അങ്ങനെയങ്ങ് രാജിവച്ചൊഴിയില്ല, തന്നെ തെരഞ്ഞെടുത്തത് ജനങ്ങൾ: നിലപാട് വ്യക്തമാക്കി കിയർ സ്റ്റാർമർ

May 18, 2026 - 18:24
 0
അങ്ങനെയങ്ങ് രാജിവച്ചൊഴിയില്ല, തന്നെ തെരഞ്ഞെടുത്തത് ജനങ്ങൾ: നിലപാട് വ്യക്തമാക്കി കിയർ സ്റ്റാർമർ

പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മറുടെ രാജിക്കായി മുറവിളി തുടരുന്നതിനിടെ, താന്‍ സ്ഥാനമൊഴിയില്ലെന്ന് വീണ്ടും വ്യക്തമാക്കി സ്റ്റാര്‍മര്‍ തന്നെ രംഗത്ത്. പ്രാദേശിക തെരഞ്ഞെടുപ്പുകളിലെ ലേബര്‍ പാര്‍ട്ടിയുടെ മോശം പ്രകടനത്തിന് പിന്നാലെയാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ സ്റ്റാര്‍മറിന് നേരെ എതിര്‍ സ്വരമുയര്‍ന്നത്. തുടര്‍ന്ന് സര്‍ക്കാരിലെ അഞ്ച് മന്ത്രിമാര്‍ രാജിവയ്ക്കുകയും ചെയ്തിരുന്നു.

എന്നാല്‍ കഴിഞ്ഞ പത്ത് ദിവസങ്ങള്‍ അനാവശ്യമായ കാര്യങ്ങള്‍ക്ക് അമിതശ്രദ്ധ നല്‍കുന്നതായിരുന്നുവെന്ന് പറഞ്ഞ സ്റ്റാര്‍മര്‍, താന്‍ രാജിവയ്ക്കില്ലെന്ന് വീണ്ടും ഊന്നിപ്പറഞ്ഞിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് ശേഷം നോര്‍ത്ത് വെസ്റ്റ് ലണ്ടന്‍ സന്ദര്‍ശനവേളയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തന്നെ ജനങ്ങള്‍ തെരഞ്ഞെടുത്തതാണെന്ന് പറഞ്ഞ സ്റ്റാര്‍മര്‍, ഈ സര്‍ക്കാരിന്റെ കാലശേഷം അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സന്നദ്ധതയും പ്രകടിപ്പിച്ചു.

പ്രധാനമന്ത്രിപദവിയിലുള്ള താങ്കളുടെ കാലം കഴിഞ്ഞോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് 'ഇല്ല, നമുക്കൊരുപാട് കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനുണ്ട്' എന്നായിരുന്നു സ്റ്റാര്‍മറുടെ മറുപടി. ഇക്കഴിഞ്ഞ പ്രാദേശിക തെരഞ്ഞെടുപ്പിലും, സ്‌കോട്‌ലണ്ട്, വെയില്‍സ് തെരഞ്ഞെടുപ്പുകളിലും തിരിച്ചടിയേറ്റതിന്റെ പശ്ചാത്തലത്തില്‍, സ്വാഭാവികമായും മാറ്റങ്ങള്‍ കൊണ്ടുവരിക എന്നതാണ് അടുത്തതായി ചെയ്യാനുള്ളതെന്നും, ശരിയായ ഇടത്താണ് തന്റെ ശ്രദ്ധ എന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലേബര്‍ പാര്‍ട്ടി നേതാവും, ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മേയറുമായ ആന്‍ഡി ബേണ്‍ഹാമാണ് സ്റ്റാര്‍മറുടെ പകരക്കാരനാകാന്‍ രംഗത്തുള്ളത്. എന്നാല്‍ അതിന് ആദ്യം മേക്കര്‍ഫീല്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് അദ്ദേഹം എംപിയാകേണ്ടതുണ്ട്. ലേബര്‍ പാര്‍ട്ടിയിലെ മാറ്റത്തിന് വേണ്ടി തനിക്ക് വോട്ട് ചെയ്യണമെന്നാണ് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ബേണ്‍ഹാം അഭ്യര്‍ത്ഥിക്കുന്നത്.

അതേസമയം മാര്‍ക്ക്ഫീല്‍ഡ് ഉപതെരഞ്ഞെടുപ്പിലേയ്ക്ക് നയിച്ചത് ഇവിടുത്തെ ലേബര്‍ പാര്‍ട്ടി എംപിയായിരുന്ന ജോഷ് സൈമണ്‍സിന്റെ രാജിയായിരുന്നുവെങ്കിലും, ഇത് സ്റ്റാര്‍മറുടെ ലേബര്‍ പാര്‍ട്ടി നേതാവ് എന്ന പദവിക്ക് വെല്ലുവിളി സൃഷ്ടിക്കാന്‍ മനപ്പൂര്‍വ്വം ആന്‍ഡി ബേണ്‍ഹാമിന് അവസരമൊരുക്കലായാണ് വിലയിരുത്തപ്പെടുന്നത്. ഇവിടുത്തെ ഉപതെരഞ്ഞെടുപ്പ് പോരാട്ടം ലേബര്‍ പാര്‍ട്ടിയും, റീഫോം യുകെയും തമ്മിലാകുമെന്നും വിലയിരുത്തപ്പെടുന്നു. ജൂണ്‍ 18-നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക.

Webadmin UK Malayali News editorial team brings the latest UK news, immigration updates, community stories and important information for Malayali readers in the United Kingdom.
ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.