ഇന്ത്യ–യുകെ സ്വതന്ത്ര വ്യാപാര കരാറിൽ വീണ്ടും അനിശ്ചിതത്വം; സ്കോച്ച് വിസ്കി ഇളവുകൾ പുനഃപരിശോധിക്കാൻ ഇന്ത്യ
ലണ്ടൻ : ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറുമായി ബന്ധപ്പെട്ട ചർച്ചകളിൽ വീണ്ടും പ്രതിസന്ധി രൂപപ്പെടുന്നു. സ്റ്റീൽ ക്വാട്ട, തീരുവ എന്നിവയുമായി ബന്ധപ്പെട്ട് ഇന്ത്യ ഉന്നയിച്ച ആശങ്കകൾക്ക് അനുകൂലമായ പരിഹാരം ഉണ്ടായില്ലെങ്കിൽ യുകെയ്ക്ക് നൽകാനിരുന്ന ചില പ്രധാന നികുതി ഇളവുകൾ ഇന്ത്യ പുനഃപരിശോധിച്ചേക്കും. പ്രത്യേകിച്ച് യുകെയിൽ നിന്നുള്ള സ്കോച്ച് വിസ്കി ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾക്ക് നൽകാൻ നിശ്ചയിച്ചിരുന്ന ഇറക്കുമതി തീരുവ ഇളവുകളാണ് ഇന്ത്യ വീണ്ടും പരിശോധിക്കുന്നത്. തർക്കവിഷയങ്ങളിൽ അന്തിമ ധാരണയിലെത്തിയ ശേഷം മാത്രം കരാർ നടപ്പിലാക്കിയാൽ മതിയെന്ന ഉറച്ച നിലപാടിലാണ് ഇന്ത്യൻ ഭരണകൂടം.
കഴിഞ്ഞ വർഷം ഇരുരാജ്യങ്ങളും തമ്മിൽ ഏകദേശ ധാരണയിലെത്തിയ വ്യാപാര കരാറിന് ശേഷം യുകെ ഏകപക്ഷീയമായി നടപ്പിലാക്കിയ ചില പുതിയ നിയന്ത്രണങ്ങളാണ് ഇന്ത്യയെ ചൊടിപ്പിച്ചത്. സ്റ്റീൽ മേഖലയിൽ യുകെ ഏർപ്പെടുത്തിയ പുതിയ നിയന്ത്രണങ്ങളും ഉയർന്ന തീരുവകളും ഇന്ത്യൻ കയറ്റുമതിയെ ദോഷകരമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. യൂറോപ്യൻ യൂണിയനുമായി ബന്ധപ്പെട്ട ചർച്ചകളുടെ വേളയിൽ ഇന്ത്യയുടെ താൽപര്യങ്ങൾ സംരക്ഷിക്കാമെന്ന് യുകെ ഉറപ്പുനൽകിയിരുന്നുവെങ്കിലും ഇപ്പോഴത്തെ സമീപനം അതിന് വിപരീതമാണെന്നാണ് ഇന്ത്യൻ വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. യുകെ ട്രേഡ് സെക്രട്ടറി പീറ്റർ കെയിലും ഇന്ത്യൻ വാണിജ്യ മന്ത്രി പിയൂഷ് ഗോയലും തമ്മിൽ ചൊവ്വാഴ്ച നിർണായക കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ഈ പുതിയ സംഭവവികാസങ്ങൾ.
ഇതിനുപുറമേ യുകെ നടപ്പിലാക്കാനൊരുങ്ങുന്ന കാർബൺ ബോർഡർ അഡ്ജസ്റ്റ്മെന്റ് മെക്കാനിസം എന്ന പരിസ്ഥിതി നികുതി നയത്തിലും ഇന്ത്യ ശക്തമായ വ്യക്തത തേടുന്നുണ്ട്. വരാനിരിക്കുന്ന ജനുവരി മുതൽ പ്രാബല്യത്തിൽ വരുന്ന ഈ പുതിയ നയം ഇന്ത്യൻ ഉൽപ്പന്നങ്ങളെ എങ്ങനെ ബാധിക്കുമെന്ന് മുൻകൂട്ടി വ്യക്തമാക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. ഈ തർക്കങ്ങൾ കാരണം കഴിഞ്ഞ മേയ് മാസത്തിൽ ഒപ്പുവെക്കേണ്ടിയിരുന്ന കരാറാണ് ഇപ്പോൾ അനിശ്ചിതത്വത്തിലായിരിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള 48 ബില്യൺ പൗണ്ടിന്റെ വ്യാപാര പങ്കാളിത്തം ശക്തമാക്കാൻ യുകെ താല്പര്യം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും സ്റ്റീൽ തീരുവയിലും കാർബൺ നയത്തിലും ധാരണയാകാതെ കരാർ മുന്നോട്ട് പോകാൻ സാധ്യതയില്ല.
English Summary:
The India-UK Free Trade Agreement faces renewed uncertainty as India considers revising duty concessions on Scotch whisky over unresolved concerns regarding steel tariffs and the UK carbon tax policy.
