെ യോമയാന മന്ത്രാലയം

May 26, 2026 - 17:04
 0
വിമാനയാത്രകളിൽ പവർ ബാങ്കുകൾ വില്ലനാകുന്നു; കർശന മുന്നറിയിപ്പുമായി വ്യുകെ യോമയാന മന്ത്രാലയം

ലണ്ടൻ : വിമാനയാത്രകളിൽ പവർ ബാങ്കുകൾ ഉണ്ടാക്കുന്ന സുരക്ഷാ ഭീഷണികൾ വർദ്ധിച്ചുവരുന്നതായി യുകെ വ്യോമയാന നിയന്ത്രണ ഏജൻസിയായ സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകി. ലാപ്ടോപ്പുകളെയും ഫോണുകളെയും അപേക്ഷിച്ച് പവർ ബാങ്കുകളിലെ ലിഥിയം അയോൺ ബാറ്ററികൾക്ക് വലിപ്പവും പ്രഹരശേഷിയും കൂടുതലാണെന്നും ഇവ എളുപ്പത്തിൽ അമിതമായി ചൂടായി തീപിടിക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ ചൂണ്ടിക്കാണിക്കുന്നു. യാത്രാവേളകളിൽ പവർ ബാങ്കുകൾ കൈകാര്യം ചെയ്യുന്നതിൽ അതീവ ശ്രദ്ധ പുലർത്തണമെന്നും അന്താരാഷ്ട്ര സുരക്ഷാ നിയമങ്ങളെക്കുറിച്ച് കൃത്യമായ ബോധവൽക്കരണം ആവശ്യമാണെന്നും സിഎഎ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം ഈസിജെറ്റ് വിമാനത്തിലെ യാത്രക്കാരൻ പവർ ബാങ്ക് അറിയാതെ ഹോൾഡ് ലഗേജിൽ വെച്ചതിനെ തുടർന്ന് വിമാനം റോമിലേക്ക് അടിയന്തിരമായി തിരിച്ചുവിട്ട സംഭവം ഈ മുന്നറിയിപ്പിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.


വിമാനയാത്രകളിൽ പവർ ബാങ്കുകൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര തലത്തിൽ കർശനമായ മാർഗ്ഗനിർദ്ദേശങ്ങളാണ് നിലവിലുള്ളത്. പവർ ബാങ്കുകൾ യാതൊരു കാരണവശാലും ചെക്ക് ഇൻ ലഗേജുകളിൽ സൂക്ഷിക്കാൻ പാടില്ലെന്നും അവ ഹാൻഡ് ബാഗേജുകളായി മാത്രമേ വിമാനത്തിനുള്ളിൽ കരുതാനാകൂ എന്നും സിഎഎ വ്യക്തമാക്കുന്നു. ഒരു യാത്രക്കാരന് പരമാവധി രണ്ട് പവർ ബാങ്കുകൾ വരെ മാത്രമേ കൈവശം വെക്കാൻ അനുവാദമുള്ളൂ. കൂടാതെ വിമാനത്തിനുള്ളിൽ വെച്ച് പവർ ബാങ്കുകൾ ഉപയോഗിക്കാനോ അവ റീചാർജ് ചെയ്യാനോ പാടില്ല. ചാർജ് ചെയ്യുന്ന സമയത്താണ് ഇവ ഏറ്റവും കൂടുതൽ ചൂടാകുന്നതെന്നും ഇത് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്നും അധികൃതർ ഓർമ്മിപ്പിച്ചു. വിമാനത്തിൽ കയറുന്നതിന് മുൻപ് തന്നെ മൊബൈൽ ഫോണുകളും മറ്റ് ഉപകരണങ്ങളും ചാർജ് ചെയ്ത് സൂക്ഷിക്കാൻ യാത്രക്കാർ ശ്രദ്ധിക്കേണ്ടതുണ്ട്.


കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന വ്യാജ പവർ ബാങ്കുകളാണ് പലപ്പോഴും ഇത്തരം അപകടങ്ങൾ വരുത്തിവെക്കുന്നത്. പരുക്കൻ രീതിയിലുള്ള ഉപയോഗം കാരണം ഇവയുടെ ബാറ്ററികൾക്ക് കേടുപാടുകൾ സംഭവിക്കാനും ഇത് വഴി ലിഥിയം അയോൺ ബാറ്ററികൾ അമിതമായി ചൂടായി തീപിടിക്കാനുമുള്ള സാധ്യത വളരെ കൂടുതലാണ്. വിമാന കമ്പനികളുമായി ചേർന്ന് യാത്രക്കാർക്കായി വിപുലമായ ബോധവൽക്കരണ കാമ്പയിൻ ആരംഭിക്കാൻ സിഎഎ പദ്ധതിയിടുന്നുണ്ട്. വെയ്പ്പുകൾക്കും പവർ ബാങ്കുകൾക്കും ഒരേ നിയമങ്ങളാണ് ബാധകമെന്നും ഹാൻഡ് ബാഗേജുകൾ ഓവർഹെഡ് കാബിനുകളിൽ വെക്കുന്നതിന് പകരം മുന്നിലെ സീറ്റിനടിയിൽ സൂക്ഷിക്കുന്നതാണ് കൂടുതൽ സുരക്ഷിതമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Webadmin UK Malayali News editorial team brings the latest UK news, immigration updates, community stories and important information for Malayali readers in the United Kingdom.
ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.