യുകെയിലെ ന്യൂകാസിലിൽ മലയാളി പെൺകുട്ടി നിര്യാതയായി

ലണ്ടൻ: യുകെയിലെ ന്യൂകാസിൽ അപ്പോൺ ടൈനിന് സമീപമുള്ള ബെഡ്‌ലിംഗ്ടണിൽ താമസിക്കുന്ന മലയാളി ദമ്പതികളുടെ മകൾ ജോവാന എൽസ മാത്യു (14) അന്തരിച്ചു. എറണാകുളം ജില്ലയിലെ പിറവം പേപ്പതി ഇല്ലിക്കൽ കുടുംബാംഗങ്ങളായ ഇല്ലിക്കൽ മാത്യു വർഗീസിന്റെയും ജോമോൾ മാത്യുവിന്റെയും മകളാണ് ജോവാന. ലുക്കീമിയ ബാധിച്ച് ചികിത്സയിലായിരുന്ന ജോവാന, ന്യൂകാസിൽ റോയൽ വിക്ടോറിയ ഇൻഫർമറി ആശുപത്രിയിൽ വച്ചാണ് മരണപ്പെട്ടത്.
ബെഡ്‌ലിംഗ്ടൺ സെന്റ് ബെനറ്റ് കാത്തലിക് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയായിരുന്നു ജോവാന. ആറ് വയസ്സുള്ള എറിക് എൽദോ മാത്യുവാണ് സഹോദരൻ. ന്യൂകാസിലിലെ സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സിറിയൻ ചർച്ച് അംഗങ്ങളാണ് ജോവാനയുടെ കുടുംബം. നാട്ടിൽ, പിറവം രാജാധിരാജ സെന്റ് മേരീസ് യാക്കോബായ കത്തീഡ്രൽ ഇടവകാംഗങ്ങളാണ്. ജോവാനയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.