ഇറാൻ യുദ്ധത്തിന്റെ ആഘാതത്തിനിടയിലും മേയിൽ യുകെ സമ്പദ്‌വ്യവസ്ഥ 0.1 ശതമാനം വളർന്നു
ഇറാൻ സംഘർഷത്തെ തുടർന്നുള്ള ഊർജച്ചെലവ് വർധനയ്ക്കിടയിലും മേയിൽ യുകെ സമ്പദ്‌വ്യവസ്ഥ 0.1 ശതമാനം വളർന്നു.
ലണ്ടൻ : ഇറാൻ യുദ്ധത്തെ തുടർന്ന് ഊർജച്ചെലവ് ഉയർന്നിട്ടും മേയ് മാസത്തിൽ യുകെ സമ്പദ്‌വ്യവസ്ഥ 0.1 ശതമാനം വളർച്ച രേഖപ്പെടുത്തി. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഏപ്രിലിൽ 0.1 ശതമാനം ഇടിവുണ്ടായതിന് ശേഷമാണ് സമ്പദ്‌വ്യവസ്ഥ വീണ്ടും വളർച്ചയിലേക്ക് മടങ്ങിയത്. സാമ്പത്തിക വിദഗ്ധർ പ്രവചിച്ച നിരക്കിനൊത്ത വളർച്ചയാണ് മേയിൽ ഉണ്ടായത്.
സേവന മേഖലയിൽ 0.3 ശതമാനം വളർച്ച രേഖപ്പെടുത്തിയപ്പോൾ ഉൽപാദന മേഖല 0.5 ശതമാനവും നിർമാണ മേഖല 0.8 ശതമാനവും ഇടിഞ്ഞു. ശാസ്ത്രീയ ഗവേഷണ-വികസന മേഖലയാണ് ഏറ്റവും വലിയ വളർച്ച കൈവരിച്ചത്; ഈ മേഖലയുടെ ഉൽപാദനം 5.1 ശതമാനം ഉയർന്നു. മേയ് വരെയുള്ള മൂന്ന് മാസങ്ങളിൽ മൊത്ത ആഭ്യന്തര ഉൽപാദനം 0.7 ശതമാനം വർധിച്ചെങ്കിലും ഏപ്രിൽ വരെയുള്ള മൂന്ന് മാസത്തെ 0.8 ശതമാനം വളർച്ചയേക്കാൾ ഇത് കുറവാണ്.
ഇറാൻ സംഘർഷത്തെ തുടർന്ന് ഊർജവിലയും ചരക്കുഗതാഗത ചെലവും ഉയർന്നത് നിർമാണ, വ്യാവസായിക മേഖലകളെ ബാധിച്ചതായി സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടി. രണ്ടാം പാദത്തിൽ സമ്പദ്‌വ്യവസ്ഥയ്ക്ക് കാര്യമായ വളർച്ച ഉണ്ടാകാനിടയില്ലെന്ന ആശങ്കയും അവർ പങ്കുവച്ചു. ഉയർന്ന ചെലവുകൾ നേരിടുന്ന ബ്രിട്ടീഷ് കമ്പനികൾക്ക് അടിയന്തര സഹായം നൽകണമെന്ന് ബ്രിട്ടീഷ് ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആവശ്യപ്പെട്ടു.
English Summary: The UK economy grew by 0.1% in May despite higher energy costs linked to the Iran war.
