ട്രിപ്പിൾ ലോക്ക് പെൻഷൻ വാഗ്ദാനം ഉപേക്ഷിക്കണം; ലേബറിനോട് ഒഇസിഡി
യുകെയുടെ പൊതുധനകാര്യ സമ്മർദം കുറയ്ക്കാൻ ട്രിപ്പിൾ ലോക്ക് പെൻഷൻ സംവിധാനം പരിഷ്കരിക്കണമെന്ന് ഒഇസിഡി.
ലണ്ടൻ : യുകെയുടെ പൊതുധനകാര്യത്തെ സ്ഥിരതയിലാക്കാൻ സംസ്ഥാന പെൻഷന്റെ ട്രിപ്പിൾ ലോക്ക് സംവിധാനം പരിഷ്കരിക്കുകയോ ഉപേക്ഷിക്കുകയോ വേണമെന്ന് സാമ്പത്തിക സഹകരണ വികസന സംഘടനയായ ഒഇസിഡി ആവശ്യപ്പെട്ടു. ശമ്പള വർധന, പണപ്പെരുപ്പം, 2.5 ശതമാനം എന്നിവയിൽ ഏറ്റവും ഉയർന്ന നിരക്കിനനുസരിച്ച് പെൻഷൻ ഉയർത്തുന്ന സംവിധാനമാണ് ട്രിപ്പിൾ ലോക്ക്.
ശമ്പള വർധനയും പണപ്പെരുപ്പവും അടിസ്ഥാനമാക്കിയുള്ള ശരാശരി നിരക്കിൽ പെൻഷൻ ഉയർത്തുന്ന രീതി പരിഗണിക്കണമെന്നാണ് നിർദേശം. ഇത്തരമൊരു പരിഷ്കാരത്തിലൂടെ ദീർഘകാലത്ത് മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ ഏകദേശം രണ്ട് ശതമാനത്തിന് തുല്യമായ തുക ലാഭിക്കാമെന്നും റിപ്പോർട്ട് പറയുന്നു. സംവിധാനം പ്രതീക്ഷിച്ചതിന്റെ മൂന്നിരട്ടി ചെലവ് സൃഷ്ടിച്ചതായി ബജറ്റ് റെസ്പോൺസിബിലിറ്റി ഓഫീസ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
മന്ദഗതിയിലുള്ള വളർച്ച, ഉയർന്ന പൊതുകടം, പലിശച്ചെലവ്, വയോധിക ജനസംഖ്യ, കാലാവസ്ഥാ-പ്രതിരോധ ചെലവുകൾ എന്നിവ സർക്കാരിന്റെ സാമ്പത്തിക ഇടം പരിമിതപ്പെടുത്തുന്നതായി ഒഇസിഡി പറഞ്ഞു. നികുതി നിരക്കുകൾ ഉയർത്തുന്നതിന് പകരം നികുതി സംവിധാനവും എൻഎച്ച്എസ് ആശുപത്രികളുടെ കാര്യക്ഷമതയും മെച്ചപ്പെടുത്തണമെന്നും സംഘടന ശുപാർശ ചെയ്തു.
English Summary: The OECD has urged Labour to reform or scrap the UK pension triple lock.
