യുകെയിൽ മലയാളി യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് സംശയം

ലണ്ടൻ: യുകെയിലെ സൗത്ത് യോർക്ഷെയറിനടുത്തുള്ള റോഥർഹാമിൽ തിരുവനന്തപുരം സ്വദേശിയായ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചിറയിൻകീഴ് ഞാറയിൽകോണം കുടവൂർ വടക്കേവീട്ടിൽ വേണുഗോപാലിന്റെയും ബേബിയുടെയും മകൻ വൈഷ്ണവ് വേണുഗോപാൽ (26) ആണ് മരിച്ചത്. കെയർ ഹോം ജീവനക്കാരനായ വൈഷ്ണവിനെ ജോലിക്ക് എത്താതിരുന്നതിനെ തുടർന്ന് സഹപ്രവർത്തകർ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മരണം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവം യുകെയിലെ മലയാളി സമൂഹത്തെയും നാട്ടിലെ ബന്ധുക്കളെയും ആഘാതത്തിലാഴ്ത്തി.
വൈഷ്ണവിനെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് റോഥർഹാമിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. ജോലിസ്ഥലത്ത് ഹാജരാകാതിരുന്നതിനെ തുടർന്ന് കെയർ ഹോം അധികൃതർ നടത്തിയ അന്വേഷണത്തിലാണ് ദുരന്തവിവരം പുറത്തുവന്നത്. മെക്സ്ബറോ പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് സംഭവസ്ഥലത്തെത്തിയ പൊലീസ് മൃതദേഹം ഡോൺകാസ്റ്റർ എൻഎച്ച്എസ് ഹോസ്പിറ്റലിലെ മോർച്ചറിയിലേക്ക് മാറ്റി. തിങ്കളാഴ്ച പോസ്റ്റ്മോർട്ടം നടക്കുമെന്ന് പൊലീസ് അറിയിച്ചു. മരണകാരണം സ്ഥിരീകരിക്കാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്.
2021-ൽ ഭാര്യ അഷ്ടമി സതീഷിനൊപ്പം വിദ്യാർഥി വീസയിൽ യുകെയിലെത്തിയ വൈഷ്ണവ്, രണ്ടുവർഷം മുമ്പ് ഹെൽത്ത് കെയർ അസിസ്റ്റന്റ് വീസയിൽ കെയർ ഹോമിൽ ജോലി ആരംഭിച്ചിരുന്നു. സ്ഥിരവരുമാനവും സന്തോഷകരമായ ജീവിതവും നയിച്ചുവന്ന യുവാവിന്റെ മരണം അപ്രതീക്ഷിതമായതിനാൽ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വിശ്വസിക്കാനാകാത്ത അവസ്ഥയാണ്. ഭാര്യ അഷ്ടമി നിലവിൽ അവധിയിൽ നാട്ടിലുണ്ട്.
വൈഷ്ണവിന്റെ മരണവിവരം മെക്സ്ബറോ പൊലീസ് നാട്ടിലെ ബന്ധുക്കളെ അറിയിച്ചതോടെ, യുകെയിലെ മലയാളി സുഹൃത്തുക്കൾക്കും വിവരം ലഭിച്ചു. മരണത്തിന്റെ കാരണം വ്യക്തമല്ലാത്തതിനാൽ, മാനസിക സമ്മർദമോ വ്യക്തിപരമായ പ്രശ്നങ്ങളോ ഉണ്ടായിരുന്നോ എന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെയുള്ളവർ ചിന്തിക്കുന്നത്.
യുകെയിലെ മലയാളി സമൂഹം ദുഃഖത്തിൽ മുഴുകിയിരിക്കുകയാണ്. വൈഷ്ണവിന്റെ ഏക സഹോദരൻ വിഷ്ണുവും മാതാപിതാക്കളും ഈ ഞെട്ടിക്കുന്ന വാർത്തയിൽ തകർന്ന അവസ്ഥയിലാണ്. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. മരണത്തിന്റെ പിന്നിലെ യഥാർഥ കാരണം അറിയാൻ അന്വേഷണം തുടരുകയാണ്.
ശ്രദ്ധിക്കുക: ആത്മഹത്യ ഒരു പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക.