യുകെ വീണ്ടും യൂറോപ്യൻ യൂണിയനിലേക്കോ? ചർച്ചകൾക്ക് വഴിതുറന്ന് ബേൺഹാം; പിന്തുണച്ച് പകുതിപേരെന്ന് സർവേ
യൂറോപ്യൻ യൂണിയനുമായി അടുത്ത ബന്ധത്തിന് ആൻഡി ബേൺഹാം സാധ്യത തുറന്നതോടെ തിരിച്ചുചേരൽ ചർച്ച സജീവം; തിരിച്ചുചേരാനോ ഹിതപരിശോധനയ്ക്കോ തീരുമാനമില്ല.
ലണ്ടൻ : ബ്രെക്സിറ്റ് ഹിതപരിശോധനയ്ക്ക് പത്തുവർഷം പിന്നിടുമ്പോൾ യൂറോപ്യൻ യൂണിയനുമായുള്ള ബന്ധം പുനഃപരിശോധിക്കാനുള്ള ചർച്ചകൾ യുകെയിൽ വീണ്ടും സജീവമാകുന്നു. നിലവിലെ ബന്ധം ബ്രിട്ടന് പര്യാപ്തമല്ലെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി ആൻഡി ബേൺഹാം, കൂടുതൽ അടുത്ത സഹകരണം മുതൽ പൂർണമായി യൂണിയനിൽ തിരിച്ചുചേരുന്നതുവരെയുള്ള സാധ്യതകൾ പരിഗണിക്കാമെന്ന സൂചന നൽകി. യൂറോപ്യൻ ഉൽപന്നങ്ങൾക്ക് മുൻഗണന നൽകുന്ന ‘മെയ്ഡ് ഇൻ യൂറോപ്പ്’ നടപടികൾ ബ്രിട്ടീഷ് ഉൽപാദനമേഖലയെ ബാധിച്ചേക്കുമെന്ന ആശങ്കയും നീക്കത്തിന് പിന്നിലുണ്ട്. അതേസമയം, തിരിച്ചുചേരാനോ പുതിയ ഹിതപരിശോധന നടത്താനോ തീരുമാനമെടുത്തിട്ടില്ല.
ഈ മാസം പുറത്തുവന്ന, 11,000ത്തിലധികം പേർ പങ്കെടുത്ത അഭിപ്രായ സർവേയിൽ പകുതിപേർ യൂറോപ്യൻ യൂണിയനിൽ വീണ്ടും ചേരുന്നതിനെ പിന്തുണച്ചു. 28 ശതമാനം എതിർത്തപ്പോൾ ശേഷിച്ചവർ നിലപാട് വ്യക്തമാക്കിയില്ല. യൂണിയൻ വിട്ടത് തെറ്റായിരുന്നുവെന്നാണ് ഏകദേശം 60 ശതമാനത്തിന്റെ അഭിപ്രായം. ജൂണിൽ മോർ ഇൻ കോമൺ നടത്തിയ മറ്റൊരു സർവേയുടെ മണ്ഡലംതല വിലയിരുത്തൽപ്രകാരം, ഇപ്പോൾ വീണ്ടും വോട്ടെടുപ്പ് നടന്നാൽ ഗ്രേറ്റ് ബ്രിട്ടനിലെ 632 മണ്ഡലങ്ങളിൽ 11 എണ്ണത്തിൽ മാത്രമായിരിക്കും പുറത്തുനിൽക്കുന്നതിന് ഭൂരിപക്ഷം ലഭിക്കുക. നൈജൽ ഫറാജിന്റെ ക്ലാക്ടൺ മണ്ഡലത്തിലും 52 ശതമാനം തിരിച്ചുചേരുന്നതിനെ പിന്തുണച്ചു. യുവവോട്ടർമാരുടെ വരവും ബ്രെക്സിറ്റിന്റെ ഫലങ്ങളിലുള്ള നിരാശയും ചില മുൻ അനുകൂലികളുടെ നിലപാടുമാറ്റവും പൊതുജനാഭിപ്രായത്തെ സ്വാധീനിച്ചതായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
എന്നാൽ, സർവേയിലെ പിന്തുണ ഭാവിയിലെ ഹിതപരിശോധനയിൽ അതേപടി നിലനിൽക്കുമെന്ന് ഉറപ്പിക്കാനാകില്ലെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ജീവിതച്ചെലവും അവസരക്കുറവും ചൂണ്ടിക്കാട്ടി മുമ്പ് ബ്രെക്സിറ്റിനെ പിന്തുണച്ച പ്രദേശങ്ങളിലും മാറ്റം കാണുന്നുണ്ടെങ്കിലും പഴയ രാഷ്ട്രീയഭിന്നതകൾ വീണ്ടും രൂക്ഷമാകുമെന്ന ആശങ്ക ലേബറിനുള്ളിലുണ്ട്. യൂറോപ്യൻ അനുകൂല വോട്ടർമാരെ ഒരുമിപ്പിക്കാൻ വിഷയം ബേൺഹാമിനെ സഹായിച്ചേക്കാമെങ്കിലും, ശക്തമായ പ്രചാരണത്തിനിടെ ജനങ്ങളുടെ നിലപാട് മാറാമെന്ന് മോർ ഇൻ കോമൺ ഡയറക്ടർ ലൂക്ക് ട്രിൽ ചൂണ്ടിക്കാട്ടി. ഭാവിയിലെ സർക്കാർ തീരുമാനം വീണ്ടും തിരുത്താനുള്ള സാധ്യത യൂറോപ്യൻ യൂണിയനെയും കരുതലോടെ സമീപിക്കാൻ പ്രേരിപ്പിച്ചേക്കാം. ബ്രെക്സിറ്റ് ചർച്ചകൾ മറ്റു പ്രധാന സാമ്പത്തിക–സാമൂഹിക പ്രശ്നങ്ങളെ മറയ്ക്കാതിരിക്കാൻ സർക്കാർ ശ്രദ്ധിക്കണമെന്നും നിരീക്ഷകർ അഭിപ്രായപ്പെട്ടു.
English Summary: Debate over the UK rejoining the EU has revived as Andy Burnham signals openness to closer ties and polling shows growing public support.
