ശക്തമായ ചൂടിനിടെ യുകെയിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

May 26, 2026 - 17:07
 0
ശക്തമായ ചൂടിനിടെ യുകെയിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

ലണ്ടൻ : യുകെയിൽ മെയ് മാസത്തിലെ സർവകാല റെക്കോർഡുകൾ ഭേദിച്ച് കടുത്ത ഉഷ്ണതരംഗം തുടരുന്നതിനിടയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ ഇടിമിന്നലോടും ആലിപ്പഴ വർഷത്തോടും കൂടിയ മഴയ്ക്ക് സാധ്യതയെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ്. തെക്കുപടിഞ്ഞാറൻ ലണ്ടനിലെ ക്യൂ ഗാർഡൻസിൽ കഴിഞ്ഞ ദിവസം താപനില 34.8 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതോടെയാണ് മുൻവർഷങ്ങളിലെ റെക്കോർഡുകൾ തകർന്നത്. ലണ്ടനിലെ കെൻലി എയർഫീൽഡിൽ രാത്രിയിലെ താപനില 21.3 ഡിഗ്രി സെൽഷ്യസിന് താഴേക്ക് പോകാതിരുന്നതും ചരിത്രത്തിലെ ഏറ്റവും ചൂടേറിയ മെയ് മാസരാത്രിയായി ഇതിനെ മാറ്റി.

എന്നാൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം ബാത്ത്, റീഡിങ്, ഷെഫീൽഡ് തുടങ്ങിയ പ്രദേശങ്ങളിൽ ശക്തമായ കാറ്റും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയും ഉണ്ടാകുമെന്നാണ് പുതിയ യെല്ലോ അലർട്ട് സൂചിപ്പിക്കുന്നത്.


അതിരൂക്ഷമായ ചൂടിനെ തുടർന്ന് ബ്രിട്ടനിലെ റെയിൽ ഗതാഗത മേഖലയിൽ വൻ പ്രതിസന്ധിയാണ് നേരിടുന്നത്. ലണ്ടൻ വാട്ടർലൂവിൽ നിന്ന് വിൻചെസ്റ്റർ, സതാംപ്ടൺ, ബോൺമൗത്ത് തുടങ്ങിയ തെക്കൻ നഗരങ്ങളിലേക്കുള്ള ട്രെയിൻ സർവീസുകൾ സൗത്ത് വെസ്റ്റേൺ റെയിൽവേ പൂർണ്ണമായും റദ്ദാക്കുകയോ വെട്ടിച്ചുരുക്കുകയോ ചെയ്തു. ട്രാക്കുകളിൽ അമിതമായി ചൂട് കൂടുന്നതും പുക ഉയർന്നതും സുരക്ഷാ പരിശോധനകൾ ആവശ്യമാക്കിയതാണ് സർവീസുകൾ വൈകാൻ കാരണമായത്. എലിസബത്ത് ലൈൻ സർവീസുകളെയും ചൂട് ബാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ താപനില 36 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്നാണ് പ്രവചനം.


ആരോഗ്യ മേഖലയിൽ വലിയ ആഘാതം സൃഷ്ടിക്കാൻ സാധ്യതയുള്ളതിനാൽ യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി ഈ വർഷത്തെ ആദ്യത്തെ അംബർ ഹെൽത്ത് അലർട്ട് പുറപ്പെടുവിച്ചു. പ്രായമായവരും കുട്ടികളും അടങ്ങുന്ന ആരോഗ്യപ്രശ്നങ്ങളുള്ള വിഭാഗങ്ങൾ പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. പകൽ സമയങ്ങളിൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിൽ കൊള്ളുന്നത് ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. ഉഷ്ണതരംഗം കാരണം പലയിടങ്ങളിലും കുടിവെള്ള വിതരണ തടസ്സവും എഡിൻബറോയിൽ കാട്ടുതീയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Webadmin UK Malayali News editorial team brings the latest UK news, immigration updates, community stories and important information for Malayali readers in the United Kingdom.
ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.