ലണ്ടൻ ട്യൂബ് ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു; യുകെയിൽ യാത്രാക്ലേശം രൂക്ഷമാകാൻ സാധ്യത

Jun 2, 2026 - 11:26
 0
ലണ്ടൻ ട്യൂബ് ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു; യുകെയിൽ യാത്രാക്ലേശം രൂക്ഷമാകാൻ സാധ്യത

ലണ്ടൻ : ട്രാൻസ്‌പോർട്ട് ഫോർ ലണ്ടനും ആർഎംടി യൂണിയനും തമ്മിൽ അവസാന നിമിഷം നടത്തിയ ചർച്ചകളും പരാജയപ്പെട്ടതോടെ ലണ്ടൻ ട്യൂബ് ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു. ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് ജീവനക്കാർ 24 മണിക്കൂർ വീതം പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ജോലി സമയം ആഴ്ചയിൽ നാല് ദിവസമാക്കുന്ന പുതിയ പരിഷ്കാരവുമായി ബന്ധപ്പെട്ട തർക്കമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ചർച്ചകളിൽ അനുകൂലമായ തീരുമാനം ഉണ്ടാകാത്തതിനെ തുടർന്ന് ലണ്ടൻ നഗരത്തിൽ വലിയ യാത്രാക്ലേശം അനുഭവപ്പെടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


ട്യൂബ് ഡ്രൈവർമാരിൽ പകുതിയോളം പേർ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ടെങ്കിലും പകുതി സർവീസുകളെങ്കിലും നിലനിർത്താൻ സാധിക്കുമെന്നാണ് ടിഎഫ്എൽ പ്രത്യാശിക്കുന്നത്. അതേസമയം സർക്കിൾ, പിംപ്ലിക്കോ ലൈനുകളിലും മെട്രോപൊളിറ്റൻ, സെൻട്രൽ ലൈനുകളുടെ പ്രധാന ഭാഗങ്ങളിലും സർവീസുകൾ പൂർണ്ണമായി തടസ്സപ്പെടും. പുതിയ ക്രമീകരണം ജീവനക്കാരിൽ കടുത്ത ക്ഷീണത്തിനും ജോലിഭാരത്തിനും കാരണമാകുമെന്നും സുരക്ഷയെ ബാധിക്കുമെന്നുമാണ് യൂണിയൻ ആരോപിക്കുന്നത്. എന്നാൽ ഈ മാറ്റങ്ങൾ തികച്ചും സ്വമേധയാ സ്വീകരിക്കാവുന്നതാണെന്നും താൽപ്പര്യമില്ലാത്തവർക്ക് പഴയ അഞ്ച് ദിവസത്തെ രീതിയിൽ തുടരാമെന്നുമാണ് അധികൃതരുടെ വാദം.


എലിസബത്ത് ലൈൻ, ലണ്ടൻ ഓവർഗ്രൗണ്ട്, ബസ് സർവീസുകൾ എന്നിവ സാധാരണ നിലയിൽ പ്രവർത്തിക്കുമെങ്കിലും റോഡുകളിൽ കനത്ത തിരക്കിന് സാധ്യതയുണ്ട്. ട്യൂബ് സർവീസുകൾ സാധാരണയേക്കാൾ നേരത്തെ അവസാനിക്കാനും സാധ്യതയുള്ളതിനാൽ മുൻകൂട്ടി പ്ലാൻ ചെയ്ത് മാത്രം യാത്രയ്ക്ക് ഇറങ്ങണമെന്ന് യാത്രക്കാർക്ക് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. തുടർച്ചയായ ഈ പണിമുടക്കുകൾ ലണ്ടന്റെ സാമ്പത്തിക മേഖലയെയും ബിസിനസ്സ് സ്ഥാപനങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും പരക്കെയുണ്ട്.


The London Underground strike went ahead on Tuesday after last-minute talks between TfL and the RMT union collapsed over a dispute regarding a proposed four-day working week.

Webadmin UK Malayali News editorial team brings the latest UK news, immigration updates, community stories and important information for Malayali readers in the United Kingdom.
ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.