ഹെൻറി നോവാക് കൊലക്കേസ്; വിക്രം ദിഗ്വയുടെ ആദ്യ കുറ്റസമ്മത സംഭാഷണം പുറത്ത്
ഹെൻറി നോവാക് കൊലക്കേസിൽ വിക്രം ദിഗ്വ സഹോദരനോട് നടത്തിയ പോലീസ് വാഹനത്തിലെ സംഭാഷണത്തിന്റെ പരിഭാഷ പുറത്തുവന്നു.
ലണ്ടൻ : സൗത്താംപ്ടൺ സർവകലാശാല വിദ്യാർഥിയായ 18 വയസ്സുകാരൻ ഹെൻറി നോവാക്കിനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട വിക്രം ദിഗ്വയുടെ ആദ്യ കുറ്റസമ്മത സംഭാഷണത്തിന്റെ വിവരങ്ങൾ പുറത്തുവന്നു. 2025 ഡിസംബർ 3ന് നടന്ന കൊലപാതകത്തിന് 36 മണിക്കൂറിനുള്ളിൽ, പോലീസ് വാഹനത്തിൽ സഹോദരൻ ഗുര്‍പ്രീതിനോട് സംസാരിക്കുമ്പോൾ ഹെൻറിയെ പലതവണ ആക്രമിച്ചതായി വിക്രം സമ്മതിച്ചുവെന്നാണ് ക്രൗൺ പ്രോസിക്യൂഷൻ സർവീസിൽ നിന്ന് ലഭിച്ച പഞ്ചാബി സംഭാഷണത്തിന്റെ ഇംഗ്ലീഷ് പരിഭാഷ വ്യക്തമാക്കുന്നത്. സംഭവത്തിന് പിന്നാലെ സ്വയംരക്ഷയ്ക്കായി പ്രതികരിച്ചതാണെന്നായിരുന്നു വിക്രം ആദ്യം പോലീസിനോട് പറഞ്ഞത്.
ആയുധത്തെ മതപരമായ കിർപാൻ എന്ന നിലയിൽ അവതരിപ്പിക്കാനും സ്വയംരക്ഷാവാദം ഉന്നയിക്കാനും ഗുര്‍പ്രീത് സഹോദരനോട് നിർദേശിച്ചതായും രേഖകളിൽ പറയുന്നു. എന്നാൽ കഴുത്തിൽ ധരിച്ചിരുന്ന ചെറിയ മതപരമായ കിർപാൻ അല്ല, ശരീരത്തിന് പുറത്ത് ഉറയിൽ കൊണ്ടുനടന്ന 21 സെന്റിമീറ്റർ നീളമുള്ള വലിയ കത്തിയാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ആയുധത്തെ കിർപാൻ എന്നു വിശേഷിപ്പിച്ചതിനെ സിഖ് നേതാക്കൾ ശക്തമായി അപലപിച്ചു.
കൊലപാതക ആയുധം സംഭവസ്ഥലത്തുനിന്ന് മാറ്റിയതിന് വിക്രത്തിന്റെ മാതാവ് കിരൺ കൗർ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. സഹോദരനും പിതാവും കൊലക്കേസിൽ പ്രതികളല്ലെങ്കിലും ആയുധങ്ങൾ കൈവശംവെച്ചെന്ന വേറിട്ട കേസിൽ വിചാരണ നേരിടുകയാണ്. വിക്രം ദിഗ്വയ്ക്ക് കുറഞ്ഞത് 21 വർഷം തടവ് അനുഭവിക്കേണ്ട ജീവപര്യന്തം ശിക്ഷയാണ് ലഭിച്ചത്; കുറ്റവിധിക്കും ശിക്ഷയ്ക്കുമെതിരെ അദ്ദേഹം അപ്പീൽ തേടിയിട്ടുണ്ട്.
English Summary: A police-van transcript has revealed Vickrum Digwa’s first recorded confession to killing Southampton student Henry Nowak.
