സ്റ്റുഡന്റ് ലോൺ പ്രചാരണം തെറ്റിദ്ധരിപ്പിച്ചു; പരിധി മരവിപ്പിച്ചത് പിൻവലിക്കണമെന്ന് ബ്രിട്ടീഷ് എംപിമാർ
ഇംഗ്ലണ്ടിലും വെയിൽസിലും സ്റ്റുഡന്റ് ലോൺ പ്രചാരണം വിദ്യാർഥികളെ തെറ്റിദ്ധരിപ്പിച്ചെന്ന് എംപിമാർ; തിരിച്ചടവ് പരിധി മരവിപ്പിച്ചത് പിൻവലിക്കണമെന്നും ആവശ്യം.
ലണ്ടൻ : ഇംഗ്ലണ്ടിലും വെയിൽസിലും വിദ്യാർഥികൾക്ക് നൽകിയ സ്റ്റുഡന്റ് ലോൺ വിവരങ്ങളും പ്രചാരണങ്ങളും കടുത്ത രീതിയിൽ തെറ്റിദ്ധരിപ്പിക്കുന്നതായിരുന്നുവെന്ന് ബ്രിട്ടീഷ് പാർലമെന്റിലെ ട്രഷറി സെലക്ട് കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടു. വായ്പയുടെ തിരിച്ചടവ് തുകയെ ഒരു മൊബൈൽ ഫോൺ ബില്ലിന്റെ മാസചെലവിനോട് ഉപമിച്ചുള്ള പ്രചാരണ സ്ലൈഡുകളും, വായ്പാ നിബന്ധനകളിൽ ഭാവിയിൽ മാറ്റം വരുത്താൻ സർക്കാരിന് അധികാരമുണ്ടെന്ന കാര്യം വ്യക്തമാക്കാതിരുന്ന യൂട്യൂബ് വീഡിയോകളും തെറ്റായ വിൽപ്പന രീതിക്ക് സമാനമാണെന്ന് എംപിമാരുടെ സമിതി വിലയിരുത്തി. തുടർച്ചയായി വന്ന സർക്കാരുകൾ യുവാക്കളുടെ മേൽ വലിയ സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.
പ്ലാൻ 2 സ്റ്റുഡന്റ് ലോൺ തിരിച്ചടവ് പരിധി മൂന്ന് വർഷത്തേക്ക് 29,385 പൗണ്ടായി മരവിപ്പിക്കാൻ കഴിഞ്ഞ വർഷം ചാൻസലർ റേച്ചൽ റീവ്സ് തീരുമാനിച്ചതാണ് നിലവിലെ വിവാദങ്ങൾക്ക് കാരണം. 2012 സെപ്റ്റംബർ മുതൽ ഇംഗ്ലണ്ടിലും വെയിൽസിലും പഠനം ആരംഭിച്ച ഭൂരിഭാഗം വിദ്യാർഥികളും ഈ പ്ലാനിന്റെ പരിധിയിലാണ് വരുന്നത്. നിശ്ചയിച്ചിട്ടുള്ള പരിധിക്ക് മുകളിൽ വരുമാനമുള്ള ബിരുദധാരികൾ തങ്ങളുടെ അധിക വരുമാനത്തിന്റെ 9 ശതമാനം തിരിച്ചടയ്ക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ നിലവിലെ ജീവിതച്ചെലവ് വർധിക്കുന്ന സാഹചര്യത്തിൽ പരിധി മരവിപ്പിച്ചത് ശമ്പളവർധനവ് ഉണ്ടായാൽ പോലും യുവാക്കൾക്ക് വലിയ തിരിച്ചടിയാകുമെന്നാണ് ഉയരുന്ന പ്രധാന വിമർശനം.
വായ്പാ നിബന്ധനകളെക്കുറിച്ച് തങ്ങൾക്ക് വ്യക്തമായ ധാരണയില്ലായിരുന്നുവെന്ന് സർവേയിൽ പങ്കെടുത്ത 52,000ത്തിലധികം വിദ്യാർഥികളിൽ പകുതിയിലേറെ പേരും സമ്മതിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ തിരിച്ചടവ് പരിധി മരവിപ്പിച്ച തീരുമാനം അടിയന്തരമായി പിൻവലിക്കാനും വായ്പ നൽകുമ്പോൾ വാഗ്ദാനം ചെയ്ത നിബന്ധനകൾ പാലിക്കാനും സർക്കാരിന് നൈതികമായ ബാധ്യതയുണ്ടെന്ന് സമിതി ആവശ്യപ്പെട്ടു. അതേസമയം, പാർലമെന്ററി കമ്മിറ്റിയുടെ റിപ്പോർട്ട് അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും വിദ്യാർഥി വായ്പാ സംവിധാനം കൂടുതൽ നീതിപൂർണ്ണമാക്കാനുള്ള നടപടികൾ പരിശോധിച്ചുവരികയാണെന്നും സർക്കാർ വക്താക്കൾ പ്രതികരിച്ചു.
English Summary: British MPs say student loan promotion in England and Wales misled students and urged the government to reverse the repayment threshold freeze.
