ഇംഗ്ലണ്ടിൽ എൻഎച്ച്എസ് വീണ്ടും പ്രതിസന്ധിയിലേക്ക്? കൺസൾട്ടന്റ് ഡോക്ടർമാർ സമരത്തിന് വോട്ട് ചെയ്തു
കൂടുതൽ ശമ്പളവും കുറഞ്ഞ ജോലി സമയവും ആവശ്യപ്പെട്ട് ഇംഗ്ലണ്ടിലെ കൺസൾട്ടന്റ് ഡോക്ടർമാർ അടുത്ത 12 മാസത്തിനുള്ളിൽ സമരനടപടികൾക്ക് വോട്ട് ചെയ്തു.
ലണ്ടൻ : കൂടുതൽ ശമ്പളവും കുറഞ്ഞ ജോലി സമയവും ആവശ്യപ്പെട്ട് ഇംഗ്ലണ്ടിലെ കൺസൾട്ടന്റ് ഡോക്ടർമാർ അടുത്ത 12 മാസത്തിനുള്ളിൽ സമരനടപടികളിലേക്ക് നീങ്ങാൻ അനുകൂലമായി വോട്ട് രേഖപ്പെടുത്തി. ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ നടത്തിയ വോട്ടെടുപ്പിൽ പങ്കെടുത്ത ഡോക്ടർമാരിൽ 76 ശതമാനം പേരും വ്യവസായിക നടപടികളെ പിന്തുണച്ചു. നിലവിൽ സമര തീയതികൾ പ്രഖ്യാപിച്ചിട്ടില്ലാത്തതിനാൽ, സർക്കാരും ഡോക്ടർമാരുടെ സംഘടനകളും തമ്മിൽ നടത്തുന്ന ചർച്ചകളിലൂടെ സമരം ഒഴിവാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ സമരം നടന്നാൽ നാഷണൽ ഹെൽത്ത് സർവീസിന്റെ പ്രധാന ചികിത്സാ സേവനങ്ങളെയും രോഗി പരിചരണത്തെയും അത് ബാധിക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.
2008–09 കാലഘട്ടത്തിന് ശേഷം തങ്ങളുടെ ശമ്പളത്തിന്റെ യഥാർത്ഥ മൂല്യം ഏകദേശം 25 ശതമാനം കുറഞ്ഞുവെന്നാണ് കൺസൾട്ടന്റ് ഡോക്ടർമാരുടെ പ്രധാന വാദം. എന്നാൽ രാജ്യത്ത് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന വിഭാഗത്തിൽപ്പെടുന്ന ഡോക്ടർമാർ വീണ്ടും സമരത്തിലേക്ക് നീങ്ങുന്നത് ന്യായീകരിക്കാൻ കഴിയില്ലെന്ന് ആരോഗ്യ സെക്രട്ടറി ജെയിംസ് മറെ വ്യക്തമാക്കി. ശരാശരി 152,000 പൗണ്ടിലധികം വരുമാനം ലഭിക്കുന്ന കൺസൾട്ടന്റുമാർക്ക് കഴിഞ്ഞ നാല് വർഷത്തിനിടെ അടിസ്ഥാന തുടക്ക ശമ്പളത്തിൽ 28.5 ശതമാനം വർധനവ് സർക്കാർ നൽകിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ സമര തീരുമാനം രോഗികൾക്കും എൻഎച്ച്എസിനും വലിയ തിരിച്ചടിയാകുമെന്നാണ് സർക്കാരിന്റെ നിലപാട്.
ബഹുവർഷ ശമ്പള കരാർ നടപ്പാക്കുക, രാത്രിയും അവധിദിവസങ്ങളിലുമുള്ള ജോലിക്ക് ഉയർന്ന പ്രതിഫലം ഉറപ്പാക്കുക, ആഴ്ചയിലെ ജോലി സമയം 40 മണിക്കൂറിൽ നിന്ന് 37.5 മണിക്കൂറാക്കി കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഡോക്ടർമാർ മുന്നോട്ട് വയ്ക്കുന്നത്. ബിഎംഎയിലെ ആകെ 35,067 കൺസൾട്ടന്റുമാരിൽ 18,069 പേരാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. നിയമപരമായി ആവശ്യമായ 50 ശതമാനം വോട്ടിങ് എന്ന പരിധി നേരിയ വ്യത്യാസത്തിൽ മറികടന്ന് 51.5 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. പൊതുജനാരോഗ്യ മേഖലയിലെ ഈ പ്രതിസന്ധി പരിഹരിക്കാൻ സർക്കാരും ഡോക്ടർമാരും എത്രയും വേഗം ചർച്ചകളിലേക്ക് മടങ്ങണമെന്ന് ആരോഗ്യ രംഗത്തെ പ്രമുഖർ ആവശ്യപ്പെട്ടു.
English Summary: Consultant doctors in England have voted for possible NHS strikes over pay and working hours, raising fears of fresh disruption to patient care.
