ലണ്ടനിൽ ഇന്ത്യൻ യുവതി കൊല്ലപ്പെട്ട സംഭവം; 44കാരനെതിരെ കൊലക്കുറ്റം
ഹെയ്‌സിലെ വീട്ടിൽ ഇന്ത്യൻ യുവതി കിരൺദീപ് കൗർ കൊല്ലപ്പെട്ട സംഭവത്തിൽ 44 വയസ്സുകാരനെതിരെ കൊലക്കുറ്റം ചുമത്തി.
ലണ്ടൻ : പടിഞ്ഞാറൻ ലണ്ടനിലെ ഹെയ്‌സിലുള്ള വീട്ടിൽ 24 വയസ്സുകാരിയായ ഇന്ത്യൻ യുവതി കിരൺദീപ് കൗർ കൊല്ലപ്പെട്ട സംഭവത്തിൽ 44 വയസ്സുകാരനായ ഡാനിയൽ സീൻ ജെയിംസിനെതിരെ കൊലക്കുറ്റം ചുമത്തി. ജൂലൈ 12ന് രാവിലെ 7.55ഓടെ അക്സ്ബ്രിഡ്ജ് റോഡിലെ വീട്ടിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കിരൺദീപിനെ അടിയന്തര ചികിത്സ നൽകിയെങ്കിലും സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പ്രഖ്യാപിച്ചു. വീടിന് പുറത്തു പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ഇരുപതുകളിലുള്ള മറ്റൊരു യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്.
പിൻനറിൽ താമസിക്കുന്ന പ്രതിക്കെതിരെ കൊലപാതകം, കൊലപാതകശ്രമം, മൂർച്ചയേറിയ ആയുധം കൈവശംവെച്ചത് എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. വില്ലസ്ഡൻ മജിസ്ട്രേറ്റ്സ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ഓഗസ്റ്റ് 11ന് ഓൾഡ് ബെയ്ലി കോടതിയിൽ വീണ്ടും ഹാജരാക്കും. കേസിൽ ഇതുവരെ വിദ്വേഷ കുറ്റകൃത്യത്തിന് തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെങ്കിലും എല്ലാ സാധ്യതകളും പരിശോധിച്ചുവരികയാണെന്ന് മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു.
പഞ്ചാബിലെ തരൺ തരൺ ജില്ലയിലെ പിഡ്ഡി ഗ്രാമത്തിൽ നിന്നുള്ള കിരൺദീപ് 2024 സെപ്റ്റംബറിൽ വിദ്യാർഥി വിസയിലാണ് യുകെയിലെത്തിയത്. പിന്നീട് തൊഴിൽ അനുമതിയിൽ കഴിയുകയായിരുന്ന ഇവർ ഏതാനും മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയാണെന്ന് കുടുംബം അറിയിച്ചു. പഠനത്തിനായി കുടുംബം കൃഷിഭൂമി വിറ്റ് ഏകദേശം 25 ലക്ഷം രൂപ ചെലവഴിച്ചിരുന്നുവെന്നും, ആക്രമണം വംശീയ പ്രേരിതമായിരിക്കാമെന്ന സംശയം കുടുംബം ഉന്നയിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇതിന് തെളിവില്ലെന്നാണ് പൊലീസിന്റെ നിലവിലെ നിലപാട്.
English Summary: A 44-year-old man has been charged with murdering Indian national Kirandeep Kaur at her west London home.
