യുകെയിൽ കടുത്ത ചൂട്: വെള്ളിയും ശനിയും താപനില 35 ഡിഗ്രിയിലേക്ക് ഉയർന്നേക്കാം
യുകെയിൽ ഈ വർഷത്തെ മൂന്നാം ഹീറ്റ് വേവ് സ്ഥിരീകരിച്ചു; തെക്കൻ ഇംഗ്ലണ്ടിലെ ചില പ്രദേശങ്ങളിൽ വെള്ളിയും ശനിയും താപനില 35 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം.
ലണ്ടൻ : യുകെ ഈ വർഷത്തെ മൂന്നാമത്തെ ഹീറ്റ് വേവിലേക്ക് കടന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ മെറ്റ് ഓഫീസ് അറിയിച്ചു. തെക്കുകിഴക്കൻ ഇംഗ്ലണ്ടിൽ തുടർച്ചയായി മൂന്ന് ദിവസം 28 ഡിഗ്രി സെൽഷ്യസിന് മുകളിൽ ചൂട് രേഖപ്പെടുത്തിയതോടെയാണ് രാജ്യത്ത് ഔദ്യോഗികമായി ഹീറ്റ് വേവ് സ്ഥിരീകരിച്ചത്. ഈ ആഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താപനില ഇനിയും ഉയരുമെന്നും കൂടുതൽ പ്രദേശങ്ങൾ ഹീറ്റ് വേവ് പരിധിയിലേക്ക് എത്തിയേക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
തെക്കൻ ഇംഗ്ലണ്ടിൽ ചൊവ്വാഴ്ച മുതൽ താപനില ക്രമാതീതമായി ഉയരാനാണ് സാധ്യത. ചൊവ്വാഴ്ച 32 ഡിഗ്രി, ബുധനാഴ്ച 33 ഡിഗ്രി, വ്യാഴാഴ്ച 34 ഡിഗ്രി എന്നിങ്ങനെ ചൂട് ഉയർന്നേക്കാം. വെള്ളിയാഴ്ചയും ശനിയാഴ്ചയും ചിലയിടങ്ങളിൽ താപനില 35 ഡിഗ്രി സെൽഷ്യസ് വരെ എത്തിയേക്കുമെന്നാണ് റിപ്പോർട്ട്. തിങ്കളാഴ്ച തെക്കുപടിഞ്ഞാറൻ ലണ്ടനിലെ ടെഡിങ്ടണിൽ 34 ഡിഗ്രി ചൂട് രേഖപ്പെടുത്തിയിരുന്നു. എങ്കിലും മുൻ മാസങ്ങളിലെ റെക്കോർഡ് ചൂടിലേക്ക് ഇത്തവണ താപനില ഉയരില്ലെന്നാണ് മെറ്റ് ഓഫീസിന്റെ കണക്കുകൂട്ടൽ.
കനത്ത ചൂടിനെ തുടർന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി ഇംഗ്ലണ്ടിലെ വിവിധ പ്രദേശങ്ങളിൽ ഹീറ്റ് ഹെൽത്ത് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ ഇംഗ്ലണ്ടിലും മിഡ്ലാൻഡ്സിലും ബുധനാഴ്ച രാവിലെ മുതൽ ഞായറാഴ്ച രാത്രി വരെ ആംബർ അലർട്ട് നിലവിലുണ്ടാകും. പ്രായമായവർക്കും ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്കും ചൂട് കൂടുതൽ വെല്ലുവിളി ഉയർത്തിയേക്കാം. വടക്കൻ ഇംഗ്ലണ്ടിലും യോർക്‌ഷയറിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആഴ്ചാവസാനത്തോടെ വടക്കൻ മേഖലകളിൽ ഇടിയോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്.
English Summary: The UK has entered its third heatwave of the year, with temperatures expected to reach up to 35C in parts of southern England.
